പതിനാറ് ലക്ഷം രൂപക്ക് ജ്യോത്സ്യനെ നിയമിച്ചു! ഇന്ത്യന്‍ ഫുട്‌ബോളിന്റെ 'ഭാവി' എന്താകും?

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാച് വൈകാതെ പുറത്താവുകയും തല്‍സ്ഥാനത്തേക്ക് ഒരു ജ്യോത്സ്യനെ നിയമിക്കുകയും ചെയ്‌തേക്കാം!

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ അറിയുന്നവര്‍ ഇത് വായിച്ച് ഞെട്ടാനിടയില്ല. കാരണം, ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലേക്ക് ഒരു ജ്യോത്സ്യക്കമ്പനിയെ തന്നെ ഫെഡറേഷന്‍ നിയമിച്ചിരിക്കുന്നു. പതിനാറ് ലക്ഷമാണ് ഇതിനുള്ള ചെലവ്. കളിക്കാരെ പ്രചോദിപ്പിക്കുക, പ്രതീക്ഷയോടെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ഒരു ആസ്‌ട്രോളജിക്കല്‍ സ്ഥാപനവുമായി കൈകോര്‍ത്തിരിക്കുകയാണ് എ ഐ എഫ് എഫ്. ഇതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ തനുമോയ് ബോസ് രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ നിശിത വിമര്‍ശനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. നല്ല രീതിയില്‍ യൂത്ത് ലീഗ് മത്സരങ്ങള്‍ നടത്തുന്നില്ല, പ്രധാന ടൂര്‍ണെന്റുകളെല്ലാം നിര്‍ത്തലാക്കി, ഇപ്പോഴിതാ ജ്യോത്സ്യനെ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിച്ഛായ ആകെ വഷളായി - പി.ടി.ഐയോട് തനുമോയ് ബോസ് പറഞ്ഞു.

ജ്യോതിഷികളടങ്ങിയ പ്രചോദകര്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മൂന്ന് സെഷനുകള്‍ ക്ലാസ് എടുത്തെന്നാണ് സൂചന. ഇതിനോട് പ്രതികരിക്കാന്‍ എ ഐ എഫ് എഫ് ആക്ടിംങ് ജനറല്‍ സെക്രട്ടറി സുനന്ദോ ദര്‍ തയ്യാറായില്ല.അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ പുറത്താക്കി സുപ്രീം കോടതി മൂന്നംഗ ഭരണ നിര്‍വഹണ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഫെഡറേഷനില്‍ ദീര്‍ഘകാലമായി ഏകാധിപത്യമായിരുന്നു.

ഇന്ത്യന്‍ ടീമാകട്ടെ, ഈ മോശം സാഹചര്യത്തിലും എ എഫ് സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി. ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്‍, കംബോഡിയ ടീമുകളെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്.

Tags:    
News Summary - Crisis in indian Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.