‘മത്സരം’ മുറുകുന്നു, പുത്തൻ താരോദയങ്ങൾക്കുവേണ്ടി

ദോഹ: അടർക്കളമടങ്ങി. താരകുമാരന്മാർ മടങ്ങി. ലോകകപ്പിന്റെ ആളും ആരവങ്ങളും പെയ്തൊഴിഞ്ഞു. ഒടുവിൽ, വാക്കിലും നോക്കിലും മനസ്സിലുമൊക്കെ നിറയുന്നത് ഈ മണ്ണിലെ തകർപ്പൻ പ്രകടനങ്ങളാണ്.

അധികമാരുമറിയാതെ വന്ന്, അസാമാന്യ പ്രകടനത്തിലൂടെ എല്ലാവരുടെയും പ്രശംസകൾക്കു നടുവിൽ വിരാജിച്ച പന്താട്ടക്കാരാണ് ഏതു ലോകകപ്പിന്റെയും ഹരങ്ങളിലൊന്ന്. അത്തരത്തിൽ ഒരുപാടുപേരുണ്ടായിരുന്നു ഖത്തറിൽ. വിശ്വമേള പടിയിറങ്ങുമ്പോൾ വിൽപനക്കമ്പോളത്തിൽ അവർക്ക് ഡിമാൻഡേറുകയായി. അങ്ങനെയുള്ള ഒരുപാട് പുത്തൻ താരോദയങ്ങളിൽ ലോകോത്തര ക്ലബുകൾ പണച്ചാക്കുകളുമായി ക്യൂ നിൽക്കുന്ന പത്തു താരങ്ങളെ പരിചയപ്പെടാം...

1. എൻസോ ഫെർണാണ്ടസ്

അർജന്റീന തോൽവിയറിയാതെ 36 മത്സരങ്ങളിൽ മുന്നേറുമ്പോൾ എൻസോ ഫെർണാണ്ടസിനെ ലോക ഫുട്ബാളിൽ അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ, സൗദി അറേബ്യയോട് ആദ്യ കളി തോറ്റ അർജന്റീന അടുത്ത കളിയിൽ മെക്സികോക്കെതിരെ ജയിച്ചുകയറിയപ്പോൾ എൻസോ താരമായി. ഡിഫൻസിനും അറ്റാക്കിങ്ങിനുമിടയിലെ കണക്ഷൻ അത്ര സമർഥമായാണ് ഈ ബെൻഫിക്ക താരം വിളക്കിച്ചേർത്തത്. മൈതാനത്തിന്റെ ഫൈനൽ തേഡിൽ ലയണൽ മെസ്സിയുടെ നീക്കങ്ങൾക്ക് ഊർജം പകരുകയും പ്രതിരോധശ്രമങ്ങൾക്ക് കരുത്തേകുകയും ചെയ്ത എൻസോ അർജന്റീനയുടെ കിരീടധാരണത്തിൽ വഹിച്ച പങ്ക് അത്രയേറെയാണ്. ടൂർണമെന്റിലുടനീളം, ടീമിന്റെ മധ്യനിരയിൽ വിയർത്തുകളിച്ച 21കാരൻ, ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരവുമായി.

റയൽ മഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സനൽ തുടങ്ങി ലോക ഫുട്ബാളിലെ വൻതോക്കുകൾ മിക്കതും എൻസോ ഫെർണാണ്ടസിന് പിന്നാലെയുണ്ട്. 12 കോടി യൂറോയാണ് ബെൻഫിക്ക വില ചോദിക്കുന്നത്.

2. സുഫിയാൻ അംറബത്

ഈ ലോകകപ്പിന്റെ വിസ്മയസംഘമായ മൊറോക്കൻ നിരയുടെ മധ്യനിരയിൽ അംറബത്തായിരുന്നു താരം. ഖത്തറിൽ ഏറ്റവും കൂടുതൽ ടാക്ലിങ് നടത്തിയ കളിക്കാരിൽ ഒരാളായ ഫിയോറന്റീനയുടെ ഈ ഡിഫൻസിവ് മിഡ്ഫീൽഡർ തകർപ്പൻ പ്രകടനത്തോടെ മുൻനിര ക്ലബുകളുടെ ‘നോട്ടപ്പുള്ളി’യായിക്കഴിഞ്ഞു. ബാഴ്സലോണ, ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്, അത്‍ലറ്റികോ മഡ്രിഡ്, ടോട്ടൻഹാം തുടങ്ങിയവർക്ക് ഈ 26കാരനിലൊരു കണ്ണുണ്ട്.

3. ഗോൺസാലോ റാമോസ്

ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാൾക്ക് പകരംവന്ന് അതിനൊത്ത പ്രകടനം പുറത്തെടുക്കുകയെന്ന വെല്ലുവിളി ഗംഭീരമായി മറികടന്നാണ് റാമോസ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. സ്വിറ്റ്സർലൻഡിനെതിരെ പ്രീക്വാർട്ടറിൽ ഹാട്രിക് നേടിയ 21കാരനെ പോർചുഗൽ കോച്ച് കളത്തിലിറക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരക്കിരുത്തിയായിരുന്നു. ബെൻഫിക്കക്കുവേണ്ടി 45 കളികളിൽ 20 ഗോളുകൾ നേടിയ റാമോസ് ഈ സീസണിൽ ക്ലബിനുവേണ്ടി 11 ലീഗ് മത്സരങ്ങളിൽ ഒമ്പതു തവണ വലകുലുക്കി. റൊണാൾഡോയെ പുറത്താക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡാണ് റാമോസിനുവേണ്ടിയും ശക്തമായി രംഗത്തുള്ളത്.

4. ജോസ്കോ ഗ്വാർഡിയോൾ

തനിക്കെതിരായ ഒരൊറ്റ നീക്കത്തിലൂടെ ലോക ഫുട്ബാളിന്റെ വർത്തമാനങ്ങളിൽ നിറഞ്ഞ താരമാണ് ഗ്വാർഡിയോൾ. അർജന്റീനക്കെതിരായ സെമിയിൽ ലയണൽ മെസ്സിയുടെ തകർപ്പൻ കുതിപ്പിന് തടയിടാനാവാതെ പോയതായിരുന്നു അത്. എന്നാൽ, അതിനു മുമ്പുതന്നെ ‘ഡിഫൻഡർ ഓഫ് ദ ടൂർണമെന്റ്’ എന്ന വിശേഷണം 20 വയസ്സു മാത്രമുള്ള ക്രൊയേഷ്യക്കാരൻ സ്വന്തമാക്കിയിരുന്നു. ടീമിന്റെ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളിലും മുഴുവൻ സമയവും കളത്തിലുണ്ടായിരുന്ന ഗ്വാർഡിയോൾ ജർമൻ ലീഗിൽ ലൈപ്സിഷിന്റെ താരമാണ്.

44 റിക്കവറിയുമായി ടൂർണമെന്റിന്റെ പ്രതിരോധക്കണക്കുകളിൽ ഒന്നാമൻ. ഇന്റർസെപ്ഷനുകളുടെ കണക്കിൽ (എട്ട്) രണ്ടാമതും. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മഡ്രിഡ് തുടങ്ങിയവ രംഗത്തുണ്ട്.

5. അലക്സിസ് മക് അലിസ്റ്റർ

അർജന്റീനയുടെ കിരീടത്തിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരം. അർജന്റീന ജയിച്ച ആറു കളികളിലും മക് അലിസ്റ്റർ കളത്തിലുണ്ടായിരുന്നു. മധ്യനിരയിൽ തകർപ്പൻ കളി കെട്ടഴിച്ച 23കാരൻ പോളണ്ടിനെതിരെ നിർണായക ഗോൾ നേടുകയും ഫൈനലിൽ ഏയ്ഞ്ചൽ ഡി മരിയക്ക് നിർണായക ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഒമ്പതു ടാക്കിളുകൾ, മൂന്നു ഇന്റർസെപ്ഷനുകൾ, ഡ്രിബ്ലിങ്ങിൽ 67 ശതമാനം വിജയം എന്നിവക്കു പുറമെ ഏറ്റവുമധികം പാസുകൾ (12) േബ്ലാക്ക് ചെയ്ത കളിക്കാരനുമായി. 89 ശതമാനം പാസുകൾ കംപ്ലീറ്റ് ചെയ്തു. അർജന്റീനോസ് ജൂനിയേഴ്സിൽനിന്ന് 70 ലക്ഷം പൗണ്ടിനാണ് നാലു വർഷ കരാറിൽ ഇംഗ്ലീഷ് പ്രീമിയർലീഗ് ടീമായ ബ്രൈറ്റണിലെത്തിയത്. ആഴ്സനലാണ് മക് അലിസ്റ്ററെ അണിയിലെത്തിക്കാൻ മുന്നിലുള്ളത്. മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം, അത്‍ലറ്റികോ മഡ്രിഡ് എന്നിവയും താരത്തിനായി രംഗത്തുണ്ട്.

6. ഡൊമിനിക് ലിവാകോവിച്

ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ‘ഗോൾഡൻ ഗ്ലൗ’ എമിലിയാനോ മാർട്ടിനെസ് നേടിയെങ്കിലും ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച് അതിനുള്ള മത്സരത്തിൽ മുന്നിൽതന്നെയുണ്ടായിരുന്നു. കരുത്തരായ ബ്രസീലിന് ക്വാർട്ടറിൽ ഖത്തറിൽനിന്ന് മടക്കടിക്കറ്റ് നൽകിയത് ലിവയുടെ കരങ്ങളായിരുന്നു. 24 സേവുകളാണ് ക്രൊയേഷ്യക്കുവേണ്ടി ടൂർണമെന്റിലുടനീളം ലിവ നടത്തിയത്. നാലു പെനാൽറ്റികളും തടഞ്ഞിട്ടു. ഡൈനാമോ സഗ്രേബിന്റെ ഗോളിയായ 27കാരനെ ചെൽസി, ബയേൺ മ്യൂണിക്, ടോട്ടൻഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ് തുടങ്ങിയവ നോട്ടമിട്ടിട്ടുണ്ട്.

7. ഔറേലിൻ ഷ്വാമെനി

ഫൈനലിലേക്കുള്ള ഫ്രാൻസിന്റെ കുതിപ്പിൽ ഷ്വാമെനിയുടെ പങ്ക് നിർണായകമായിരുന്നു. ഡിഫൻസിവ് മിഡ്ഫീൽഡർ എന്ന ടാഗണിയുമ്പോഴും മുന്നേറ്റങ്ങൾക്കും ഈ 22കാരൻ അകമഴിഞ്ഞ സംഭാവനകൾ നൽകി. അന്റോണിയോ കാന്റെക്ക് പകരക്കാരനായെത്തിയ റയൽ മഡ്രിഡ് താരം കന്നി ലോകകപ്പിൽ പക്വതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്. വരുംകാലങ്ങളിൽ ഫ്രാൻസിന്റെ ഭാവിയിലേക്ക് ഏറെ പ്രതീക്ഷയേകുന്ന താരത്തിൽ പലരും നോട്ടമെറിയുന്നുണ്ടെങ്കിലും വിൽക്കാൻ റയൽ മഡ്രിഡ് ഒട്ടും ഒരുക്കമല്ല.

8. ജൂഡ് ബെലിങ്ഹാം

യുവതാരങ്ങളുമായി ഖത്തറിലെത്തിയ ഇംഗ്ലീഷ് ടീം ഇക്കുറി പ്രശംസനീയ പ്രകടനമാണ് കാഴ്ചവെച്ചത്. അവരിൽ പരിചയസമ്പന്നനായ താരത്തെപ്പോലെ മധ്യനിര നിറഞ്ഞുകളിച്ച ഒരു 19കാരൻ ലോക ഫുട്ബാളിന്റെ മുഴുവൻ ശ്രദ്ധയുമാവാഹിച്ചു. ജർമൻ ലീഗിൽ ബൊറൂസിയ ഡോർട്മണ്ടിന് കളിക്കുന്ന ജൂഡ് ബെലിങ്ഹാമായിരുന്നു അത്. ഗോളടിച്ചും അടിപ്പിച്ചും ലോകകപ്പിൽ തിളങ്ങിയ ബെലിങ്ഹാമിനായി റയൽ മഡ്രിഡും ലിവർപൂളും കടുത്ത ‘മത്സര’ത്തിലാണിപ്പോൾ. റയലിനാണ് സാധ്യത കൂടുതൽ.

9. ജമാൽ മൂസിയാല

ഈ ലോകകപ്പിൽ ആദ്യറൗണ്ടിൽതന്നെ തോറ്റുപുറത്തായ ടീമാണ് ജർമനി. എന്നാൽ, മൂന്നു കളികൾകൊണ്ടുതന്നെ അലമാനിയൻ സംഘത്തിൽ കളിയാരാധകരുടെ മനംകവർന്ന താരമാണ് 19കാരനായ ജമാൽ മൂസിയാല.

തകർപ്പൻ ഡ്രിബ്ലിങ്ങും മുന്നേറ്റങ്ങളുമായി എതിർ ബോക്സിൽ നിരന്തരം ഭീതിയുയർത്തിയ അറ്റാക്കിങ് മിഡ്ഫീൽഡർ, ലോക ഫുട്ബാളിന്റെ ഭാവിതാരമാണ് താനെന്ന് ഖത്തറിലെ ആദ്യറൗണ്ട് മത്സരങ്ങളിൽതന്നെ ലോകത്തെ ബോധ്യപ്പെടുത്തി. ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിന്റെ കുപ്പായമിടുന്ന യുവതാരവുമായി 2026 വരെ ക്ലബ് കരാറിൽ ഒപ്പിട്ടിട്ടുണ്ട്.

സമീപകാലത്തൊന്നും വിൽക്കില്ലെന്ന ഉറച്ച തീരുമാനവുമായി ബയേൺ മുന്നോട്ടുപോകുമ്പോൾ പണമെറിഞ്ഞ് മൂസിയാലയെ പിടിക്കാൻ റയൽ മഡ്രിഡ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

10. കോഡി ഗാപ്കോ

നെതർലൻഡ്സിന്റെ മുന്നണിയിൽ നിറഞ്ഞുകളിച്ച 23കാരൻ ഈ ലോകകപ്പിൽ ഏറെ ചർച്ചചെയ്യപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ്. ഡച്ച് ഫുട്ബാളിന്റെ ‘നഴ്സറി’യായ പി.എസ്.വി ഐന്തോവനിൽ വിങ്ങറായാണ് ഗാപ്കോ കളംനിറയുന്നത്. ജനുവരി ട്രാൻസ്ഫറിൽ കൂടുമാറാനൊരുങ്ങുന്ന താരത്തെ തേടി മാഞ്ചസ്റ്റർ യുനൈറ്റഡ് ശക്തമായി രംഗത്തുണ്ട്. ആഴ്സനൽ, റയൽ മഡ്രിഡ്, ന്യൂകാസിൽ യുനൈറ്റഡ് എന്നീ ടീമുകളും ഗാപ്കോയിൽ താൽപര്യമുള്ളവരാണ്.

Tags:    
News Summary - 'Competition' intensifies, for new Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT