ലോകകപ്പ് യോഗ്യത നേടിയ ഫ്രാൻസ് ടീം അംഗങ്ങൾ
പാരിസ്: മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് യുക്രെയ്നെതിരെ തകർപ്പൻ ജയവുമായി 2026ലെ ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തു. പാർക് ഡെസ് പ്രിൻസസിൽ നടന്ന ഹോം മാച്ചിൽ മറുപടിയില്ലാത്ത നാല് ഗോളിനാണ് ഫ്രഞ്ച് പട എതിരാളികളെ തരിപ്പണമാക്കിയത്. സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഇരട്ടഗോളുമായി തിളങ്ങി. ജയത്തോടെ ഗ്രൂപ് ഡിയിൽ ഫ്രാൻസിന് 13 പോയന്റായി.
ആദ്യ 50 മിനിറ്റുകൾക്ക് ശേഷമായിരുന്നു ഫ്രാൻസ്-യുക്രെയ്ൻ മത്സരത്തിലെ നാല് ഗോളുകളും. പെനാൽറ്റി ഏരിയയിൽ മൈക്കൽ ഒലീസെയെ ഫൗൾ ചെയ്തതിന് 55ാം മിനിറ്റിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ തുടക്കമിട്ടു. 76ാം മിനിറ്റിൽ ഒലീസെയുടെ വക. പിന്നാലെ എംബാപ്പെയുടെ (83) രണ്ടാം ഗോളുമെത്തി. 88ാം മിനിറ്റിൽ ഹ്യൂഗോ എകിടികെ പട്ടിക തികച്ചതോടെ ഫ്രാൻസ് ലോകകപ്പിന്. ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയുമാണ് ഇവരുടെ സമ്പാദ്യം. ഏഴ് വീതം പോയന്റുമായി ഐസ് ലാൻഡും യുക്രെയ്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇരുടീമും തമ്മിൽ ഞായറാഴ്ച നടക്കുന്ന കളിയിലെ വിജയികൾ ഗ്രൂപ്പിൽനിന്നുള്ള രണ്ടാം ടീമായി പ്ലേ ഓഫിലേക്ക് യോഗ്യത നേടും.
കഴിഞ്ഞ രണ്ട് ലോകകപ്പിനും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഇറ്റലി ഇക്കുറി പ്രതീക്ഷയിൽ. ഗ്രൂപ് ഐ മത്സരത്തിൽ മൊൾഡോവയെ അവരുടെ മണ്ണിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു അസൂറികൾ. കളി ഗോൾരഹിത സമനിലയിലേക്ക് നീങ്ങവെ 88ാം മിനിറ്റിൽ ജിയാൻലൂക മാൻസീനിയും ഇൻജുറി ടൈമിൽ ഫ്രാൻസിസ്കോയും (90+2) ഗോളുകൾ നേടി ഇറ്റലിക്ക് ആധികാരിക വിജയം സമ്മാനിച്ചു. ഗ്രൂപ്പിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി നോർവേക്ക് (21) പിന്നിൽ രണ്ടാംസ്ഥാനത്ത് തുടരുകയാണ് ഇറ്റലി (18). നോർവേയും ഇറ്റലിയും തമ്മിൽ ഞായറാഴ്ച നിർണായക മത്സരത്തിൽ ഏറ്റുമുട്ടുന്നുണ്ട്. ഇതിൽ ജയിച്ചാൽ അസൂറിപ്പടക്ക് 21 പോയന്റാവുമെങ്കിലും ഗോൾ വ്യത്യാസത്തിൽ നോർവീജിയൻസിനെ മറികടക്കുക അസാധ്യമാവുമെന്നാണ് കരുതുന്നത്. നോർവേയുടെത് 29ഉം ഇറ്റലിയുടെത് 12ഉം ആണ്. അങ്ങനെയെങ്കിൽ ഇറ്റലിക്ക് വീണ്ടും പ്ലേ ഓഫ് കടമ്പയെ അഭിമുഖീകരിക്കേണ്ടിവരും.
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏഴാം മത്സരവും ജയിച്ച് ഇംഗ്ലണ്ട്. സെർബിയയെ 2-0ത്തിനാണ് തോൽപിച്ചത്. ബുകായോ സാകയും (29) എബ്രേചി എസെയും (90) സ്കോർ ചെയ്തു. ഇതിനകം യോഗ്യത നേടിയ ഇംഗ്ലീഷുകാർക്ക് 21 പോയന്റായി. 14 പോയന്റുമായി സെർബിയയാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.