ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോയും സാദിയോ മാനെയും; അൽ ഇത്തിഹാദിനെ തൂത്തുവാരി അൽ നസ്ർ

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുമായി 2023ലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും സാദിയോ മാനെ ഇരട്ടഗോളും സ്വന്തമാക്കിയ മത്സരത്തിൽ അൽ നസ്റിന് തകർപ്പൻ ജയം. റോഷൻ സൗദി ലീഗിൽ കരിം ബെൻസേമയുടെ അൽ ഇത്തിഹാദിനെതിരെ ​രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും വിജയഭേരി.

അൽ നസ്ർ ആധിപത്യം പുലർത്തിയ മത്സരത്തിന്റെ  പത്താം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ എതിർവലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. ഉടൻ ടലിസ്കയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടതും അൽനസ്റിന് തിരിച്ചടിയായി. 14ാം മിനിറ്റിൽ അബ്ദുറസാഖ് ഹംദല്ലയുടെ മനോഹര ഗോളിൽ അൽ ഇത്തിഹാദ് ലീഡ് പിടിച്ചു. ​കരിം​ ബെൻസേമയിൽനിന്ന് പന്ത് സ്വീകരിച്ച ഹംദല്ല മൂന്ന് എതിർ താരങ്ങളെ മറികടന്നാണ് ഗോളിയെയും കീഴടക്കിയത്. 19ാം മിനിറ്റിൽ അൽനസ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കരീം ബെൻസേമ എതിർതാരത്തിന്റെ കാലിൽ ചവിട്ടിയതോടെ റഫറി പെനാൽറ്റിയിലേക്ക് വിസിലൂതി. ഇത് പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ടീമിനെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റിനകം റൊണാൾഡോ ലീഡ് സമ്മാനിച്ചെന്ന് ഉറപ്പിച്ചെങ്കിലും പന്തുമായി ഒറ്റക്ക് മുന്നേറിയ താരത്തിന്റെ ഉശിരൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.

38ാം മിനിറ്റിൽ ടലിസ്കയിലൂടെ അൽ നസ്ർ മുന്നിലെത്തി. ഇടവേളക്ക് തൊട്ടുമുമ്പ് റൊമറീഞ്ഞോക്ക് സമനില ഗോളിന് അവസരം ലഭിച്ചെങ്കിലും അൽനസ്ർ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു. എന്നാൽ, രണ്ടാം പകുതി തുടങ്ങിയയുടൻ ഹംദുല്ല അൽ ഇത്തിഹാദിനെ ഒപ്പമെത്തിച്ചു. ഫ്രീകിക്ക് ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തൊട്ടുടനെ ഹംദല്ല ഹാട്രിക് നേടിയെന്ന് തോന്നിച്ചെങ്കിലും ​ഇത്തവണയും അൽ നസ്ർ ഗോൾകീപ്പർ രക്ഷകനായി. തിരച്ചെത്തിയ പന്ത് ബെൻസേമ ഹെഡ് ചെയ്തെങ്കിലും ഗോൾകീപ്പർ വഴങ്ങിയില്ല. 68ാം മിനിറ്റിൽ ഒട്ടാവിയോയെ ബോക്സിൽ ഫൗൾ ചെയ്ത ഫാബീഞ്ഞോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ അൽനസ്റിന് ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ വീണ്ടും ടീമിനെ മുന്നിലെത്തിച്ചു. തുടർന്ന് സാദിയോ മാനെയുടെ ഊഴമായിരുന്നു. 72ാം മിനിറ്റിൽ ടലിസ്ക കൈമാറിയ പന്ത് അനായാസം വലയിലെത്തിച്ച് സ്കോർ 4-2ലെത്തിച്ചു. 82ാം മിനിറ്റിലും മാനെ ലക്ഷ്യം കണ്ടതോടെ അൽ നസ്ർ ജയമുറപ്പിച്ചു.

ജയത്തോടെ 43 പോയന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ. 50 പോയന്റുമായി അൽ ഹിലാൽ ഒന്നാമതുള്ളപ്പോൾ 28 പോയന്റുള്ള അൽ ഇത്തിഹാദ് ആറാം സ്ഥാനത്താണ്.

Tags:    
News Summary - Cristiano and Sadio Mane with double goals; Al Nasr swept Al Ittihad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT