തൃക്കരിപ്പൂരിൽ സമാപിച്ച യൂത്ത് ഇലവൻസ് ഫുട്ബാളിൽ നിന്ന്
തൃക്കരിപ്പൂർ: സെവൻസ് ഫുട്ബാളിന്റെ തട്ടകങ്ങളിൽ ഔദ്യോഗിക രൂപമായ ഇലവൻസ് ഫുട്ബാളിന് തിരിച്ചുവരവ്. തൃക്കരിപ്പൂർ ആക്മി സുവർണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ടൂർണമെൻറിന് പിന്നാലെ ചെറുപട്ടണങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ മത്സരങ്ങൾക്ക് അരങ്ങൊരുങ്ങുകയാണ്.
കളിയുടെ ഒരു പകുതി പലപ്പോഴും 20 മിനിറ്റിൽ താഴെ മാത്രമായി ചുരുങ്ങിയപ്പോൾ അടുത്തിടെ സെവൻസ് മൈതാനങ്ങൾ വിരസമായി അനുഭവപ്പെട്ടിരുന്നു. പടക്കം പൊട്ടി തീരുന്നതിനോടാണ് കളിപ്രേമികൾ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. കളിക്കാരുടെ കായികശേഷിയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഫുട്ബാൾ അസോസിയേഷൻ ഇതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അംഗീകൃത സെവൻസ് ആയിരുന്നു പിന്നീടുള്ള പോംവഴി. എന്നാൽ, ആക്മി ഒരുപടി കൂടി കടന്ന് ഇലവൻസ് ടൂർണമെന്റ് സംഘടിപ്പിച്ചപ്പോൾ പ്രേക്ഷകരിൽനിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
കായികശേഷി ഏറെ ആവശ്യമായ മത്സരങ്ങളിൽ തൃക്കരിപ്പൂരിെൻറ യുവത നിറഞ്ഞാടിയപ്പോൾ പ്രതിഭകളുടെ മിന്നലാട്ടം കൂടിയാണ് കാണാനായത്. പ്രദേശത്തെ 16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അത്യന്തം ചാരുതയാർന്ന പാസുകളും സ്കില്ലും പ്രകടമായി. 15 ദിവസമായി നടന്നുവന്ന ടൂർണമെൻറ് 200ഓളം യുവകളിക്കാർക്ക് പ്രതിഭ തെളിയിക്കാനുള്ള വേദിയായി. 46 ഗോളുകളാണ് പിറന്നത്.
നാലു ഗോൾ നേടിയ വാസ്ക് വടക്കുമ്പാടിന്റെ പി. ഗൗതം ടോപ് സ്കോററായി. സംസ്ഥാന, യൂനിവേഴ്സിറ്റി താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങി. പ്രായപരിധി 20 ആയി നിശ്ചയിച്ചതും പ്രാദേശിക കളിക്കാർക്ക് മുൻഗണന നൽകിയതും പ്രോത്സാഹനവും ആവേശവുമുണ്ടാക്കി. നാഷനൽ ലെവൽ റഫറിമാരായിരുന്നു കളി നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.