ബ്രൂണോ ഫെർണാണ്ടസിന് ഇരട്ടഗോൾ; മാഞ്ചസ്റ്റർ യുനൈറ്റഡിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകർപ്പൻ ജയം. ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ 4-2നാണ് മാഞ്ചസ്റ്ററുകാർ തോൽപിച്ചത്. പോയന്റ് പട്ടികയിൽ ആറാമതുണ്ടായിരുന്ന ന്യൂകാസിൽ യുനൈറ്റഡിനെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചതോടെ ആറാം സ്ഥാനത്തേക്ക് കയറാനും എറിക് ടെൻഹാഗിന്റെ സംഘത്തിനായി.

മാഞ്ചസ്റ്റർ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ ആതിഥേയരെ ഞെട്ടിച്ച് 35ാം മിനിറ്റിൽ ഷെഫീൽഡ് ലീഡ് പിടിച്ചു. മാഞ്ചസ്റ്റർ ഗോൾകീപ്പർ ആന്ദ്രെ ഒനാനയുടെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. മൈനസായി ലഭിച്ച പന്ത് പാസ് ചെയ്യുന്നതിൽ പിഴച്ചപ്പോൾ പിടിച്ചെടുത്ത ജെയ്ഡൻ ബോഗ്ലെ പിഴവില്ലാതെ വലകുലുക്കുകയായിരുന്നു. എന്നാൽ, ഏഴ് മിനിറ്റിനകം മാഞ്ചസ്റ്റർ തിരിച്ചടിച്ചു. ഇടതുവിങ്ങിൽനിന്ന് ഗർണാച്ചൊ നൽകിയ ക്രോസ് ഹെഡറിലൂടെ ഹാരി മഗ്വെയർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ യുനൈറ്റഡ് അവസരങ്ങളേറെ തുറന്നെടുത്തെങ്കിലും പാഴാക്കുന്നതിൽ താരങ്ങൾ മത്സരിച്ചതോടെ 1-1 എന്ന നിലയിൽ പിരിയുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങിയയുടൻ ഷെഫീൽഡുകാർ വീണ്ടും ഗോളടിച്ചു. ഓസ്ബോൺ നൽകിയ ക്രോസ് ബെൻ ഡയസ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 61ാം മിനിറ്റിൽ മാഞ്ചസ്റ്ററിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിനിടെ ഹാരി മഗ്വെയറിനെ എതിർ താരം ബോക്സിൽ വീഴ്ത്തിയതോടെ റഫറി പെനാൽറ്റിയിലേക്ക് വിസിലൂതി. കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസിന് പിഴച്ചില്ല. സ്കോർ: 2-2. നിശ്ചിത സമയം അവസാനിക്കാൻ ഒമ്പത് മിനിറ്റ് ശേഷിക്കെ ബ്രൂണോയുടെ രണ്ടാം ഗോളിൽ അവർ ലീഡും പിടിച്ചു. 25 വാര അകലെനിന്നുള്ള ഉശിരൻ ഇടങ്കാലൻ ഷോട്ടാണ് വലയിൽ കയറിയത്. നാല് മിനിറ്റിനകം മാഞ്ചസ്റ്റർ പട്ടിക പൂർത്തിയാക്കി. അവസാന ഗോളിന് വഴിയൊരുക്കിയതും ബ്രൂണോ ഫെർണാണ്ടസായിരുന്നു. വലതുവിങ്ങിൽനിന്ന് പോർച്ചുഗീസുകാരൻ നൽകിയ പാസിന് കാൽ വെച്ചുകൊടുക്കേണ്ട ദൗത്യമോ റാസ്മസ് ഹോജ്‍ലുണ്ടിന് ഉണ്ടായിരുന്നുള്ളൂ.

അതേസമയം, മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനായി ഇഞ്ചോടിച്ച് പോരാട്ടത്തിലുണ്ടായിരുന്ന ലിവർപൂൾ അപ്രതീക്ഷിത തോൽവി വഴങ്ങി. ലീഗിൽ പതിനാറാം സ്ഥാനത്തുള്ള എവർട്ടനാണ് എതിരില്ലാത്ത രണ്ട് ഗോളിന് ചെമ്പടയെ തകർത്തുവിട്ടത്. ആദ്യപകുതിയിൽ ജെറാഡ് ബ്രാന്ദ് വെയ്റ്റും രണ്ടാം പകുതിയിൽ ഡൊമിനിക് കാൽവെർട്ട് ലെവിനും നേടിയ ഗോളുകളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ലിവർപൂളിന് ഫിനിഷിങ്ങിലെ പിഴവുകളാണ് തിരിച്ചടിയായത്. 77 ശതമാനവും പന്ത് വരുതിയിലാക്കിയ ലിവർപൂളിന് ലഭിച്ച സുവർണാവസരങ്ങൾ ഡാർവിൻ ന്യൂനസും ലൂയിസ് ഡയസും ആന്റി റോബട്ട്സനുമെല്ലാം തുലച്ചു. സൂപ്പർ താരം മുഹമ്മദ് സലാഹ് നിറം മങ്ങിയതും തിരിച്ചടിയായി. 27ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഷോട്ടി​ലൂടെയാണ് ബ്രാന്ദ് വെയ്റ്റ് ലിവർപൂൾ വലയിൽ ആദ്യം പന്തെത്തിച്ചത്. തിരിച്ചടിക്കാനായി ലിവർപൂൾ ആക്രമണം കനപ്പിച്ചെങ്കിലും ഗോൾശ്രമങ്ങൾ എവർട്ടന്റെ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദൻ പിക്ക്ഫോർഡും പ്രതിരോധ താരങ്ങളും ചേർന്ന് വിജയകരമായി തടഞ്ഞു. അവസരങ്ങൾ കിട്ടുമ്പോൾ പ്രത്യാക്രമണങ്ങളിലൂടെ എതിർ ഗോൾമുഖം വിറപ്പിക്കാനും എവർട്ടനായി.

58ാം മിനിറ്റിൽ ഡ്വൈറ്റ് മക്നീൽ എടുത്ത കോർണർ കിക്കിൽ തലവെച്ച് ഡൊമിനിക് കാൽവെർട്ട് ലെവിൻ ലിവർപൂളിന്റെ തിരിച്ചുവരാനുള്ള പ്രതീക്ഷകൾ തല്ലിക്കെടുത്തി. അവസാന ഘട്ടത്തിൽ ലിവർപൂൾ ആക്രമണം കനപ്പിച്ചെങ്കിലും എവർട്ടൻ പ്രതിരോധം വിട്ടുകൊടുത്തില്ല. ഇതോടെ ചെമ്പടക്ക് നിരാശയോടെ കളംവിടേണ്ടിവന്നു. മറ്റൊരു മത്സരത്തിൽ ബേൺമൗത്ത് 1-0ത്തിന് വോൾവ്സിനെ കീഴടക്കി.

ലീഗിൽ 34 മത്സരങ്ങളിൽ 77 പോയന്റുമായി ആഴ്സണലാണ് മുമ്പിൽ. 74 പോയന്റുമായി ലിവർപൂൾ രണ്ടാമതുണ്ടെങ്കിലും രണ്ട് മത്സരങ്ങൾ കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ സിറ്റിക്ക് ആഴ്സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാം. ആഴ്സണലിനും ലിവർപൂളിനും നാല് മത്സരങ്ങൾ വീതമാണ് ഇനി അവശേഷിക്കുന്നത്. 

Tags:    
News Summary - Bruno Fernandes scored a brace; Great win for Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT