അൽബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ മാതൃക
ദോഹ: ഖത്തർ ലോകകപ്പിനെത്തുന്നവർക്കായുള്ള ഫിഫ ഫാൻ ഫെസ്റ്റ് ഇനി പുതിയ രൂപത്തിലും ഭാവത്തിലുമാവും. ഖത്തറിൽ പുതിയ ഫാൻ ഫെസ്റ്റിവൽ കൊടിയേറുന്നതോടെ 2006 ലോകകപ്പ് മുതൽ ആരംഭിച്ച ഫിഫ ഫാൻ ഫെസ്റ്റ് ഇനി പഴങ്കഥയാകും. ഭാവിയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ, വനിത ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറുകളിലും പുതിയ രൂപത്തിലായിരിക്കും ഫാൻ ഫെസ്റ്റിവലുകൾ നടക്കുക. ലോകകപ്പിനെത്തുന്നവരെയെല്ലാം ഉൾപ്പെടുത്തി അവരുടെ അഭിരുചിക്കും ഇഷ്ടങ്ങൾക്കുമനുസൃതമായി പുതിയ അനുഭവങ്ങൾ സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഗീതം, കല, വിനോദം, സാംസ്കാരികം, രുചി വൈവിധ്യം, ലൈഫ് സ്റ്റൈൽ ട്രെൻഡുകൾ എന്നിവയെല്ലാം സമന്വയിപ്പിച്ച് തികച്ചും യഥാർഥ ഉത്സവാന്തരീക്ഷമായിരിക്കും ഫാൻ ഫെസ്റ്റിവലിലൂടെ അവതരിപ്പിക്കുക.
ജർമനിയിൽ 2006 ലോകകപ്പിനോടനുബന്ധിച്ച് ആരംഭിച്ച ഫിഫ ഫാൻ ഫെസ്റ്റിൽ നാല് ലോകകപ്പുകളിലായി ഇതിനകംതന്നെ അഞ്ച് ഭൂഖണ്ഡങ്ങളിൽനിന്ന് 40 ദശലക്ഷം ആളുകളാണ് എത്തിയത്. ഇതിന്‍റെ പുതിയ രൂപമാണ് ഖത്തറിൽ ഫിഫ അവതരിപ്പിക്കുന്നത്. ഖത്തറിൽ അരങ്ങേറുന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ, അടുത്ത വർഷം ആസ്ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങളിലായി നടക്കുന്ന വനിത ലോകകപ്പിലെ മുഖ്യ ഇനമാകും. കാൽപന്തുകളിയെ ആഗോളീകരിക്കുക, എല്ലാവർക്കും പ്രവേശനം, എല്ലാവരെയും ഉൾക്കൊള്ളുക തുടങ്ങിയ ഫിഫയുടെ ദൗത്യത്തിന് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായി ഭാവിയിലെ ലോകകപ്പ് ടൂർണമെൻറുകളിൽ ഫാൻ ഫെസ്റ്റിവൽ പുതുമയോടെ അവതരിപ്പിക്കുകയാണെന്ന് ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു.
സ്റ്റേഡിയത്തിനപ്പുറം ഫുട്ബാളിന്‍റെ പുതിയ ആസ്വാദനരീതി അനുഭവിക്കാനുള്ള സുവർണാവസരമാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ. കളിപ്രേമികളെയും പങ്കാളികളെയും ഒരുമിപ്പിക്കാനും ആഗോള ഫുട്ബാൾ സംസ്കാരം വളർത്താനും ഇത് സഹായിക്കുമെന്നും ഇൻഫാൻറിനോ വ്യക്തമാക്കി. അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറും. പശ്ചാത്തലത്തിൽ മനോഹരമായ വെസ്റ്റ് ബേ സ്കൈലൈൻ ഫാൻ ഫെസ്റ്റിവലിനെ മികവുറ്റതാക്കും -സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം, കലാ-സംഗീത-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ-രുചി വൈവിധ്യം അനുഭവിക്കാനുള്ള അവസരമെല്ലാം ഇവിടെ സജ്ജമായിരിക്കും.
ഫിഫ ലോകകപ്പ് ഫുട്ബാളിന്‍റെ പ്രധാന കേന്ദ്രം തന്നെ അൽ ബിദ്ദ പാർക്കിലെ ഫാൻ ഫെസ്റ്റിവലായിരിക്കും. നവംബറിൽ ആരാധകർ ഖത്തറിലെത്തുമ്പോൾ ഊഷ്മളമായ വരവേൽപ്പും കാൽപന്ത് കളിയാവേശവും നിരവധി വിനോദ പരിപാടികളുമായിരിക്കും അവരെ കാത്തിരിക്കുന്നത് -അൽ തവാദി വിശദീകരിച്ചു. അൽബിദ്ദ പാർക്കിൽ 29 ദിവസം നീണ്ടുനിൽക്കുന്ന പ്രഥമ ഫിഫ ഫാൻ ഫെസ്റ്റിവലിന് നവംബർ 20ന് തിരശ്ശീലയുയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.