ലണ്ടൻ: ലീഗ് മത്സരത്തിന്റെ മുറുക്കത്തിനിടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പരിക്കേറ്റ് വീഴുക. ഒരു മിനിറ്റ് പോലും തുടർന്ന് കളിക്കാനാവാത്ത പരിക്ക് കാരണം അയാൾ കളം വിടാൻ നിർബന്ധിതനാവുന്നു. പകരക്കാരുടെ ബെഞ്ചിൽനിന്ന് ഗ്ലൗ അണിയാൻ ആരുമില്ലാത്ത അവസ്ഥയും കൂടിയായാൽ ഏത് കോച്ചും പതറും. അത്തരമൊരു സാഹചര്യമായിരുന്നു ഇംഗ്ലീഷ് ഫുട്ബാൾലീഗ് രണ്ട് ക്ലബ് ട്രാൻമിയർ റോവേഴ്സിന്.
കളി മുറുകുന്നതിനിടെയാണ് ഗോൾകീപ്പർ ഹാരിസൺ മെയ്ൽ പരിക്കു പറ്റി പുറത്താവുന്നത്. ഡഗ് ഔട്ടിലേക്ക് നോക്കിയ കോച്ചിന് മുന്നിൽ ഗ്ലൗസ് അണിയാൻ സന്നദ്ധരായി ആരുമില്ല. റിസർവ് ഗോളി നേരത്തേതന്നെ പരിക്കിന്റെ പിടിയിലായിരുന്നു. കളി തീരാൻ 45 മിനിറ്റിലേറെ സമയം ബാക്കിനിൽക്കെ ഗോൾ വല ശൂന്യമായെന്നുറപ്പിച്ച സമയം.
അപ്പോഴാണ് ടീമിന്റെ രക്ഷകനായി പ്രതിരോധ നിരയിലെ യുവതാരം കോച്ചിന്റെ ആശങ്കകൾ തീർത്തുകൊണ്ട് മുന്നോട്ട് വരുന്നത്. 22കാരനായ ബോബി ഫോക്നർ. ഗോളി ഹാരിസൺ ഉപേക്ഷിച്ച ഗ്ലൗസ് കൈയിലേക്ക് വലിച്ചുകയറ്റി, ഇരുകൈകളും പരസ്പരം അടിച്ച് വാം അപ് ചെയ്ത് നേരെ വലക്കു കീഴിലേക്ക്. സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടി ടീമിന്റെ സെന്റർ ബാക്കായി പ്രതിരോധമതിൽ തീർത്ത താരം ഒരു മുൻപരിചയവുമില്ലാതെ ഗോൾകീപ്പറുടെ വേഷത്തിൽ. അപ്പോൾ ടീം ഒരു ഗോളിന് പിന്നിലായിരുന്നു.
എതിരാളികൾ ലീഡുയർത്താനൊരുങ്ങിയിറങ്ങിയപ്പോൾ, ഗോൾ കീപ്പർ കുപ്പായത്തിൽ ബോബി നിറഞ്ഞാടുന്നതാണ് പിന്നീട് കണ്ടത്. ഇടതും വലതും വിങ്ങിലൂടെ പോർട് വെയ്ൽ താരങ്ങൾ തൊടുത്ത ഷോട്ടുകൾക്കു മേൽ ചാടിവീണ് ബോബി ഒന്നാം നമ്പറിനേക്കാൾ മികച്ച ഗോളിയായി. ഇതിനിടെ, ഒരു ഗോൾ തിരിച്ചടിച്ച ട്രാൻമിയർ കളി സമനിലയിലുമാക്കി. 50 മിനിറ്റിലേറെ ഗോൾ വലകാത്ത്, ക്ലീൻ ഷീറ്റുമായി കളം വിട്ട ബോബിയെ ഗാലറിയിലെ ആരാധകർ ഒന്നടങ്കം ആരവങ്ങൾ മുഴക്കിയാണ് വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.