കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ തകർപ്പൻ ഫോം തുടരുന്ന ഗോകുലം കേരള എഫ്.സി വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ആരോസിനെ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് തുരത്തിയാണ് നിലവിലെ ജേതാക്കൾ കൂടിയായ കേരള ടീം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
10 മത്സരങ്ങളിൽ 24 പോയന്റാണ് ഗോകുലത്തിന്. ഒരു മത്സരം കുറച്ച് കളിച്ച മുഹമ്മദൻ സ്പോർട്ടിങ്ങാണ് (22) രണ്ടാം സ്ഥാനത്ത്. സീസണിൽ ഏഴു വിജയങ്ങൾ നേടിയ ഗോകുലം ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ഏക ടീമുമാണ് വിസെൻസോ അനീസെയുടെ സംഘം.
പോയന്റ് പട്ടികയിൽ താഴെത്തട്ടിൽ നിൽക്കുന്ന ആരോസിനെതിരെ ഗോകുലത്തിന്റെ ജയം ആധികാരികമായിരുന്നു. 32 മിനിറ്റിനകം മൂന്നു ഗോളിന് മുന്നിലെത്തിയ ടീം ഇടവേളക്കുശേഷം രണ്ടു ഗോൾ അടിച്ചുകയറ്റി. വിദേശ താരങ്ങളായ അഹ്മദ് വസീം റസീഖ് (10), ശരീഫ് മുഹമ്മദ് (28), ലൂക മയ്സെൻ (32), മലയാളികളായ എം.എസ്. ജിതിൻ (72), താഹിർ സമാൻ (81) എന്നിവരാണ് സ്കോർ ചെയ്തത്.
ജർമനിയിൽ ജനിച്ച ശ്രീലങ്കൻ താരം അഹ്മദ് വസീം റസീഖിന്റെ ഗോകുലം ജഴ്സിയിലെ ആദ്യ മത്സരമായിരുന്നു ഇത്. സുദേവ എഫ്.സിയുമായി 15നാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.