മാഞ്ചസ്റ്റർ സിറ്റി തോറ്റാൽ അങ്ങനെ ചെയ്യുമെന്ന് ശരിക്കും അഗ്യൂറോ പറഞ്ഞോ?, പ്രചാരണത്തിലെ സത്യമെന്താണ്...!

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ മാഞ്ചസ്റ്റർ സിറ്റിയെ റയൽ മഡ്രിഡ് കീഴടക്കിയാൽ താൻ വൃഷ്ണം ഛേദിക്കുമെന്ന് സിറ്റിയുടെ മുൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ പറഞ്ഞതായി വാർത്തകൾ നിറയുകയാണ്. റയൽ മഡ്രിഡിന് സിറ്റിയെ കീഴടക്കാനാവില്ലെന്നും അഥവാ അവർ സിറ്റിയെ യോൽപിച്ചാൽ താൻ വൃഷ്ണം ഛേദിക്കുമെന്നും അഗ്യൂറോ പറഞ്ഞതായി സമൂഹ മാധ്യമമായ എക്സിൽ ഒരു ഫാൻ അക്കൗണ്ടിൽനിന്നാണ് പോസ്റ്റ് ചെയ്തത്.

എന്നാൽ, യഥാർഥത്തിൽ അഗ്യൂറോ അത്തരമൊരു ഉദ്ദേശ്യത്തോടെ സംസാരിച്ചിട്ടില്ലെന്ന് ട്രിബ്യൂണ.കോം റിപ്പോർട്ട് ചെയ്യുന്നു. ട്വിച്ച് ടിവി സ്ട്രീമിങ്ങിനിടെയായിരുന്നു അഗ്യൂറോ അത്തരത്തിൽ സംസാരിച്ചത്. ‘​മീ കോർട്ടോ ലാസ് പെലോട്ടാസ്’ എന്നത് സ്പാനിഷ് ശൈലീ പ്രയോഗമാണ്. അത്തരമൊരു അവസ്ഥയുണ്ടായാൽ താൻ വളരെ ദുഃഖിതനായിരിക്കും എന്ന് സൂചിപ്പിക്കാനാണ് ഇങ്ങനെ പറയാറ്.

അഗ്യൂറോ അത്തരമൊരു ‘കടുംകൈ’ക്ക് ഒരിക്കലും ഒരുക്കമല്ലെന്നു തന്നെ അർഥം. പിഴച്ചത് ആ പ്രയോഗം വിവർത്തനം ചെയ്ത ആരാധകനാണ്. 

അതേസമയം, ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 3-2 ന്റെ ജയമാണ് റയൽ നേടിയത്. അന്തിമ വിസിലിന് തൊട്ടുമുൻപ് ജൂഡ് ബെല്ലിങ്ഹാമിന്റെ വിജയഗോളാണ് ത്രില്ലർ പോരിന് വിരാമമിട്ടത്.

സിറ്റിയുടെ സ്വന്തം തട്ടകമായ ഇത്തിഹാദിൽ നടന്ന പോരാട്ടത്തിൽ 2-1 ന് പിന്നിൽ നിന്ന ശേഷമാണ് റയലിന്റെ അവിശ്വസനീയ തിരിച്ചുവരവ്.

സിറ്റിക്ക് വേണ്ടി എർലിങ് ഹാലൻഡ് ഇരട്ടഗോൾ നേടിയിരുന്നു. 19ാം മിനിറ്റിൽ ഹാലൻഡിന്റെ ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തുന്നത്. ക്ലോസ് റേഞ്ചിൽ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഗോളുതിർത്തു.

രണ്ടാം പകുതിയിൽ 60ാം മിനിറ്റിലാണ് റയൽ ഗോൾ തിരിച്ചടിക്കുന്നത്. അസാധാരണ ഫിനിഷിങിലൂടെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയാണ് ഒപ്പമെത്തിച്ചത്(1-1).

80ാം മിനിറ്റിൽ ഹാലൻഡ് നേടിയ പെനാൽറ്റിയിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി (2-1). ഫിൽ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹാലൻഡ് പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 86ാം മിനിറ്റിൽ ബ്രാംഹിം ഡയസിലൂടെ വീണ്ടും ഒപ്പമെത്തി റയൽ (2-2).

സമനിലയിലേക്കെന്ന് തോന്നിച്ച പോരാട്ടം അവസാന മിനിറ്റുകളിലേക്ക് നീങ്ങവേ സിറ്റിയുടെ അന്തകനായി ബെല്ലിങ്ഹാം അവതരിച്ചു.

മൂന്ന് മിനിറ്റ് മാത്രമുണ്ടായിരുന്ന ഇഞ്ചുറി ടൈമിൽ 92ാം മിനിറ്റിൽ സിറ്റിയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂനിയർ ബോക്സിന് മുന്നിലേക്ക് നീട്ടി നൽകിയ പന്ത് ബെല്ലിങ്ഹാം അനായാസം വലയിലാക്കി(3-2). രണ്ടാം പാദ മത്സരം ഈ മാസം 19 ന് റയലിന്റെ തട്ടകമായ സാൻഡിയാഗോ ബർണബ്യൂവിൽ നടക്കും.

Tags:    
News Summary - Did Aguero really say he would do that if Manchester City lost? What is the truth in the campaign...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.