ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നീലപ്പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂളിനെ വീഴ്ത്തിയത്.
ജയത്തോടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ബെർത്തിനുള്ള സാധ്യത ചെൽസി സജീവമാക്കി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-4ന് ബ്രെന്‍റ്ഫോർഡിനോട് തോറ്റു. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെതിരെ കളിച്ച ടീമിൽനിന്ന് ആറു മാറ്റങ്ങളുമായാണ് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട് ടീമിനെ കളത്തിലിറക്കിയത്. ഇത് ടീമിന്‍റെ ആക്രമണത്തിന്‍റെ മൂർച്ച കുറച്ചു. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ എൻസോ ഫെർണാണ്ടസിലൂടെ ആതിഥേയർ ലീഡെടുത്തു. പെഡ്രോ നെറ്റോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ.
കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും ലിവർപൂളിന് ഗോൾ കണ്ടെത്താനായില്ല. 1-0ത്തിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്. 56-ാം മിനിറ്റിൽ ജറേൽ ക്വാൻസായുടെ സെൽഫ് ഗോളിലൂടെ ചെൽസി ലീഡ് ഉയർത്തി. കോൾ പാൽമർ നൽകിയ താഴ്ന്ന ക്രോസ് വാൻ ഡൈക് ക്ലിയർ ചെയ്യാൻ ശ്രമിക്കവെ ക്വാൻസായുടെ കാലിൽ തട്ടി സ്വന്തം വലയിൽ കയറി.
85-ാം മിനിറ്റിൽ മക് അലിസ്റ്ററിന്‍റെ കോർണർ കിക്കിൽനിന്ന് വിർജിൽ വാൻ ഡൈക്ക് ഹെഡ്ഡറിലൂടെ ഒരു ഗോൾ മടക്കി ലിവർപൂളിന് പ്രതീക്ഷ നൽകി. എന്നാൽ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി പാൽമർ ലക്ഷ്യത്തിലെത്തിച്ച് ടീമിന്‍റെ വിജയം ഉറപ്പിച്ചു. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് യുനൈറ്റഡിനെതിരെ ബ്രെന്‍റ്ഫോർഡ് 4-3ന് ജയം പിടിച്ചെടുത്തത്. ജയത്തോടെ ടീം യൂറോപ്പ ലീഗ് പ്രതീക്ഷകൾ സജീവമാക്കി.
14-ാം മിനിറ്റിൽ മേസൺ മൗണ്ടിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. 27-ാം മിനിറ്റിൽ ലൂക്ക് ഷായുടെ സെൽഫ് ഗോളിലൂടെ ബ്രെൻ്റ്ഫോർഡ് സമനില പിടിച്ചു. പിന്നാലെ കെവിൻ ഷേഡിന്‍റെ (33, 70 മിനിറ്റുകളിൽ) ഇരട്ട ഗോളുകളും യോനെ വിസ്സയുടെ ഗോളും (74ാം മിനിറ്റിൽ) ടീമിന് 4-1ന്‍റെ ലീഡ് സമ്മാനിച്ചു. 82-ാം മിനിറ്റിൽ ഗാർണാച്ചോ മനോഹരമായ ഗോളിലൂടെ യുനൈറ്റഡിന് പ്രതീക്ഷ നൽകി. ഇൻജുറി ടൈമിൽ (90+5) അമദ് ദിയാലോയും ഗോൾ മടക്കിയെങ്കിലും വിജയത്തിലെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.