ന്യൂകാസിലിനെതിരെ ഗോൾ നേടിയ ഡാർവിൻ നൂനെസിന്റെ ആഹ്ലാദം

അവിശ്വസനീയം! തോൽവിയിൽനിന്ന് ലിവർപൂളിനെ വിജയത്തിലേക്ക് എടുത്തുയർത്തി നൂനെസ്...

ലണ്ടൻ: എവേ മത്സരം. എതിരാളികൾ കരുത്തർ. ഒരു ഗോളിന് പിന്നിൽ. കളത്തിൽ പത്തുപേർ മാത്രം. എല്ലാംകൊണ്ടും മത്സരം തോറ്റുവെന്ന് ഏറക്കുറെ ഉറപ്പിച്ചതായിരുന്നു ലിവർപൂൾ. എന്നാൽ, അവസാന പത്തുമിനിറ്റിൽ ഡാർവിൻ നൂനെസി​ന്റെ എണ്ണംപറഞ്ഞ ഇരട്ടഗോളുകൾ. പരാജയ ഭീതിയെ ഗോൾവര കടത്തി ലിവർപൂൾ പിടിച്ചെടു​ത്തത് അത്യാവേശകരമായ ഗംഭീര ജയം. ന്യൂകാസിൽ യുനൈറ്റഡിനെതിരെ 2-1നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ പത്തുപേരുമായിക്കളിച്ച് ലിവർപൂൾ ജയം പിടിച്ചെടുത്തത്.

മത്സരത്തി​ന്റെ 25-ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ ആർനോൾഡിന്റെ പിഴവ് മുതലെടുത്ത് ആന്റണി ഗോൾഡനാണ് ന്യൂകാസിലിനെ മുന്നിലെത്തിച്ചത്. മുഹമ്മദ് സലാഹിന്റെ ബാക്പാസ് ആർനോൾഡിന് നിയന്ത്രണത്തിലാക്കാൻ കഴിയാതെ പോവുകയായിരുന്നു. ഈ തിരിച്ചടിയിൽ അന്തിച്ചുനിൽക്കവേ, 28-ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈകിനെയും ലിവർപൂളിന് നഷ്ടമായി. ഗോളിലേക്ക് മുന്നേറുകയായിരുന്ന ന്യൂകാസിലിന്റെ സ്വീഡിഷ് ഫോർവേഡ് അലക്സാണ്ടർ ഐസകിനെ ബോക്സിന് തൊട്ടുപുറത്തുവെച്ച് ഫൗൾ ചെയ്തതിന് വാൻ ഡൈക് ചുകപ്പുകാർഡ് കണ്ട് പുറത്തുപോവുകയായിരുന്നു.

ആദ്യപകുതിയിൽ ന്യൂകാസിൽ ലീഡുയർത്തിയെന്ന് ഉറപ്പിച്ചതായിരുന്നു. മിഗ്വൽ ആൽമിറോണിന്റെ പവർഫുൾ ഷോട്ടിനെ ലിവർപൂൾ ഗോളി അലിസൺ തട്ടിമാറ്റിയത് പോസ്റ്റിലുരുമ്മിയാണ് പുറത്തേക്ക് നീങ്ങിയത്. ഏതു നിമിഷവും ന്യൂകാസിൽ ഗോൾ നേടുമെന്ന ആശങ്കകളെ തടഞ്ഞുനിർത്തിയ ചെങ്കുപ്പായക്കാർ എല്ലാം അവസാന ഘട്ടത്തിലേക്ക് കാത്തുവെക്കുകയായിരുന്നു. അന്തിമ വേളകളിൽ ആഞ്ഞുകയറിയ ലിവർപൂളിന് ആശ്വാസമായി ആദ്യഗോൾ പിറന്നത് 81-ാം മിനിറ്റിൽ. എതിർ ഡിഫൻഡറെ കബളിപ്പിച്ച് പന്തുമായിക്കുതിച്ച നൂനെസ് ന്യൂകാസിൽ ഗോളി നിക്ക് പോപിന് പിടികൊടുക്കാതെ നിലംപറ്റെ ഷോട്ടുതിർക്കുകയായിരുന്നു. 93-ാം മിനിറ്റിൽ സലാഹിന്റെ ഒന്നാന്തരമൊരു പാസ് പിടിച്ചെടുത്ത് കുതിച്ച ഉറുഗ്വെ സ്ട്രൈക്കറുടെ വക വീണ്ടും താഴ്ന്നുപറന്നൊരു ഷോട്ട്. ലിവർപൂൾ അവിശ്വസനീയമായി വിജയത്തിന്റെ ഉയരങ്ങളിലേക്ക് എടുത്തുയർത്തപ്പെടുകയായിരുന്നു.

ഞായറാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് ഷെഫീൽഡ് യുനൈറ്റഡിനെ തോൽപിച്ചു. എർലിങ് ഹാലാൻഡിന്റെ ബുള്ളറ്റ് ഹെഡറിൽ 63-ാം മിനിറ്റിൽ മുന്നിലെത്തിയ സിറ്റിക്കെതിരെ ഒന്നാന്തരം കളി കെട്ടഴിച്ച ഷെഫീൽഡ് 85-ാം മിനിറ്റിൽ ജെയ്ഡൻ ബോഗിളിന്റെ ഗോളിൽ ഒപ്പമെത്തിയിരുന്നു. എന്നാൽ, 88-ാം മിനിറ്റിൽ ചാട്ടുളി കണക്കേ റോഡ്രി തൊടുത്ത ഷോട്ട് ഷെഫീൽഡിന്റെ വലയിലേക്ക് പാഞ്ഞുകയറിയപ്പോൾ സിറ്റിക്ക് വിലപ്പെട്ട മൂന്നു പോയന്റ് സ്വന്തമാവുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല 3-1ന് ബേൺലിയെ കീഴടക്കി.

മൂന്നു കളികളും ജയിച്ച് ഒമ്പതു പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. മൂന്നു കളികളിൽ രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയന്റുമായി വെസ്റ്റ് ഹാം, ടോട്ടനാം, ലിവർപൂൾ, ആഴ്സനൽ ടീമുകൾ രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുണ്ട്. 

Tags:    
News Summary - Darwin Nunez struck two late goals to give a dramatic victory for Liverpool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.