ദുബൈ: വിഖ്യാത സ്പാനിഷ് ഫുട്ബാളർ ആന്ദ്രേ ഇനിയസ്റ്റ പരിശീലക വേഷത്തിലേക്ക്. കോച്ചായുള്ള അരങ്ങേറ്റത്തിൽ ദുബൈ ആണ് മുൻ ബാഴ്സലോണ താരത്തിന്‍റെ തട്ടകം. യു.എ.ഇയിലെ മുൻനിര ക്ലബായ ഗൾഫ് യുനൈറ്റഡ് എഫ്.സിയുടെ മുഖ്യ പരിശീലകനായി ഇനിയസ്റ്റ കരാറൊപ്പിട്ടു. ഇതിഹാസ താരത്തെ പരിശീലകനായി നിയമിച്ച വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫിഫ ലോകകപ്പ്, യൂറോ ചാമ്പ്യൻഷിപ്പ്, നിരവധി ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് ഇനിയേസ്റ്റ. ലയണൽ മെസ്സിക്കും ചാവി ഹെർണാണ്ടസിനുമൊപ്പം ബാഴ്സയുടെ സുവർണ കാലത്തിലേക്ക് മധ്യനിരയിൽനിന്ന് കരുക്കൾ നീക്കിയ ആന്ദ്രേ, 2010ൽ സ്പെയിൻ വിശ്വകിരീടത്തിൽ മുത്തമിടുമ്പോൾ കലാശക്കളിയിൽ നിർണായകഗോൾ നേടി വിജയശിൽപിയായി.
ദുബൈയിൽ പരിശീലകനായുള്ള വേഷപ്പകർച്ചയിൽ ഇനിയസ്റ്റ ഏതുവിധം തിളങ്ങുമെന്നത് ലോകഫുട്ബാൾ ഇനി ഉറ്റുനോക്കും. യുവാക്കളുടെ വികാസവും കളിക്കാരുടെ ദീർഘകാല വളർച്ചയും ലക്ഷ്യമിട്ടുള്ള ഗൾഫ് യുനൈറ്റഡിന്‍റെ പ്രതിബദ്ധതയാണ് ഈ റോൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘പുതിയ അധ്യായം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗൾഫ് യുനൈറ്റഡ് എഫ്.സിയെന്ന് എനിക്ക് തോന്നുന്നൂ. ഫുട്ബാൾ എനിക്ക് എല്ലാം നൽകി. ഇനി കോച്ചിങ്ങിലൂടെയും, പഠനത്തിലൂടെയും മുന്നോട്ട് പോകാൻ ആഗ്രഹവും കഴിവുമുള്ള യുവതാരങ്ങൾക്കൊപ്പം എല്ലാ ദിവസവും പ്രവർത്തിക്കുന്നതിലൂടെ ഫുട്ബാളിന് എന്തെങ്കിലും തിരിച്ചുനൽകണം’ - 41-കാരനായ ഇനിയസ്റ്റ പറഞ്ഞു. തന്റെ പ്രൊഫഷണൽ കളിജീവിതത്തിലെ അവസാന സീസൺ യു.എ.ഇയിലെ ‘എമിറേറ്റ്സ് ക്ലബ് എഫ്‌സി’ക്കൊപ്പമാണ് അദ്ദേഹം ചെലവഴിച്ചത്, അതിനുശേഷമാണ് അദ്ദേഹം ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
2019ൽ സ്ഥാപിതമായ ഗൾഫ് യുനൈറ്റഡ്, യു.എ.ഇയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഫുട്ബാൾ ക്ലബുകളിലൊന്നാണ്. യു.എ.ഇ ഫസ്റ്റ് ഡിവിഷനിൽ മത്സരിക്കുന്ന ഗൾഫ് യുനൈറ്റഡിനാണ് ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ ടീമുള്ളത്. രാജ്യത്തിന്റെ ഫുട്ബാൾ ചരിത്രത്തിൽ തുടർച്ചയായ സീസണുകളിൽ ലീഗ് കിരീടങ്ങളും പ്രൊമോഷനുകളും നേടുന്ന ആദ്യ ക്ലബായി ഗൾഫ് യുനൈറ്റഡ് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.