ഉയിഗൂർ മുസ്​ലിംകളെ നിരീക്ഷിക്കാൻ വാവെയുടെ സഹായം; ഫ്രഞ്ച്​ താരം ഗ്രീസ്​മാൻ ചൈനീസ്​ കമ്പനിയുമായി കരാർ റദ്ദാക്കി

പാരീസ്​: ചൈനീസ്​ ഭരണകൂടം വേട്ടയാടുന്ന ഉയിഗൂർ മുസ്‌ലിംകളെ നിരീക്ഷിക്കാൻ സഹായിച്ചെന്ന റിപ്പോർട്ടിനെത്തുടർന്ന് വാവെയുമായുള്ള കരാർ അവസാനിപ്പിച്ചതായി ഫ്രഞ്ച്​ ഫുട്​ബാൾ താരം അ​േൻറയിൻ ഗ്രീസ്​മാൻ അറിയിച്ചു. മുഖം തിരിച്ചറിയാനുള്ള സോഫ്​റ്റ്​യർ ഉപയോഗിച്ച്​ ഉയിഗൂർ മുസ്​ലിംകളെ നിരീക്ഷിക്കാൻ വാവെയ്​ സഹകരിക്കുന്നുണ്ടെന്ന ശക്തമായ സംശയത്തെത്തുടർന്ന് കമ്പനിയുമായുള്ള പങ്കാളിത്തം ഉടൻ അവസാനിപ്പിക്കുകയാ​െണന്ന്​ ഗ്രീസ്മാൻ ഇൻസ്​റ്റാഗ്രാം പോസ്​റ്റിൽ പറഞ്ഞു.

'ഈ ആരോപണങ്ങൾ വാവെയ്​ നിഷേധിച്ചാൽ ഞാൻ സന്തുഷ്​ടനാകും. ജനങ്ങളെ അടിച്ചമർത്തുന്നതിനെ അപലപിക്കാൻ അധികൃതർ മുന്നോട്ടുവരണം. ഇതോടൊപ്പം ചൈനീസ്​ കമ്പനി തങ്ങളുടെ സ്വാധീനം മനുഷ്യാവകാശം സംരക്ഷിക്കാൻ ഉപയോഗപ്പെടുത്തുമെന്നും​ ആഗ്രഹിക്കുന്നു' -ഗ്രീസ്​മാൻ കൂട്ടിച്ചേർത്തു.

ഐക്യരാഷ്​ട്രസഭയുടെ കണക്കനുസരിച്ച് പത്ത് ലക്ഷത്തിലധികം ഉയിഗൂർ മുസ്​ലിംകൾ സിൻജിയാങ്​ പ്രവിശ്യയിലെ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്​​. ചൈനയിലെ ഫേഷ്യൽ റെക്കഗ്‌നിഷൻ സോഫ്റ്റ്‌വെയർ പരീക്ഷിക്കുന്നതിൽ വാവെക്ക്​​ പങ്കുണ്ടെന്ന് അമേരിക്കൻ ആസ്ഥാനമായുള്ള നിരീക്ഷണ ഗവേഷണ സ്ഥാപനമായ ഐ.പി.വി.എമ്മാണ്​ ചൊവ്വാഴ്ച റിപ്പോർട്ട്​ പുറത്തുവിട്ടത്​. സോഫ്​റ്റ്​വെയർ വഴി ആളുകളെ കണ്ടെത്തി അറസ്​റ്റ്​ ചെയ്യുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചും ആരോപിച്ചിരുന്നു.

മുഖം തിരിച്ചറിയൽ, ഐറിസ് സ്കാനറുകൾ, ഡി.എൻ.എ ശേഖരണം, കൃത്രിമബുദ്ധി എന്നിവ ഭീകരത തടയാനെന്ന പേരിൽ പ്രവിശ്യയിലുടനീളം നടപ്പാക്കുകയാണെന്നും ആരോപണമുണ്ട്​. ഇതിനാണ് ചൈനീസ്​ കമ്പനിയായ​ വാവെയ്​ അടക്കം സഹായം നൽകുന്നത്​.

2018​ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ അംഗവും ബാഴ്​സലോണ താരവുമായ ഗ്രീസ്മാൻ 2017 മുതലാണ്​ വാവെയ്​ ബ്രാൻഡ് അംബാസഡറാകുന്നത്​. ഇദ്ദേഹം മുമ്പും​ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ മാസം സംഗീത നിർമാതാവിനെ ഫ്രഞ്ച് പൊലീസ്​ മർദിക്കുന്ന വീഡിയോക്കെതിരെ ഗ്രീസ്മാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഗ്രീസ്​മാനെ കൂടാതെ ഉയിഗൂർ മുസ്​ലിംകളുടെ വംശീയ ഉൻമൂലനത്തിനെതിരെ സ്​ഥിരമായി പ്രതികരിക്കുന്ന വ്യക്​തിയാണ്​ മുൻ ജർമൻ ഫുട്​ബൾ താരവും ആഴ്​സനൽ മിഡിൽഫീൽഡറുമായ മെസ്യൂത്​ ഓസിൽ.

ഉയിഗൂർ മുസ്​ലിംകളെ ലക്ഷ്യമിട്ട് നിരവധി തടങ്കൽ പാളയങ്ങളാണ്​ ചൈനീസ് ഭരണകൂടം ഒരുക്കിയിട്ടുള്ളത്​. സിൻജിയാൻ പ്രവിശ്യയിൽ മാത്രം 380 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ, ദൃക്സാക്ഷികളുടെ അഭിമുഖം, മാധ്യമ വാർത്തകൾ, ഔദ്യോഗിക രേഖകൾ എന്നിവ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ നൂറിലധികം തടങ്കൽപാളയങ്ങൾ കണ്ടെത്തിയിരുന്നു. 2019 ജൂലൈക്കും 2020 ജൂലൈക്കും ഇടയിൽ 60 തടങ്കൽപാളയങ്ങളാണ് നിർമിച്ചത്. 14 എണ്ണം നിലവിൽ നിർമാണത്തിലാണ്.

ന്യൂനപക്ഷ വിഭാഗമായ ഉയിഗൂർ മുസ്​ലിംകളെ ഹാൻ എന്നറിയപ്പെടുന്ന ഭൂരിപക്ഷ വംശീയതയിലേക്ക് ചേർക്കാനാണ് ചൈനീസ് കമ്യൂണിസ്​റ്റ്​ പാർട്ടി ശ്രമിക്കുന്നത്. ഇതിനോട് വിമുഖത കാട്ടിയവരെ രണ്ട് പതിറ്റാണ്ടായി ഉരുക്കുമുഷ്​ടി ഉപയോഗിച്ചാണ് ചൈനീസ് ഭരണകൂടം നേരിടുന്നത്. കൂടാതെ, മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കുന്നതിൽനിന്ന് മുസ്​ലിംകളെ സർക്കാർ വിലക്കിയിട്ടുണ്ട്. 2015ൽ സിൻജിയാങ് പ്രദേശത്ത് നിലവിൽ വന്ന ഭീകരവാദ വിരുദ്ധ നിയമവും 2017ലെ തീവ്രവാദ നിയന്ത്രണ നിയമവും ഉയിഗൂറുകളുടെ ജീവിതം കൂടുതൽ നരകതുല്യമാക്കി.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.