ലണ്ടൻ: 1970ലെ മെക്സികോ ലോകകപ്പിൽ ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സിനെ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ വിഷം കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം ഏറെക്കാലമായുണ്ട്. വെസ്റ്റ് ജർമനിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് ബാങ്ക്സിന് കഠിനമായ ശാരീരിക അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന് കളത്തിലിറങ്ങാനായില്ല.
ഒരുഘട്ടത്തിൽ 2-0ത്തിന് മുന്നിലായിരുന്ന നിലവിലെ ചാമ്പ്യന്മാർ 2-3ന് തോറ്റ് പുറത്തായി. ബ്രസീലാണ് ആ വർഷം കിരീടം നേടിയത്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായി ഇത് നിലനിൽക്കുന്ന സംഭവവികാസങ്ങൾക്ക് ശീതയുദ്ധ രാഷ്ട്രീയവുമായി ബന്ധമുണ്ടെന്നും ഇംഗ്ലണ്ടിനെ തളർത്താൻ അമേരിക്കൻ സി.ഐ.എ ഇടപെട്ടതാണെന്നുമൊക്കെ പിന്നീട് പല വെളിപ്പെടുത്തലുകളും വന്നു. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ച് തയാറാക്കിയ പോഡ്കാസ്റ്റ് വ്യാഴാഴ്ച മുതൽ ലഭ്യമാവും.
ഏഴ് ഭാഗങ്ങളുള്ള ഇൻവെസ്റ്റിഗേറ്റിവ് സീരീസിന് ‘ഫൗൾ പ്ലേ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഗോർഡൻ ബാങ്ക്സിന്റെ ചെറുമകനായ എഡ് ജെർവിസാണ് പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തകനായ ഗബ്രിയേൽ ഗേറ്റ്ഹൗസും ജെർവിസും ചേർന്നാണ് വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത്. 2019ലായിരുന്നു ബാങ്ക്സിന്റെ വിടവാങ്ങൽ. മുത്തച്ഛന്റെ മരണശേഷമാണ് 1970 ലോകകപ്പിലെ വിചിത്രമായ ഭക്ഷ്യവിഷബാധക്ക് സി.ഐ.എ ആയിരിക്കാം എന്ന ഞെട്ടിക്കുന്ന വിവരം അദ്ദേഹം അറിയുന്നത്.
ആദ്യമൊക്കെ ഇതൊരു വെറും കെട്ടുകഥയായി തള്ളിക്കളഞ്ഞ ജെർവിസ് പിന്നീട് ഗേറ്റ്ഹൗസുമായി ചേർന്ന് മൂന്ന് വർഷത്തോളം വിശദമായ അന്വേഷണം നടത്തി. സി.ഐ.എയുടെ രഹസ്യസ്വഭാവം നീക്കിയ രേഖകൾ, മുൻ ഇംഗ്ലണ്ട് താരങ്ങളുടെയും മുൻ ചാരന്മാരുടെയും അഭിമുഖങ്ങൾ എന്നിവ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ശരീരത്തിൽ യാതൊരു ലക്ഷണവും ബാക്കിവെക്കാതെ കഠിനമായ വയറുവേദനയും ഛർദിയും ഉണ്ടാക്കാൻ ശേഷിയുള്ള കൃത്രിമ രാസവസ്തുക്കൾ 1970കളിൽ സി.ഐ.എയുടെ പക്കലുണ്ടായിരുന്നുവെന്ന് അന്നത്തെ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ബാങ്ക്സ് ആത്മകഥയിൽ പറഞ്ഞത് താൻ കുടിച്ച കേടായ ഒരു കുപ്പി ബിയർ ആയിരിക്കാം രോഗത്തിന് കാരണം എന്നാണ്. അന്ന് ഗ്രൂപ് റൗണ്ടിൽ ബ്രസീൽ ഇതിഹാസം പെലെയുടെ ഹെഡ്ഡർ, ബാങ്ക്സ് തടുത്തിട്ടത് ‘സേവ് ഓഫ് ദ സെഞ്ച്വറി’യെന്നാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.