ലോകകപ്പ് കളിക്കാതെയെത്തിയ ബെൻസേമക്ക് ഡബ്ൾ; വയ്യഡോളിഡിനെ വീഴ്ത്തി ബാഴ്സക്കു മുകളിൽ ഒന്നാമതെത്തി റയൽ

ലോകകപ്പ് പോരാട്ടങ്ങൾക്കു ശേഷം വീണ്ടും അരങ്ങുണർന്ന ലാ ലിഗ കളിമുറ്റത്ത് കരീം ബെൻസേമയെന്ന സൂപർ സ്ട്രൈക്കറുടെ ചിറകേറി റയൽ മഡ്രിഡ്. വയ്യഡോളിഡിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയൽ വീഴ്ത്തിയത്.

കരുത്തരായ എതിരാളികൾക്കു മേൽ സമ്മർദഗെയിമുമായി തുടക്കം ഭരിച്ച വയ്യഡോളിഡിന്റെ നീക്കങ്ങളിൽ ചിലത് ഗോ​ളെന്നു തോന്നിച്ചെങ്കിലും ഗോൾവലക്കു മുന്നിൽ അതികായനായി നിന്ന തിബോ കൊർട്ടുവയുടെ ചോരാത്ത കൈകൾ എല്ലാം തട്ടിത്തെറിപ്പിച്ചതിനു ശേഷമായിരുന്നു റയലിന്റെ ഗോൾ ഡബ്ൾ.

വയ്യഡോളിഡ് ബോക്സിലെത്തിയ ഡാനി സെബലോസ് നീക്കം രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യാവി സാഞ്ചെസിന്റെ കൈകളിൽ തട്ടിയതിന് ആദ്യ 10 മിനിറ്റിൽ തന്നെ പെനാൽറ്റി ലഭിക്കേണ്ടതായിരുന്നെങ്കിലും റഫറിയുടെ കാരുണ്യം തുണയായി. തൊട്ടുപിറകെ സുവർണാവസരം കാലിലെത്തിയത് ബെൻസേമ നഷ്ടപ്പെടുത്തി. 35ാം മിനിറ്റിൽ റയൽ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ വലയിൽ കയറേണ്ടതായിരുന്നെങ്കിലും കൊർടുവ വീണുകിടന്ന് രക്ഷകനായി. രണ്ടാം പകുതിയിലും ആദ്യ അവസരങ്ങൾ തുറന്നത് വയ്യഡോളിഡ്. 67ാം മിനിറ്റിൽ സെർജിയോ ലിയോൺ വലയുടെ മൂല ലക്ഷ്യമാക്കി തലവെച്ചത് മാസ്മരിക സേവുമായി വീണ്ടും കൊർടുവ എതിരാളികളുടെ അന്തകനായി.

82ാം മിനിറ്റിലായിരുന്നു സ്വന്തം പെനാൽറ്റി ബോക്സിൽ ജാവി സാഞ്ചെസ് വീണ്ടും കൈകളുടെ സഹായം തേടിയത്. വാർ പരിശോധനയിൽ പെനാൽറ്റി വിധിച്ച റഫറി താരത്തിന് കാർഡും നൽകി.

അനായാസം കിക്ക് വലയിലെത്തിച്ച ബെൻസേമ റയൽ കാത്തിരുന്ന ലീഡ് നൽകി. അവസാന വിസിലിന് തൊട്ടുമുമ്പ് ഇടതുവിങ്ങിലൂടെ വിനീഷ്യസ് നടത്തിയ അതിവേഗ ഓട്ടത്തിനൊടുവിൽ ബെൻസേമക്ക് നൽകിയ പാസ് എളുപ്പം ഗോളാക്കി റയൽ ലീഡ് രണ്ടാക്കി.

ജയത്തോടെ ഒരു കളി അധികം പൂർത്തിയാക്കിയ റയൽ ബാഴ്സയെ കടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. റയൽ 15 കളികളിൽ 38 പോയിന്റും ബാഴ്സ 14ൽ 37 പോയിന്റോടെ രണ്ടാമതുമാണ്. ബഹൂദൂരം പിറകിൽ അറ്റ്ലറ്റികോ മഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. 

Tags:    
News Summary - Courtois and Benzema rescue Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.