ആ കളി ഇനി വേണ്ട; അർജന്‍റീനയോട് മുട്ടാനില്ലെന്ന് ബ്രസീൽ

അർജന്‍റീനയുമായുള്ള ലോകകപ്പ് സൗഹൃദ മത്സരം കളിക്കാനില്ലെന്ന് ബ്രസീൽ. അടുത്ത മാസം മത്സരം നടത്താനിരിക്കെയാണ് കളിക്കാനില്ലെന്ന് ബ്രസീൽ ഫിഫയെ അറിയിച്ചത്.

ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി സൗഹൃദ മത്സരം കളിക്കുന്നത് വലിയ അപകടം നിറഞ്ഞതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രസീൽ ഫുട്ബാൾ ഫെഡറേഷന്‍റെ പിന്മാറ്റം. കഴിഞ്ഞ വർഷം സാവോ പോളയിൽ ബ്രസീൽ-അർജന്‍റീന മത്സരം തുടങ്ങുന്നതിന് ആറു മിനിറ്റുകൾക്കു മുമ്പാണ് കളി റദ്ദാക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് പ്രാദേശിക ആരോഗ്യ പ്രവർത്തകർ ഗ്രൗണ്ടിലെത്തി മത്സരം തടസ്സപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ബ്രസീൽ, അർജന്‍റീന ഫുട്ബാൾ ടീമുകൾക്ക് പിഴ ചുമത്തിയ ഫിഫ, ഇരുടീമുകളും മത്സരം കളിക്കണമെന്ന് കർശന നിർദേശവും നൽകി. പിന്നാലെ ഇരു രാജ്യങ്ങളും സ്പോർട്സ് ആർബിട്രേഷൻ കോടതിയെ സമീപിച്ചു. വിഷയത്തിൽ ആഗസ്റ്റ് അവസാനം വിധി പറയാനിരിക്കുകയാണ്. പിഴ തുകയിൽ ഫിഫ ഇതുവരെ ഇളവ് വരുത്തിയിട്ടില്ല.

ഇതിനിടെ മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുരാജ്യങ്ങളും ഫിഫയെ സമീപിച്ചെങ്കിലും അപ്പീൽ കോടതി തള്ളി. മത്സരം സെപ്റ്റംബറിൽ നിർബന്ധമായും കളിക്കണമെന്ന് പറഞ്ഞ ഫിഫ, തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്കുകൾ, സസ്‌പെൻഷനുകൾ, അർജന്റീനക്കാരുടെ ബഹിഷ്‌കരണ സാധ്യത എന്നിവ ചൂണ്ടിക്കാട്ടി ബ്രസീൽ പരിശീലകൻ ടിറ്റെക്ക് മത്സരം കളിക്കാൻ താൽപര്യമില്ലെന്ന് ബ്രസീലിയൻ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് പറഞ്ഞു.

ഈ മത്സരം കളിക്കാനാകില്ലെന്ന് പറഞ്ഞ് ഞങ്ങൾ ഫിഫയെ സമീപിക്കും. ഞങ്ങളുടെ കോച്ചിങ് സ്റ്റാഫിന്റെ അഭ്യർഥന പരിഗണിച്ച് അതിനായി എല്ലാ ശ്രമങ്ങളും നടത്തും. ഖത്തറിൽ നടക്കുന്ന ലോകകപ്പ് വിജയിക്കുകയെന്നതാണ് ഞങ്ങളുടെ മുൻഗണനയെന്നും റോഡ്രിഗസ് വ്യക്തമാക്കി.

നിലവിൽ ബ്രസീലും അർജന്റീനയും ഖത്തർ ലോകകപ്പിന് യോഗ്യത നേടിയതാണ്. അതിനാൽ ഇനി സൗഹൃദ മത്സരത്തിന് പ്രസക്തിയില്ലെന്നാണ് ബ്രസീൽ പറയുന്നത്. ഖത്തറിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീൽ. മെക്‌സികോ, പോളണ്ട്, സൗദി അറേബ്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അർജന്റീന.

Tags:    
News Summary - Brazil football body rejects World Cup qualifier against Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.