ഫുട്ബാൾ ലീഗുകൾക്ക് ഇടവേള; ഇനി ലോകകപ്പിൽ കാണാം

ഇംഗ്ലണ്ടിൽ ആഴ്സനൽ

ലോകകപ്പ് അടുത്തെത്തിയതോടെ യൂറോപ്പിലെ ലീഗുകൾക്ക് ഇടവേള. അടുത്ത ഞായറാഴ്ച ഖത്തറിൽ ലോക ഫുട്ബാൾ മാമാങ്കം തുടങ്ങാനിരിക്കെ ഈ ഞായറാഴ്ചയോടെ ലീഗ് സീസണിന് താൽക്കാലിക തിരശ്ശീല വീണു. 

ഇംഗ്ലണ്ടിൽ ആഴ്സനലാണ് മുന്നിൽ. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി 2-1ന് ബ്രെന്റ്ഫോഡിനോട് വീണതോടെ വോൾവ്സിനെതിരെ 2-0 ജയവുമായി ആഴ്സനൽ ലീഡ് അഞ്ചു പോയന്റാക്കി ഉയർത്തി. ലിവർപൂൾ 3-1ന് സതാംപ്ടണെ തോൽപിച്ചപ്പോൾ ടോട്ടൻഹാം ഹോട്സ്പർ 4-3ന് ലീഡ്സ് യുനൈറ്റഡിനെ മറികടന്നു. ബോൺമൗത്ത് 3-0ത്തിന് എവർട്ടണെയും ലെസ്റ്റർ സിറ്റി 2-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോൽപിച്ചപ്പോൾ ചെൽസി 1-0ത്തിന് ന്യൂകാസിലിനോട് തോറ്റു. ആഴ്സനലിന് 37ഉം സിറ്റിക്ക് 32ഉം പോയന്റാണുള്ളത്. ന്യൂകാസിലാണ് 30 പോയന്റുമായി മൂന്നാമത്.

സ്പെയിനിൽ ബാഴ്സ

സ്പാനിഷ് ലാ ലിഗ 14 റൗണ്ട് കഴിഞ്ഞ് ലോകകപ്പിന് പിരിയുമ്പോൾ ബാഴ്സലോണയാണ് 37 പോയന്റുമായി മുന്നിൽ. തുടക്കത്തിൽ കുതിച്ചിരുന്ന നിലവിലെ ജേതാക്കളായ റയൽ മഡ്രിഡ് അവസാന മൂന്നു കളികളിൽ ഒന്ന് തോൽക്കുകയും ഒന്നിൽ സമനിലയിൽ കുടുങ്ങുകയും ചെയ്തതോടെ 35 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് വീണു. റയൽ സോസിഡാഡാണ് (26) മൂന്നാമത്.

ഇറ്റലിയിൽ നാപോളി

ഇറ്റാലിയൻ സീരി 'എ'യിൽ നാപോളിയുടെ വമ്പൻ കുതിപ്പാണ് വാർത്ത. തോൽവിയറിയാതെ കുതിക്കുന്ന നാപോളിക്ക് 15 മത്സരങ്ങളിൽ 41 പോയന്റുണ്ട്. ലാസിയോ, എ.സി മിലാൻ, ഇന്റർ മിലാൻ ടീമുകളാണ് 30 പോയന്റുമായി അടുത്ത സ്ഥാനങ്ങളിൽ.

ഫ്രാൻസിൽ പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണിൽ പി.എസ്.ജിയുടെ വൻ മുന്നേറ്റമാണ്. 15ാം റൗണ്ടിൽ ഓക്സറെയെ 5-0ത്തിന് തകർത്ത പി.എസ്.ജിക്ക് 41 പോയന്റായി. ലെൻസ് (36), റെന്നെസ് (31) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ജർമനിയിൽ ബയേൺ

ജർമൻ ബുണ്ടസ് ലിഗയിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക് കിരീടം നിലനിർത്താനുള്ള തയാറെടുപ്പിലാണ്. 15ാം റൗണ്ടിൽ ഷാൽകെയെ 2-0ത്തിന് തോൽപിച്ച ബയേണിന് 34 പോയന്റായി. ആർ.ബി ലൈപ്സിഷ് (28), യൂനിയൻ ബർലിൻ (27) ടീമുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.