സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽനസ്ർ ടീം ട്രോഫിയുമായി
റിയാദ്: സൗദി മണ്ണിൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോയുടെ കിരീട കാത്തിരിപ്പിന് ശുഭ സമാപ്തി. അൽ നസ്ർ സൗദി പ്രോ ലീഗ് ചാമ്പ്യന്മാർ. ക്രിസ്റ്റ്യാനോ രണ്ടുഗോളടിച്ച് ഹീറോ ആയ അവസാന റൗണ്ട് മത്സരത്തിൽ ദമാക്കിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തരിപ്പണമാക്കിയാണ് ഏഴു വർഷത്തെ ഇടവേളക്കുശേഷം റിയാദ് ക്ലബ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ക്രിസ്റ്റ്യാനോ 2023 ജനുവരിയിൽ ക്ലബിലെത്തിയശേഷമുള്ള ക്ലബിന്‍റെ ആദ്യ ലീഗ് കിരീടം. ആദ്യം സ്പെയിനിലും പിറകെ ഇംഗ്ലണ്ടിലും ഇറ്റലിയിലും പലവുരു കിരീടം മാറോടുചേർത്ത താരത്തിനിത് സ്വപ്നസമാനമായ റെക്കോഡാണ്.
എതിരാളികളെ അതിവേഗം ബഹുദൂരം പിറകിലാക്കി ക്രിസ്റ്റ്യാനോയും അൽനസ്റും തിളങ്ങിയ കിങ് സൗദ് യൂനിവേഴ്സിറ്റി മൈതാനത്ത് സാദിയോ മനെ ആണ് ടീമിനെ മുന്നിലെത്തിച്ച് ആദ്യ ഗോളടിച്ചത് -33ാം മിനിറ്റിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിങ്സ്‍ലി കോമാനും (51) വലകുലുക്കി. 57ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് മോർലായെ സില്ല ദമാകിനായി ആശ്വാസ ഗോൾ നേടി. പിന്നാലെയായിരുന്നു സ്റ്റേഡിയത്തെ നിലക്കാത്ത ആരവത്തിൽ മുക്കി ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളുകളെത്തിയത്. ടീമിന്റെ അഭേദ്യ ലീഡ് പിന്നെയും ഉയർത്തിയ ഫ്രീകിക്ക് ഗോൾ പഴയ യുനൈറ്റഡ് കാലം ഓർമിപ്പിക്കുന്നതായി. കോട്ട കെട്ടി കാത്തുനിന്ന പ്രതിരോധത്തിന്റെ കാലുകൾക്കും തലകൾക്കുമിടയിലൂടെ ഒഴുകിനീങ്ങിയ പന്ത് പോസ്റ്റിന്റെ മൂലയിൽ പതിച്ചു.
34 മത്സരങ്ങളിൽനിന്ന് 86 പോയന്‍റുമായാണ് നസ്ർ ചാമ്പ്യന്മാരായത്. 84 പോയന്‍റുമായി അൽ ഹിലാലും 81 പോയന്‍റുമായി അൽ അഹ്‍ലിയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ലീഗ് ചരിത്രത്തിൽ അൽ നസ്റിന്‍റെ 11ാം കിരീട വിജയമാണിത്. ഫുട്ബാൾ ലോകത്ത് കൗതുകം പകർന്ന് മൂന്നര വർഷം മുമ്പാണ് ക്രിസ്റ്റ്യാനോ സൗദിയിലേക്ക് കൂടുമാറുന്നത്. പിന്നാലെ സൂപർതാരങ്ങളായ കരീം ബെൻസേമ, എൻഗോളോ കാന്റെ, റിയാദ് മെഹ്റെസ്, സാദിയോ മാനെ, നെയ്മർ തുടങ്ങി പ്രമുഖ താരങ്ങൾ പലരും സൗദി ലീഗിലെത്തി.
മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, ഇറ്റലിയിൽ യുവന്റസ് എന്നിവർക്കൊപ്പമുള്ള വിജയങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോയുടെ എട്ടാമത്തെ ലീഗ് ചാമ്പ്യൻഷിപ്പ് വിജയമാണിത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അൽ ഹിലാലിനോട് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതോടെയാണ് അൽനസ്റിന്‍റെ കിരീടപ്പോര് അവസാന മത്സരത്തിലേക്ക് നീണ്ടത്. 2023ൽ അൽ നസ്റിനൊപ്പം ക്രിസ്റ്റ്യാനോ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടിയിരുന്നെങ്കിലും ഫിഫ അംഗീകരിച്ച ഔദ്യോഗിക ടൂർണമെന്റല്ല. സീസണിൽ ക്രിസ്റ്റ്യാനോയുടെ ലീഗ് ഗോളുകളുടെ എണ്ണം ഇതോടെ 28 ആയി. അടുത്തിടെ സൗദി പ്രോ ലീഗിൽ 100 ഗോകുളെന്ന നേട്ടം ക്രിസ്റ്റ്യാനോ പിന്നിട്ടിരുന്നു. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 129 ഗോളുകളാണ് താരം നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ താരത്തെ പിൻവലിച്ചപ്പോൾ സ്റ്റേഡിയം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് യാത്രയാക്കിയത്. കിരീട വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ക്രിസ്റ്റ്യാനോക്ക് ഇനി ലോകകപ്പ് സ്ക്വാഡിനൊപ്പം ചേരാം. ആറാം ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയാണ് ലോകകപ്പിൽ പോർച്ചുഗലിനെ നയിക്കുന്നത്.
ക്രിസ്റ്റ്യാനോക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിറ്റിഞ്ഞ, റൂബൻ നെവസ്, ഗോൺസാലോ റാമോസ് ഉൾപ്പെടെ താരങ്ങളെല്ലാം പരിശീലകൻ റൊബർട്ടോ മാർട്ടിനസിന്‍റെ സ്ക്വാഡിലുണ്ട്.യൂറോ കപ്പും യുവേഫ നാഷൻസ് ലീഗ് കിരീടവും നേടിയെങ്കിലും പോർച്ചുഗലിന് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല. ടൂർണമെന്റിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ പോർച്ചുഗൽ ചിലിയെയും നൈജീരിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.