ദോഹ: ലോക ഫുട്ബാളിന്റെ മഹാ മാമാങ്കത്തിന് പന്തുരുളാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോൾ എട്ട് വേദികൾക്കപ്പുറത്ത് പതിനായിരങ്ങൾ തടിച്ച് കൂടുന്ന സുപ്രധാന വേദിയായിരിക്കും അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ. പ്രതിദിനം 40,000ലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിനെ ആവേശഭരിതരാക്കാനെത്തുക സംഗീതലോകത്തെ അഞ്ച് മഹാ പ്രതിഭകളായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ച് കഴിഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധരായ, സംഗീതലോകത്തെ ഉന്നത ബഹുമതികൾ കരസ്ഥമാക്കിയ പ്രതിഭകൾ അൽ ബിദ്ദ പാർക്കിലെ ഫാൻ ഫെസ്റ്റിവലിനെ സംഗീതസാന്ദ്രമാക്കും.നവംബർ 22ന് അമേരിക്കയിൽനിന്നുള്ള ഡിപ്ലോ, നവംബർ 23ന് നൈജീരിയൻ സംഗീതജ്ഞനായ കിസ് ഡാനിയേൽ, നവംബർ 29ന് ഇന്ത്യൻ വംശജയായ ബോളിവുഡ് താരം നൂറ ഫത്തേഹി, ഡിസംബർ ഒന്നിന് ഹയ്യ ഹയ്യ ഗാനമാലപിച്ച് കൂടുതൽ പ്രസിദ്ധിയിലേക്കുയർന്ന ട്രിനിഡാഡ് കാർഡോണ, ഡിസംബർ 10ന് സ്കോട്ലൻഡിൽനിന്നുള്ള കാൽവിൻ ഹാരിസ്, ഡിസംബർ 2ന് ദുബൈ കേന്ദ്രമായുള്ള ഡി.ജെ. അസീൽ എന്നിവരാണ് ഫിഫ സൗണ്ട് ലൈനപ്പിന്റെ ഭാഗമായി ഫാൻ ഫെസ്റ്റിവലിൽ അണിനിരക്കുക.
ലോകകപ്പിനോടനുബന്ധിച്ച് 29 ദിവസം നീണ്ടുനിൽക്കുന്ന ഫാൻ ഫെസ്റ്റിവലിനെ ഈ കലാകാരന്മാർ കൂടുതൽ സമ്പന്നമാക്കും. യഥാർഥ ഉത്സവാന്തരീക്ഷത്തിൽ ഫാൻ ഫെസ്റ്റിവൽ അരങ്ങ് തകർക്കുമ്പോൾ സംഗീതം, വിനോദം, പ്രാദേശിക സംസ്കാരം, ഭക്ഷ്യ-പാനീയങ്ങൾ, ഗെയിമുകൾ തുടങ്ങിയവ അനുഭവിച്ചുകൊണ്ട് തന്നെ ആരാധകർക്ക് ഫുട്ബാളിനെ ആഘോഷിക്കുന്നതിനുള്ള പുതിയ വഴികളാണ് ഫിഫ മുന്നോട്ട് വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.