ഹാലണ്ട് റെക്കോഡിനൊപ്പം; പ്രീമിയർ ലീഗിൽ ആഴ്സണലിനെ മറികടന്ന് സിറ്റി ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയതോടെ ആഴ്സണലിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. സിറ്റിക്കായി മൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടും 36ാം മിനിറ്റിൽ റിയാദ് മെഹ്റസിന്റെ അസിസ്റ്റിൽ ജൂലിയൻ അൽവാരസുമാണ് ഗോളുകൾ നേടിയത്. 15ാം മിനിറ്റിൽ കാർലോസ് വിനീഷ്യസിന്റെ വകയായിരുന്നു ഫുൾഹാമിന്റെ ആശ്വാസ ഗോൾ.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ അർജന്റീനക്കാരൻ ജൂലിയൻ അൽവാരസിനെ ടിം റീം വീഴ്ത്തിയതിന് റഫറി പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ഹാലണ്ടിന് പിഴച്ചില്ല. പ്രീമിയർ ലീഗ് സീസണിൽ താരത്തിന്റെ 34ാം ഗോളിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരു ഗോൾ കൂടി നേടിയാൽ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടം താരത്തിന് സ്വന്തമാകും. 1993-94 സീസണിൽ ആൻഡി കോളും 1994-95 സീസണിൽ അലൻ ഷിയററുമാണ് മുമ്പ് 34 ഗോൾ നേടിയവർ. 32 മത്സരങ്ങളിൽനിന്നാണ് നോർവീജിയൻ താരം ഈ റെക്കോർഡുകൾക്കൊപ്പമെത്തിയത്.

32 മത്സരങ്ങളിൽ നിന്ന് 76 പോയന്റാണ് സിറ്റിക്കുള്ളത്. ഒരു മത്സരം അധികം കളിച്ച ആഴ്‌സനലിന് 75 പോയന്റുണ്ട്. കഴിഞ്ഞ മത്സരത്തിൽ സിറ്റിയോട് പരാജയപ്പെട്ടതാണ് ആഴ്സനലിന് കനത്ത തിരിച്ചടിയായത്.

മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റൺ വില്ലയെയും ന്യൂ കാസ്റ്റിൽ യുനൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സതാംപ്ടനെയും ബേൺമൗത്ത് ലീഡ്സ് യുനൈറ്റഡിനെ 4-1നും പരാജയപ്പെടുത്തി. 39ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ വകയായിരുന്നു യുനൈറ്റഡിന്റെ വിജയ ഗോൾ. 33 മത്സരങ്ങൾ പൂർത്തിയാക്കിയ ന്യൂകാസിൽ 65 പോയന്റോടെ ലീഗിൽ മൂന്നാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച യുനൈറ്റഡ് 63 പോയന്റോടെ തൊട്ടുപിന്നിലുണ്ട്.

Tags:    
News Summary - City moves to first in the Premier League after surpassing Arsenal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.