ഇടനെഞ്ച് പൊട്ടുന്ന വേദനയിൽ അവർ ഏറ്റുവാങ്ങി; തങ്ങളുടെ പ്രിയപ്പെട്ടവന്റെ ജീവനറ്റ ശരീരത്തെ

കരിയർ പാതിവഴിയിൽ നിർത്തി മടങ്ങിയ സൂപർ താരം ക്രിസ്റ്റ്യൻ അറ്റ്സുവിന് അവസാന യാത്രയേകി ജന്മനാട്. തുർക്കി ഭൂകമ്പത്തിൽ കെട്ടിടം തകർന്ന് അടിയിൽ കുടുങ്ങിയ താരത്തിന്റെ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെടുത്തിരുന്നത്. നടപടികൾ പൂർത്തിയാക്കി ഘാനയിലേക്ക് കൊണ്ടുപോയ മൃതദേഹം അക്രയിൽ ഘാന സായുധ സേനയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

ഘാന ദേശീയ ജഴ്സിയിൽ 65 തവണ ഇറങ്ങിയ 31കാരൻ തുർക്കി മുൻനിര ക്ലബായ ഹതായ്സ്​പോറിനു വേണ്ടി ദുരന്തത്തിന് തൊട്ടു തലേദിവസവും ഇറങ്ങി ഗോൾ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണ തുർക്കിയിൽ ടീം വിശ്രമിച്ച കെട്ടിടം ഭൂകമ്പത്തിൽ നിലംപൊത്തിയത്. അടിയിൽ കുടുങ്ങിയ താരത്തെയും ക്ലബ് സ്​പോർട്സ് ഡയറക്ടറെയും പുറത്തെത്തിക്കാൻ ദിവസങ്ങളോളം നടത്തിയ ശ്രമം പരാജയമാകുകയായിരുന്നു.

ഓരോ നാളും പ്രതീക്ഷയോടെ കാത്തിരുന്നുവെന്നും പ്രാർഥനകളേറെ നടത്തിയെന്നും ഘാന വൈസ് പ്രസിഡന്റ് മഹ്മൂദു ബാവുമിയ പറഞ്ഞു. താരത്തിന് അർഹമായ അന്ത്യയാത്രയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി ആറിനാണ് തുർക്കി, സിറിയ രാജ്യങ്ങളെ കൽക്കൂമ്പാരമാക്കി 7.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടാകുന്നത്. അന്താക്യയിൽ ഇവർ താമസിച്ച കെട്ടിടവും പരിസരങ്ങളും പൂർണമായി നിലംപൊത്തി. താരത്തെ പുറത്തെത്തിച്ചെന്ന് തുടക്കത്തിൽ റിപ്പോർട്ടുണ്ടായി​രുന്നെങ്കിലും ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.

തുർക്കിയിലെത്തിയ അറ്റ്സുവിന്റെ കുടുംബവും ഘാന അംബാസഡർ ഫ്രാൻസിസ്ക ഒഡുൻടണും ചേർന്നാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ബന്ധുക്കൾ, സർക്കാർ പ്രതിനിധികൾ, ഘാന ഫുട്ബാൾ അസോ. അംഗങ്ങൾ എന്നിവർ ചേർന്ന് അക്ര വിമാനത്താവളത്തിൽ ഭൗതിക ശരീരം ഏറ്റുവാങ്ങി. സൈനിക ആശുപത്രിയോടു ചേർന്ന ശ്മശാനത്തിലെത്തിച്ചാകും സംസ്കാരം.

ഞായറാഴ്ച അയാക്സ് ആംസ്റ്റർഡാമിനായി കളിക്കുന്ന ഘാന നായകൻ മുഹമ്മദ് ഖുദ്സ് ഗോൾ നേടിയപ്പോൾ താരത്തിന് അന്ത്യാഭിവാദ്യമർപ്പിച്ച് ജഴ്സിയൂരിയത് വാർത്തയായിരുന്നു.

Tags:    
News Summary - Footballer Christian Atsu's body returned to Ghana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT