അറുപത് വർഷത്തെ റെക്കോഡ് തകർത്ത് ഹാരി കെയ്ൻ; ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം

ജർമൻ ബുണ്ടസ് ലിഗയിൽ അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ. ഡാംസ്റ്റാഡ് 98നെതിരെ തകർപ്പൻ ജയം നേടിയ മത്സരത്തിൽ ബയേണിനായി കെയ്ൻ ഒരുതവണ വലകുലുക്കി.

ഇതോടെ ലീഗ് സീസണിൽ താരത്തിന്‍റെ ഗോൾ നേട്ടം 31 ആയി. ബുണ്ടസ് ലിഗയുടെ പ്രഥമ സീസണിൽ (1963-64) ഹാംബർഗിനായി ഉവെ സീലർ നേടിയ 30 ഗോളെന്ന നേട്ടമാണ് കെയ്ൻ മറികടന്നത്. രണ്ടിനെതിരെ അഞ്ചു ഗോളിനായിരുന്നു ബയേണിന്‍റെ ജയം. ജമാൽ മൂസിയാല ഇരട്ടഗോളുമായി (36, 64 മിനിറ്റുകളിൽ) തിളങ്ങി. സെർജ് നാബ്രി (74ാം മിനിറ്റിൽ), മാത്തിസ് ടെൽ (90+3) എന്നിവരും വലകുലുക്കി. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു (45+1) കെയ്നിന്‍റെ ഗോൾ.

ഡാംസ്റ്റാഡിനായി ടിം സ്‌കാർക്ക് (28ാം മിനിറ്റിൽ), ഓസ്‌കാർ വിൽഹെംസൺ (90+ 5) എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ അപരാജിത കുതിപ്പുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ബയേർ ലെവർകുസനുമായുള്ള പോയന്‍റ് വ്യത്യാസം ബയേൺ ഏഴാക്കി കുറച്ചു. ഒന്നാം പകുതിയിൽ ഡാംസ്റ്റാഡ് സന്ദർശകരെ വിറപ്പിച്ചെങ്കിലും രണ്ടാംപകുതിയിൽ ബയേൺ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടെ ഗോൾ പോസ്റ്റിൽ കാല് തട്ടി പരിക്കേറ്റ കെയ്ൻ മൈതാനം വിട്ടത് തിരിച്ചടിയായി.

താരത്തിന്‍റെ പരിക്ക് ഗുരുതരമാണോ എന്നതുമായി ബന്ധപ്പെട്ട് ക്ലബ് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലാണ് ബയേണിന്‍റെ എതിരാളികൾ. ഏപ്രിൽ ഒമ്പതിന് എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ആദ്യപാദ മത്സരം.

Tags:    
News Summary - Harry Kane breaks sensational 60-year-old record in debut Bundesliga season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT