ഫിഫ ക്ലബ്ബ് ലോകകപ്പ് ; പ്രീ ക്വാർട്ടറിലെത്തിയെത്തിയത് നാല് ബ്രസീലിയൻ ക്ലബ്ബുകൾ

ഫിഫ ക്ലബ്ബ് ലോക കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത് നാല് ബ്രസീലിയൻ ക്ലബ്ബുകൾ. കോണ്‍മെബോളില്‍ നിന്നും ടൂര്‍ണമെന്റിനെത്തിയ മുഴുവൻ ക്ലബ്ബുകളും റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടി. ഗ്രൂപ്പ് എ യിൽ നിന്നും പാല്‍മീറസ്, ഗ്രൂപ്പ് ബി യിൽ നിന്നും ബൊട്ടാഫോഗോ, ഗ്രൂപ്പ് ഡി യിൽ നിന്നും ഫ്‌ളമെംഗോ, ഗ്രൂപ്പ് എഫ്- ൽ നിന്നും ഫ്‌ളുമിനന്‍സ് എന്നീ ബ്രസീലിയൻ ടീമുകളാണ് അവസാന പതിനാറിൽ ഇടംപിടിച്ചത്.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ഉള്‍പ്പെട്ട ഗ്രൂപ്പ് എ-യില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമായി ചാമ്പ്യന്‍മാരായാണ് പാല്‍മീറസ് പ്രീ ക്വാർട്ടറിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജിയുൾപ്പടെയുള്ളവരെ പരാജയപ്പെടുത്തി ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനക്കാരായാണ് ബൊട്ടാഫോഗോയുടെ പ്രീ ക്വാർട്ടർ പ്രവേശം. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും ടീം വിജയിച്ചിട്ടുണ്ട്. ഒരു കളിയിൽ തോൽവി ഏറ്റുവാങ്ങി. ഗ്രൂപ്പ് ഡി-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ഫ്‌ളമെംഗോ പ്രീ ക്വാർട്ടറ്് ബെർത്തുറപ്പിച്ചത്. ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയെയും ടുണീഷ്യന്‍ ക്ലബ്ബായ ഇ.എസ്. ടുണീസിനെയും പരാജയപ്പെടുത്തിയ ഫ്‌ളമെംഗോ ലോസ് ആഞ്ചലസ് എഫ്.സിയോട് സമനില വഴങ്ങി.ഗ്രൂപ്പ് എഫ്-ല്‍ നിന്നും രണ്ട് സമനിലയും ഒരു ജയവുമായാണ് ഫ്‌ളുമിനന്‍സ് കുതിച്ചത്. ജര്‍മന്‍ സൂപ്പര്‍ ടീം ബൊറൂസിയ ഡോര്‍ട്മുണ്ടിന് കീഴില്‍ രണ്ടാം സ്ഥാനക്കാരായാണ് ഫ്‌ളുമിനന്‍സ് ഫിനിഷ് ചെയ്തത്.

ക്ലബ്ബ് ലോകകപ്പിൽ ബ്രസീല്‍ ടീമുകള്‍ക്ക് ലാറ്റിന്‍ അമേരിക്കന്‍ കരുത്തറിയിക്കാനായെങ്കിൽ കോണ്‍മെബോളില്‍ നിന്നും ക്ലബ്ബ് ലോകകപ്പിനെത്തിയ അര്‍ജന്റീന ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അടിതെറ്റി. സൂപ്പര്‍ ടീമുകളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ഗ്രൂപ്പ് സി-യില്‍ നിന്നും ഒറ്റ ജയം പോലുമില്ലാതെയാണ് ബൊക്ക ജൂനിയേഴ്‌സ് മടക്കം. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ജൂനിയേഴ്‌സിന്‍റെ സമ്പാദ്യം.

ഗ്രൂപ്പ് ഇ-യിലായിരുന്ന റിവര്‍ പ്ലേറ്റിന്റെ സ്ഥാനം മൂന്നാമതായിരുന്നു ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നാല് പോയിന്റാണ് ടീമിനുണ്ടായിരുന്നത്. 

Tags:    
News Summary - FIFA Club World Cup: Four Brazilian clubs reach the pre-quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.