കന്നി ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കി ചെൽസി

അബൂദബി: യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസി ഫിഫ ക്ലബ് ലോകകപ്പിലും മുത്തമിട്ടു. വാശിയേറിയ മത്സരത്തിൽ ബ്രസീലിയൻ ക്ലബായ പാൽമിറസിനെ 2-1ന് തോൽപിച്ചാണ് തോമസ് ടഷലും സംഘവും ആദ്യമായ ക്ലബ് ലോകകപ്പ് ജേതാക്കളായത്. അധിക സമയത്തെ പെനാൽറ്റി ഗോളിലായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം.

ആദ്യ പകുതിയിൽ രണ്ട് ടീമിനും വലകുലുക്കാനായില്ല. അതോടെ ഇരു ടീമുകളും രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു. 55ാം മിനിറ്റിൽ റൊമേലു ലുകാക്കുവിലൂടെ ചെൽസിയാണ് ആദ്യം ലീഡ് നേടിയത്. മികച്ച നീക്കത്തിനൊടുവിൽ ഓഡോയി നൽകിയ തകര്‍പ്പന്‍ ക്രോസ് ലുകാക്കു മിന്നല്‍ ഹെഡറിലൂടെ വലയിലാക്കി.

ചെൽസിയുടെ സന്തോഷം അധിക സമയം നീണ്ടുനിന്നില്ല. 62ാം മിനിറ്റിൽ തിയാഗോ സിൽവയുടെ ഹാൻഡ് ബോളിന് റഫറി പാൽമിറാസിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ വെയ്ഗ സ്കോർ 1-1 ആക്കി.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചു. എക്സ്ട്രാ ടൈമിൽ കളി തീരാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽട്ടി കിക്ക് കായ് ഹവേർട്സ് ഗോളാക്കി മാറ്റിയതോടെ ചെൽസി കിരീടം ഉറപ്പാക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടിയ കായ് ഹാവേർട്‌സ് ഇക്കുറിയും ടീമിനായി വിജയഗോൾ നേടി.

മാഞ്ചസ്റ്റർ യുനൈറ്റഡിനും ലിവർപൂളിനും ശേഷം ക്ലബ് ലോകകപ്പ് ജേതാക്കളാകുന്ന മൂന്നാമത്തെ ഇംഗ്ലീഷ് ടീമാണ് ചെൽസി.

Tags:    
News Summary - Chelsea won Maiden Club World Cup Title after beating Brazil's Palmeiras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.