മയാമി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ മകൻ തിയാഗോ മെസ്സിയാണ് ഇപ്പോൾ കായിക ലോകത്തെ ചർച്ചാ വിഷയം. പിതാവിന്‍റെ വഴിയേ മകനും എന്ന വിശേഷണങ്ങളോടെയാണ് തിയാഗോയെ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നത്.
അണ്ടർ-13 എം.എൽ.എസ് കപ്പ് ടൂർണമെന്റിൽ ഇന്റർ മയാമിയുടെ കൗമാരപ്പട അറ്റ്‌ലാന്റ യുനൈറ്റഡിനെ മറുപടിയില്ലാത്ത 12 ഗോളുകൾക്ക് തകർത്തപ്പോൾ അതിൽ 11 ഗോളും നേടിയത് തിയാഗോ മെസ്സിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതാണ് വൈറലായത്. മെസ്സിയുടെയും അന്റോണെല്ല റൊക്കൂസോയുടെയും മൂത്ത പുത്രനായ 12കാരൻ 12ാം മിനിറ്റിൽ തുടങ്ങിയ ഗോൾവേട്ട അവസാനിപ്പിച്ചത് 89ാം മിനിറ്റിൽ. 27, 30, 35, 44, 51, 67, 76, 87 മിനിറ്റുകളിലാണ് മറ്റുഗോളുകൾ വന്നത്.
ഡീഗോ ലൂണയാണ് ടീമിനായി ബാക്കി ഒരു ഗോൾ നേടിയത്. എന്നാൽ, അതൊരു വ്യാജ വാർത്തയായിരുന്നുവെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനും മിയാമി ഹെറാൾഡ് പത്രത്തിന്‍റെ റിപ്പോർട്ടറുമായ മിഷേൽ കോഫ്മാൻ പറയുന്നത്. ഇങ്ങനെയൊരു മത്സരമേ നടന്നിട്ടില്ലെന്നതാണ് വാസ്തവം. ‘ഈ ആഴ്ച മെസ്സിയുടെ മകൻ തിയാഗോ ഇന്റർ മയാമി അക്കാദമിക്കായി 11 ഗോളുകൾ നേടിയിട്ടില്ല. ഇങ്ങനെയൊരു മത്സരം തന്നെ നടന്നിട്ടില്ല. ഏതാനും ആരാധകർ കൃത്രിമമായി നിർമിച്ച വാർത്തയാണിത്, അതാണ് വൈറലായത്’ -മിഷേൽ ട്വിറ്ററിൽ കുറിച്ചു.
മെസ്സി മയാമിയിലേക്ക് കുടിയേറിയതിനു പിന്നാലെ 2023ലാണ് തിയാഗോ ഇന്റർ മയാമി അക്കാദമിയിൽ ചേരുന്നത്. തിയാഗോ അണ്ടർ 13 ടീമിന്‍റെ പ്രധാന താരങ്ങളിലൊരാളാണ്. മെസ്സിയുടെ സഹതാരമായ ലൂയിസ് സുവാരസിന്‍റെ മകൻ ബെഞ്ചമിൻ സുവാരസും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.