സൂപ്പർ കപ്പുമായി റയൽ മഡ്രിഡ് താരങ്ങൾ

വീണ്ടും ബെൻസേമ; ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരായി റയൽ

ഹെൽസിങ്കി: ചാമ്പ്യന്മാർ നേർക്കുനേർ അടരാടിയ സൂപ്പർ പോരാട്ടത്തിലും റയൽ മഡ്രിഡിന്റെ വിജയഭേരി. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യുവേഫ കപ്പ് ജേതാക്കളും മാറ്റുരക്കുന്ന യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ ജർമൻ ക്ലബായ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മഡ്രിഡുകാരുടെ ആധികാരിക ജയം. ഡേവിഡ് അലാബയും പ്രായം തളർത്താത്ത കരുത്തുമായി റയലിന്റെ മുന്നണിയിൽ ​തേരുതെളിക്കുന്ന പടനായകൻ കരീം ബെൻസേമയും നേടിയ ഗോളുകളാണ് സീസണിന്റെ തുടക്കത്തിൽതന്നെ ക്ലബി​ന്റെ ഷോക്കേസിലേക്ക് മിന്നുന്ന കിരീടനേട്ടമെത്തിച്ചത്. അഞ്ചാം തവണയാണ് സൂപ്പർകപ്പിൽ റയലിന്റെ വിജയമുത്തം.

മേയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ മലർത്തിയടിച്ച അതേ ​േപ്ലയിങ് ഇലവനെയാണ് സൂപ്പർ കപ്പ് മത്സരത്തിനായി ഹെൽസിങ്കി ഒളിമ്പിക് സ്റ്റേഡിയത്തിലും റയൽ കോച്ച് കാർലോ ആഞ്ചലോട്ടി അണിനിരത്തിയത്. ആ നീക്കം തുടക്കത്തിലേ മത്സരത്തിൽ പിടിമുറുക്കാൻ റയലിന് കരുത്തുനൽകി.


തുല്യശക്തികളുടെ പോരാട്ടം കണ്ട കളിയിൽ ആദ്യപകുതിയിൽ ​ഫ്രാങ്ക്ഫർട്ട് ഏറെ അപകടകരമായ നീക്കങ്ങളുമായി റയലിനെ ആധിയിലാഴ്ത്തിയിരുന്നു. എന്നാൽ, കളിക്കാരുടെ പരിചയ സമ്പത്തും വ്യക്തിഗത മികവും അതിനെ അതിജീവിക്കാൻ മഡ്രിഡുകാർക്ക് തുണയായി. 14-ാം മിനിറ്റിൽ ഡെയ്ച്ചി കമാഡയുടെ ഗോളെന്നുറച്ച തകർപ്പൻ നീക്കം അതിശയകരമായി മുനയൊടിച്ച ഗോളി തിബോ കൂർട്ടോയിസും മത്സരത്തിൽ പലതവണ റയലിന്റെ രക്ഷക്കെത്തി.

നന്നായി ഒത്തിണങ്ങിക്കളിച്ച ബെൻസേമയും ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറുമാണ് ജർമൻ ക്ലബിന് കൂടുതൽ ആശങ്ക സൃഷ്ടിച്ചത്. ബെൻസേമയുടെ ഒന്നാന്തരം പാസിൽ വിനീഷ്യസിന്റെ ശ്രമം ഗോളെന്ന് ഉറപ്പിച്ചുനിൽക്കെ ടൂട്ട ഗോൾലൈനിൽനിന്നാണ് വഴിമാറ്റിവിട്ടത്. കളിയിൽ മഡ്രിഡ് പന്തുകൈവശം വെക്കുമ്പോഴും മൂർച്ചയേറിയ കൗണ്ടർ അറ്റാക്കിങ്ങിലൂടെയായിരുന്നു ഫ്രാങ്ക്ഫർട്ടിന്റെ മറുപടിക​ളേറെയും.


37-ാം മിനിറ്റിലാണ് റയൽ കാത്തിരുന്ന ഗോളെത്തിയത്. കോർണർകിക്കിൽ ഫ്രാങ്ക്ഫർട്ട് ഡിഫൻസിന്റെ അമാന്തം മുതലെടുത്തായിരുന്നു ഗോൾ. ബെൻസേമയുടെ ഹെഡർ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ പന്തെത്തിയത് കാസിമിറോക്ക്. ബ്രസീലിയൻ താരത്തിന്റെ പാസ് ക്ലോസ്റേഞ്ചിൽനിന്ന് ആളില്ലാ വലയിലേക്ക് തട്ടിയിടാനുള്ള ജോലിയേ അലാബക്കുണ്ടായിരുന്നുള്ളൂ.

രണ്ടാം പകുതിയിൽ മഡ്രിഡ് കൂടുതൽ ആക്രമിച്ചുകളിച്ചു. വിനീഷ്യസിന്റെ ഷോട്ട് ഗോളി ട്രാപ് ഗതിമാറ്റിവിട്ടതിനു പിന്നാലെ 61-ാം മിനിറ്റിൽ കാസെമിറോയുടെ ഗോളെന്നുറച്ച ഇടങ്കാലൻ ഷോട്ട് ക്രോസ്ബാറിനെ ​പ്രകമ്പനം കൊള്ളിച്ച് വഴിതെറ്റിപ്പറന്നു. ഒടുവിൽ 65-ാം മിനിറ്റിൽ വിനീഷ്യസുമൊത്തുള്ള നീക്കത്തിനൊടുവിൽ ബെൻസേമ വല കുലുക്കിയതോടെ ജർമൻകാരുടെ തിരിച്ചുവരവ് മോഹങ്ങൾ അസ്തമിച്ചു. ഇടതുവിങ്ങിൽനിന്ന് പന്തു​മായി കടന്നുകയറി വിനീഷ്യസ് നൽകിയ പാസ് ട്രാപ്പി​ന് പിടികൊടുക്കാതെ ഫ്രഞ്ചുതാരം വലയിലെത്തിക്കുകയായിരുന്നു.


ഇതോടെ റയൽ മഡ്രിഡിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതി ബെൻസേമക്ക് സ്വന്തമായി. 324 ഗോളുകൾ നേടിയ ബെൻസേമ സ്പാനിഷ് സ്​ട്രൈക്കർ റൗളിനെയാണ് പിന്നിലാക്കിയത്. 450 ഗോളുകൾ സ്കോർ ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് റയലിനായി ഏറ്റവും കൂടുതൽ നേടിയത്.

Tags:    
News Summary - David Alaba and Karim Benzema fire Real Madrid to Super Cup glory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT