സൗദി ലീഗിലും ഗോളുകൾ അടിച്ചുകൂട്ടി ക്രിസ്റ്റ്യാനോ; അപൂർവ റെക്കോഡിനരികെ; റോണോക്കൊപ്പം മത്സരിക്കാൻ മെസ്സിയുടെ സഹതാരവും

റിയാദ്: സൗദി പ്രോ ലീഗിലും ഗോളുകൾ അടിച്ചുകൂട്ടി ഫുട്ബാൾ ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് അൽ നസറിന്‍റെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൊവ്വാഴ്ച ലീഗിൽ അബഹക്കെതിരെ നടന്ന മത്സരത്തിലും താരം ഹാട്രിക് നേടി.

കരിയറിലെ 65ാം ഹാട്രിക്കാണ് റോണോ കുറിച്ചത്. ലീഗിൽ താരത്തിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക്കും. അതും 72 മണിക്കൂറിന്റെ ഇടവേളയില്‍. മൂന്നു ഗോളുകളിൽ രണ്ടെണ്ണവും ഫ്രീ കിക്കിൽ നിന്നായിരുന്നു. താരം

കരിയറിൽ ഒരു മത്സരത്തിൽ രണ്ട് ഫ്രീ കിക്ക് ഗോളുകള്‍ നേടുന്നത് നാലാം തവണയാണ്. മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് അബഹയെ അൽ നസർ തരിപ്പണമാക്കിയത്. സീസണിലെ ഗോൾവേട്ടക്കാരനുള്ള മത്സരത്തിൽ ഒന്നാമനാണ് ക്രിസ്റ്റ്യാനോ.

24 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ. 22 ഗോളുകളുമായി അൽ ഹിലാലിന്‍റെ സെർബിയൻ താരം അലക്സാണ്ടർ മിത്രോവിച്ചാണ് രണ്ടാമത്. കണങ്കാലിന് പരിക്കേറ്റ് പുറത്തിരിക്കുന്ന മിത്രോവിച്ചിന് സീസണിലെ ഏതാനും മത്സരങ്ങൾ നഷ്ടമാകും. അതിനാൽ, സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള സുവർണ പാദുക മത്സരത്തിൽ താരത്തിന് കാര്യമായ വെല്ലുവിളിയില്ല. ലീഗിൽ ഇത്തവണ സുവർണ പാദുകം സ്വന്തമാക്കിയാൽ താരത്തിനെ കാത്തിരിക്കുന്നത് മറ്റൊരു അപൂർ റെക്കോഡാണ്.

നാലു വ്യത്യസ്ത മുൻനിര ലീഗുകളിൽ സുവർണ പാദുകം സ്വന്തമാക്കുന്ന ആദ്യ താരമാകും. പ്രീമിയർ ലീഗിലും സീരി എയിലും ലാ ലിഗയിലും താരം സുവർണ പാദുകം സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിനായി 2007-08 സീസണിൽ 31 ഗോളുകൾ നേടിയാണ് ഒന്നാമനായത്. സീരി എയിൽ യുവന്‍റസിനായി 2020-21 സീസണുകളിൽ 29 ഗോളുകൾ നേടി. ലാ ലീഗിയിൽ റയൽ മഡ്രിഡിനായി മൂന്നു സീസണുകളിൽ ഗോൾ വേട്ടക്കാരനിൽ ഒന്നാമതെത്തി. 2010-11, 2013-14, 2014-15 സീസണുകളിലാണ് താരം സുവർണ പാദുകം സ്വന്തമാക്കിയത്.

ഇന്‍റർ മയാമിയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ സഹതാരമായ ലൂയിസ് സുവാരസിനും ഈ അപൂർവ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമുണ്ട്. നിലവിൽ മയാമിക്കായി ഏഴു മത്സരങ്ങളിൽനിന്ന് അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ആറു ഗോളുകളുമായി ന്യൂയോർക്ക് റെഡ് ബുൾസിന്‍റെ ലൂവിസ് മോർഗനാണ് ലീഗിൽ ഒന്നാമത്. പ്രീമിയർ ലീഗിലും ലാ ലിഗയിലും ഡച്ച് ലീഗിലും സുവാരസ് സുവർണ പാദുകം നേടിയിരുന്നു.

നിലവിൽ സൗദി പ്രോ ലീഗിൽ 26 മത്സരങ്ങളിൽനിന്ന് 62 പോയന്റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ അൽ നസർ. 74 പോയന്റുള്ള അൽ ഹിലാലാണ് ഒന്നാമത്.

Tags:    
News Summary - Cristiano Ronaldo could become first player to achieve incredible record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT