ചെൽസിയുടെ വലനിറച്ച് ലിവർപൂളിന്റെ തേരോട്ടം; ജയത്തോടെ സിറ്റി രണ്ടാമത്

ലണ്ടൻ: കഴിഞ്ഞ പത്ത് ദിവസത്തിനിടെ കളിച്ച നാല് കളികളിൽ മാത്രമായി ലിവർപൂൾ അടിച്ചുകൂട്ടിയത് 14 ഗോളുകളാണ്. കാരബാവോ സൂപ്പർ കപ്പ് ഫൈനലിന്റെ 'റിഹേഴ്സലായിരുന്നു' ഇന്ന് പ്രീമിയർ ലീഗിൽ നടന്നത്. ആൻഫീൽഡിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് (4-1) ചെൽസിയെ ലിവർപൂൾ തകർത്തത്. പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ ജയത്തോടെ ബഹുദൂരം മുന്നിലെത്തി.

23ാം മിനിറ്റിൽ പോർച്ചുഗൽ സ്ട്രൈക്കർ ഡീഗോ ജോട്ടയിലൂടെയാണ് ചെമ്പട ആദ്യ ലീഡെടുക്കുന്നത്. 39ാം മിനിറ്റിൽ കോണർ ബ്രാഡ്ലി ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ജോട്ടയെ പെനാൽറ്റി ബോക്സിനകത്ത് വീഴ്ത്തിയതിന് ലിവർപൂളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഡാർവിൻ ന്യൂനസിന്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.

രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ലിവർപൂളിനായി 65ാം മിനിറ്റിൽ ഹംഗേറിയൻ താരം ഡൊമനിക് സോബോസ്ലൈ മൂന്നാം ഗോൾ നേടിയതോടെ ആൻഫീൽഡിൽ ചെമ്പട വിജയാഘോഷം തുടങ്ങി. ബ്രാഡ്ലിയുടെ ക്രോസിൽ തകർപ്പൻ ഹെഡറിലൂടെയാണ് സോബോ വലയിലാക്കിയത്.

71ാം മിനിറ്റിലാണ് ചെൽസിയുടെ ആശ്വാസ ഗോളെത്തുന്നത്(3-1). ഫ്രഞ്ച് അറ്റാക്കിങ് മിഡ് ഫീൽഡർ ക്രിസ്റ്റഫർ നുക്കുൻകുവാണ് ലിവർപൂൾ പ്രതിരോധം മറികടന്ന് ഗോളടിച്ചത്. 79ാം മിനിറ്റിൽ ലൂയിസ് ഡയസും ഗോൾ കണ്ടെത്തിയതോടെ ലിവർപൂൾ ആധികാരിക വിജയം ആഘോഷിച്ചു. 

പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ബേൺമൗത്തിനെ എതിരില്ലാത്ത നാല് ഗോളിനാണ് ലിവർപൂൾ തകർത്തത്. എഫ്.എ കപ്പ് നാലാം റൗണ്ടിൽ നോർവിച്ച് സിറ്റിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ച് ഗോളടി തുടർന്നു. 


മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് (3-1) കീഴടക്കി വീണ്ടും പട്ടികയിൽ രണ്ടാമതെത്തി. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16ാം മിനിറ്റിലും 22ാം മിനിറ്റിലും നേടിയ ഹൂലിയൻ ആൽവരസിന്റെ ഇരട്ടഗോളാണ് സിറ്റിയുടെ ജയം അനായാസമാക്കിയത്. 46ാം മിനിറ്റിൽ റോഡ്രിയും ഗോൾ കണ്ടെത്തിയതോടെ മൂന്ന് ഗോളിന്റെ വ്യക്തമായ ലീഡ് കണ്ടെത്തി(3-0). കളിയുടെ രണ്ടാം പകുതിയിൽ എർലിംഗ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിക്കായി കളത്തിലിറങ്ങിയിരുന്നു. രണ്ടു മാസത്തെ ഇടവേളക്കു ശേഷമാണ് ഹാളണ്ട് കളത്തിൽ ഇറങ്ങുന്നത്. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ അമീൻ ആൽദാഖിലിലൂടെ ബേൺലി ആശ്വാസ ഗോൾ കണ്ടെത്തി. 

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ബ്രെൻഡ്ഫോർഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ടോട്ടൻഹാം കീഴടക്കി.

22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി ലിവർപൂളും 21 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. സിറ്റിയേക്കാൾ ഒരു മത്സരം അധികം കളിച്ച ആഴ്സണൽ 46 പോയിന്റുമായി മൂന്നാം സ്ഥാനത്തും 43 പോയിന്റുമായി ടോട്ടൻഹാം നാലാം സ്ഥാനത്താണ്. ലിവർപൂളിനോട് തോറ്റ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നിൽ 10ാം സ്ഥാനത്താണ്.

Tags:    
News Summary - How Liverpool beat Chelsea 4-1 thanks to Conor Bradley's goal, two assists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.