ദു​ബൈ ഹാ​ർ​ബ​ർ

ഫി​ഫ ഫാ​ൻ ഫെ​സ്റ്റ്​: ആറിൽ ഒന്ന് ദുബൈ

ദുബൈ: ഖത്തർ ലോകകപ്പിന് ആവേശമൊരുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആറ് നഗരങ്ങളിൽ ദുബൈയും. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്ന ഏക ഗൾഫ് നഗരവും ദുബൈയാണ്. ദുബൈ ഹാർബറിലായിരിക്കും ഫാൻ ഫെസ്റ്റ് അരങ്ങേറുക. പതിനായിരക്കണക്കിനാളുകൾക്ക് ഒരേ സമയം കളികാണാൻ കഴിയുന്ന രീതിയിലായിരിക്കും ഫാൻ ഫെസ്റ്റ് സജ്ജീകരിക്കുക. ദോഹ അൽബിദ്ദ പാർക്കിൽ 40,000 പേർക്ക് ഒരേസമയം കളികാണാനുള്ള സൗകര്യമായ ഫിഫ ഫാൻ ഫെസ്റ്റിവൽ മാതൃകയിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ചു രാജ്യങ്ങളിലെ ആറു നഗരങ്ങളിലാണ് ഫാൻ ഫെസ്റ്റിവൽ സജ്ജീകരിക്കുന്നത്.

ദുബൈ ഹാർബറിന് പുറമെ ലണ്ടനിലെ ഔട്ടർനെറ്റ്, മെക്സികോ സിറ്റിയിലെ പ്ലാസ ഡി ലാ റിപ്പബ്ലിക, റിയോ ഡെ ജനീറോയിലെ കോപ കബാന ബീച്ച്, സാവോപോളോയിലെ വാലി ഡൊ അനംഗബോ, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ എന്നിവയാണ് ഫിഫ തിരഞ്ഞെടുത്ത വേദികൾ.ആഗോള സ്പോൺസർമാരിൽ ഒരാളായ ബഡ്വൈസറും ഉപ ബ്രാൻഡുകളായ കൊറോണ, ബ്രഹ്മ എന്നിവരുമായി ചേർന്നാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ദുബൈ ഹാർബറിൽ ലോകകപ്പുകളുടെ ഭാഗമായി ഫാൻ ഫെസ്റ്റിവൽ ഒരുക്കാറുണ്ടെങ്കിലും ആദ്യമായാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. ആതിഥേയ രാജ്യത്തിന് പുറത്ത് ആദ്യമായാണ് ഫിഫ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടത്തുന്നത്. തത്സമയ മത്സരത്തിന് പുറമെ അന്താരാഷ്ട്ര ഡി.ജെ, പ്രദേശിക സംഗീതജ്ഞരുടെ പ്രകടനങ്ങൾ, വ്യത്യസ്തമായ ഭക്ഷണങ്ങൾ, ഇതിഹാസ താരങ്ങളുടെ സാമിപ്യം എന്നിവയും ആസ്വദിക്കാം. നവംബർ 20 മുതൽ 28 വരെ ഉച്ചക്ക് 12 മുതൽ പുലർച്ച മൂന്ന് വരെയായിരിക്കും ഫാൻ ഫെസ്റ്റിവൽ മേഖല തുറക്കകു. നവംബർ 29 മുതൽ ഡിസംബർ 18 വരെ ഉച്ചക്ക് മൂന്ന് മുതൽ പുലർച്ച മൂന്ന് വരെയും പ്രവർത്തിക്കും.

ടിക്കറ്റ് നൽകിയായിരിക്കും പ്രവേശനം. എത്രയാണ് ടിക്കറ്റ് നിരക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. അർജന്‍റീനൻ ഫുട്ബാൾ ടീം യു.എ.ഇയിലേക്ക് കളിക്കാനെത്തുന്നു എന്ന സന്തോഷവാർത്തക്ക് പിന്നാലെയാണ് ഫാൻ ഫെസ്റ്റും എത്തുന്നത്. നവംബർ 16ന് യു.എ.ഇ ദേശീയ ടീമുമായാണ് അർജന്‍റീനയുടെ സൗഹൃദ മത്സരം. ലോകകപ്പിന് തൊട്ടുമുൻപ് നടക്കുന്ന മത്സരമായതിനാൽ മെസ്സി ഉൾപെടെയുള്ള മുൻനിര താരങ്ങൾ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ.

അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റ് വിൽപന തുടങ്ങി. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ ലോകകപ്പ് മത്സരം. യു.എ.ഇയിലെ മത്സര ശേഷം അർജന്‍റീനൻ സംഘം തൊട്ടടുത്ത ദിവസം തന്നെ ഖത്തറിലേക്ക് തിരിക്കും.ലോകകപ്പിന് പടയൊരുക്കുന്ന മെസ്സിയുടെ സംഘത്തിന്‍റെ വരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇ. കേരളത്തിൽ നിന്നുള്ള അർജന്‍റീനൻ ആരാധകർ നിരവധിയുള്ള യു.എ.ഇയിൽ ഇരു ടീമുകൾക്കുമായി ആർപ്പുവിളിക്കാൻ കാണികൾ എത്തും. 27 ദിർഹം മുതൽ 5200 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ticketmaster.ae എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കാം.

Tags:    
News Summary - FIFA Fan Fest: One of the six in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT