ലണ്ടൻ: കോച്ച് മാറിയിട്ടും ചെൽസിയുടെ വിധിയിൽ മാറ്റമില്ല. മുൻ താരവും കോച്ചുമായ ഫ്രാങ്ക് ലാംപാർഡ് പരിശീലകനായെത്തിയിട്ടും ടീമിന്റെ പ്രകടനം താഴോട്ടുതന്നെ. പോയന്റ് പട്ടികയിൽ തങ്ങളെക്കാൾ താഴെയുള്ള വോൾവ്സിനോടാണ് ഇത്തവണ ചെൽസി 1-0ത്തിന് തോറ്റത്. 31ാം മിനിറ്റിൽ മത്തേയൂസ് ന്യൂനെസ് ആണ് ഗോൾ നേടിയത്. 39 പോയന്റുമായി 11ാം സ്ഥാനത്താണ് ചെൽസി. 31 പോയന്റുള്ള വോൾവ്സ് 12ാമതും.
മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ന്യൂകാസിൽ യുനൈറ്റഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ ടീമുകൾ ജയംകണ്ടു. ന്യൂകാസിൽ 2-1ന് ബ്രെന്റ്ഫോഡിനെയും മാഞ്ചസ്റ്റർ 2-0ത്തിന് എവർട്ടണിനെയും ടോട്ടൻഹാം 2-1ന് ബ്രൈറ്റണിനെയുമാണ് തോൽപിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഐവാൻ ടോണിയുടെ ഗോളിൽ ലീഡെടുത്ത ബ്രെന്റ്ഫോഡിനെ ഡേവിഡ് റയയുടെ സെൽഫ് ഗോളിലും (54) അലക്സാണ്ടർ ഐസകിന്റെ ഗോളിലും (61) ആണ് ന്യൂകാസിൽ മറികടന്നത്.
എവർട്ടണിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിനായി സ്കോട്ട് മക്ടോമിനെ (36), പരിക്കുമാറിയെത്തിയ പകരക്കാരൻ ആന്റണി മാർസ്യൽ (71) എന്നിവർ സ്കോർ ചെയ്തു. ടോട്ടൻഹാമിനായി ഹ്യൂങ് മിൻ സണും (10) ഹാരി കെയ്നുമാണ് (79) ഗോൾ നേടിയത്. ലൂയിസ് ഡങ്കിന്റെ വകയായിരുന്നു ബ്രൈറ്റണിന്റെ ഗോൾ. ന്യൂകാസിലിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും 56 വീതവും ടോട്ടൻഹാമിന് 53ഉം പോയന്റാണുള്ളത്.
ആസ്റ്റൺ വില്ല, വെസ്റ്റ്ഹാം, ബോൺമൗത്ത് ടീമുകളും ജയം കണ്ടു. ആസ്റ്റൺ വില്ല 2-0ത്തിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയും വെസ്റ്റ്ഹാം 1-0ത്തിന് ഫുൾഹാമിനെയും ബോൺമൗത്ത് 1-0ത്തിന് ലെസ്റ്റർ സിറ്റിയെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.