ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനൽ
ദോഹ: ലോകകപ്പിനെത്തുന്ന കാണികൾക്ക് ആഡംബര താമസമൊരുക്കുന്ന കടൽകൊട്ടാരങ്ങളെ വരവേൽക്കാനൊരുങ്ങി ഓൾഡ് ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനൽ. ലോകകപ്പ് കാണികൾക്കുള്ള ക്രൂസ് കപ്പലുകൾ നങ്കൂരമിടുന്ന ദോഹ തീരം വരുംദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. ടെർമിനലിലെ ആദ്യ അതിഥിയായി എം.എസ്.സി വേൾഡ് യൂറോപ ക്രൂസ് കപ്പൽ നവംബർ 10ന് നങ്കൂരമിടും. ലോകകപ്പിനായി എത്തുന്ന ആദ്യ കപ്പൽ കൂടിയാണ് എം.എസ്.സി വേൾഡ് യൂറോപ. ഒരാഴ്ച മുമ്പ് ഫ്രാൻസിലെ ഷിപ്‍യാർഡിൽനിന്നു നിർമാണം പൂർത്തിയാക്കി കടലിലിറങ്ങിയ കപ്പൽ, ദോഹയിലേക്കുള്ള യാത്രയിലാണിപ്പോൾ.
ഫോബ്സ് പട്ടികയിൽ ലോകത്തെ ഏറ്റവും മനോഹരമായ ക്രൂസ് ടെർമിനൽ എന്ന് വിശേഷണം ലഭിച്ച ദോഹ പോർട്ട് ഗ്രാൻഡ് ക്രൂസ് ടെർമിനൽ ലോകകപ്പ് വേളയിൽ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷകകേന്ദ്രവുമാവും. ഒരേ സമയം രണ്ടു കൂറ്റൻ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യത്തോടെയാണ് ടെർമിനൽ തയാറാക്കിയത്.
അക്വേറിയം, ആർട്ട് ഗാലറി എന്നിവയുമുണ്ട്. അറബ് സാംസ്കാരിക പൈതൃകവും വാസ്തുവിദ്യയും ചേർത്ത നിർമാണത്തോടെയാണ് ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്. ഖത്തറിന്റെയും കടൽ ജീവിതത്തിന്റെയും പാരമ്പര്യവും നിർമാണത്തിലുണ്ട്. ഖത്തർ ടൂറിസത്തിന്റെ കണക്കുകൾപ്രകാരം പ്രതിവർഷം മൂന്നു ലക്ഷം പേരെ ആകർഷിക്കാൻ ടെർമിനലിന് ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.