വെല്ലിങ്ടൺ: ലോകകപ്പിൽ ഇന്ത്യ പന്തു തട്ടുകയെന്ന സ്വപ്നം നീളുമ്പോഴും ചില സന്തോഷ വാർത്തകളുണ്ട്. 2026 ഫിഫ ലോകകപ്പിനുള്ള ന്യൂസിലൻഡ് സ്ക്വാഡിൽ ഇന്ത്യൻ വംശജനായ വിങ്ങർ സർപ്രീത് സിങ്ങും ഇടംപിടിച്ചു. ഖത്തറിന്റെ സാധ്യത സംഘത്തിൽ മലയാളി തഹ്സിനും മുഹമ്മദും ഇന്ത്യൻ വംശജൻ നിയാൽ മാസനുമുണ്ട്. ഇവർ ഫൈനൽ സ്ക്വാഡിൽ ഇടംപ്രതീക്ഷിച്ചിരിക്കെയാണ് ന്യൂസിലൻഡ് പ്രഖ്യാപിച്ച അന്തിമ ടീമിൽ സർപ്രീതിന്റെ പേര് വരുന്നത്. 2006ൽ റണ്ണറപ്പായ ഫ്രാൻസ് സംഘത്തിലുണ്ടായിരുന്ന വികാസ് റാവു ധോരസൂവാണ് ഒടുവിൽ ലോകകപ്പ് കളിച്ച ഇന്ത്യൻ വംശജൻ.
പഞ്ചാബിലെ ജലന്ധറിൽനിന്നാണ് സർപ്രീതിന്‍റെ മാതാപിതാക്കൾ ന്യൂസിലൻഡിലേക്ക് കുടിയേറിയത്. അമ്മ സരബ്ജിത് സർപ്രീതിനെ ഏഴാം വയസ്സിൽ വിന്നേഴ്സ് വിന്റൺ റുഫർ സോക്കർ അക്കാദമിയിൽ ചേർത്തു. 2015ൽ വെല്ലിങ്ടൺ ഫീനിക്സ് അക്കാദമിയിലെത്തി. പിന്നീട് ന്യൂസിലൻഡ് അണ്ടർ 17 ഓഷ്യാനിയ കപ്പിലും അണ്ടർ 20 ലോകകപ്പിലും ടീമിന്റെ ഭാഗമായി. അണ്ടർ 20 ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ ഒരു ഗോളും നേടി. ടൂർണമെന്‍റിലെ മികച്ച പ്രകടനം 2019ൽ, സർപ്രീതിനെ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിലേക്കുള്ള വഴി തെളിയിച്ചു. വിന്റൺ റുഫറിന് ശേഷം ബുണ്ടസ് ലിഗ ടീമിൽ കളിക്കുന്ന ആദ്യത്തെ ന്യൂസിലൻഡ് കളിക്കാരനായും സർപ്രീത് മാറി.
സെർബിയൻ സൂപ്പർ ലീഗ് ക്ലബായ ടി.എസ്.സിയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ പഴയ തട്ടകമായ വെല്ലിങ്ടൺ ഫീനിക്സിലെത്തിട്ടുണ്ട് 27കാരൻ ഇപ്പോൾ. 2018 മുതൽ ന്യൂസിലൻഡ് ടീമിന്റെ ഭാഗമായ സർപ്രീത് ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരെയാണ് തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയത്. അതേ ടൂർണമെന്റിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് 2-1ന് വിജയിച്ചപ്പോൾ രണ്ട് അസിസ്റ്റുകൾ നൽകിയത് സർപ്രീതായിരുന്നു.
24 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. മൂന്ന് ഗോളും നേടി. ലോകകപ്പിൽ കളിച്ച ഇന്ത്യൻ വംശജരായ കളിക്കാർ അധികമൊന്നുമില്ലെന്ന് തനിക്കറിയാമെന്നും ശരിക്കും അഭിമാനകരമാണെന്നും സർപ്രീത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.