ഡാനി ആൽവെസിന്‍റെ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്സലോണ

ബാഴ്സലോണ: മുൻ ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിന് ആദരമായി നൽകിയ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്സലോണ. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് ക്ലബിന്‍റെ നടപടി.

നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ താരത്തെ നാലു വർഷവും ആറു മാസവുമാണ് തടവിന് ശിക്ഷിച്ചത്. എക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിൽ ഇടംപിടിച്ച ആൽവെസിന് ആദരമായണ് ക്ലബ് ഇതിഹാസ പദവി നൽകിയത്. ക്ലബിന്‍റെ 125 വർഷത്തെ ചരിത്രത്തിൽ 102 താരങ്ങൾക്കു മാത്രമാണ് ഇതിഹാസ പദവി നൽകിയത്. ജോഡി ആൽബ, സെർജിയോ ബുസ്ക്വറ്റ്സ്, ജെറാർഡ് പിക്വെ എന്നിവർക്കാണ് ക്ലബ് അവസാനമായി ഇതിഹാസ പദവി നൽകിയത്.

2022 ഡിസംബർ 31നാണ് ആൽവെസിനെതിരായ കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ 40കാരൻ കഴിഞ്ഞ വർഷം മുതൽ റിമാൻഡിലാണ്. ശിക്ഷാവിധിക്കെതിരെ ആൽവെസിന് അപ്പീൽ നൽകാമെന്ന് താരത്തിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ആൽവെസ് ബ്രസീലിന്‍റെ വിഖ്യാതമായ മഞ്ഞക്കുപ്പായത്തിൽ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം ആറു ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു.

കരിയറിന്‍റെ അവസാന ഘട്ടത്തിൽ മെക്സിക്കൻ ക്ലബായ പ്യൂമാസ് ആൽവെസുമായി കരാറൊപ്പിട്ടിരുന്നു. കേസിൽ കുടുങ്ങി താരം ജയിലിലായതോടെ 2023 ജനുവരിയിൽ ക്ലബ് കരാർ റദ്ദാക്കി.

Tags:    
News Summary - Barcelona withdraws Dani Alves' legend status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.