ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്‍റ്; മ്യാന്മറിനെ ഒരു ഗോളിന് വീഴ്ത്തി ഇന്ത്യ

ഇംഫാൽ: ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. മണിപ്പൂരിലെ ഇംഫാൽ ഖുമൻ ലംപാക് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ മ്യാന്മറിനെ ഏക ഗോളിനാണ് തോൽപിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് അനിരുദ്ധ് ഥാപ്പയുടെ (45+1) വകയായിരുന്നു ഗോൾ. മാർച്ച് 28ന് കിർഗിസ്താനെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെയും അവസാനത്തെ‍യും മത്സരം.

ബുധനാഴ്ച വൈകീട്ട് കളി തുടങ്ങി 18ാം മിനിറ്റിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ ബോക്സിൽ ഫൗൾ ചെയ്തെങ്കിലും ഇന്ത്യയുടെ പെനാൽറ്റി അപ്പീൽ നിരാകരിക്കപ്പെട്ടു. 29ാം മിനിറ്റിൽ താൻ പെയ്ങ്ങിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റിയത് ഇന്ത്യക്ക് ആശ്വാസമായി. 32ാം മിനിറ്റിൽ ലീഡ് പിടിക്കാൻ ഇന്ത്യക്ക് സുവർണാവസരം. പ്രതിരോധം പരാജയപ്പെടുത്തി ചാങ്തെ മ്യാന്മർ ബോക്സിൽ ഛേത്രിക്ക് നൽകിയ പന്തിൽ നായകന്റെ ഷോട്ട് പക്ഷേ ദുർബലമായതിനാൽ ഗോൾ കീപ്പർ സറ്റ്നെയിങ് എളുപ്പത്തിൽ കൈക്കലാക്കി.

36ാം മിനിറ്റിൽ മ്യാന്മറിന്റെ ഗോൾശ്രമം. ഗോളി അമരീന്ദർ സിങ് വിരലറ്റം കൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. 42ാം മിനിറ്റിലെ മ്യാന്മർ ഫ്രീകിക്ക് ക്ലിയർ ചെയ്യാൻ ഛേത്രി നടത്തിയ ശ്രമം അമരീന്ദറിന്റെ സന്ദർഭോചിത ഇടപെടലിൽ സെൽഫ് ഗോൾ ദുരന്തമൊഴിവാക്കി. ആദ്യ പകുതി തീരാൻ നേരം ഇന്ത്യ കാത്തിരുന്ന ഗോളെത്തി. മ്യാന്മർ ബോക്സിൽ അവരുടെ ഡിഫൻഡർമാർക്ക് പ്രയാസമുണ്ടാക്കി രാഹുൽ ഭെകെ നൽകിയ ക്രോസ് യഥാസമയം വരുതിയിലാക്കി ക്ലോസ് ഡിസ്റ്റൻസിൽ നിന്ന് പിഴവുകൂടാതെ ഥാപ്പ വലയിലാക്കി.

രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ഇന്ത്യയും സമനില പിടിക്കാൻ മ്യാന്മറും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. 75ാം മിനിറ്റിൽ ഛേത്രി പന്ത് ഗോൾവര കടത്തിയത് ഓഫ് സൈഡിൽ കലാശിച്ചു. തൊട്ടടുത്ത മിനിറ്റിൽ നായകന്റെ പോയന്റ് ബ്ലാങ്ക് ഹെഡ്ഡർ മ്യാന്മർ ഗോളി രക്ഷപ്പെടുത്തി. 87ാം മിനിറ്റിൽ ബോക്സിൽ ഥാപ്പ ഫൗളിന് ഇരയായെങ്കിലും ഇന്ത്യയുടെ പെനാൽറ്റി ആവശ്യം വീണ്ടും നിരസിക്കപ്പെട്ടതോടെ കളി അവസാന മിനിറ്റുകളിലായിരുന്നു.

Tags:    
News Summary - India 1-0 Myanmar in Friendly Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT