ഗോളടിച്ച് കൂട്ടി ബാഴ്സ! റയൽ സോസിഡാഡിനെയും തകർത്ത് മുന്നോട്ട്

ലാലീഗയിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാഴ്സലോണ. റയൽ സോസിഡാഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക്  തോൽപ്പിച്ചാണ് ബാഴ്സലോണയുടെ തേരോട്ടം. നിലവിൽ 57 പോയിന്‍റാണ് ബാഴ്സക്കുള്ളത്.

സ്വന്തം തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിൽ ജെറാഡ് മാർട്ടിൻ (25), മാർക്ക് കസേഡോ (29), റൊണാൾഡോ അരാഹോ (56), റോബെർട്ട് ലെവൻഡോവ്സ്‌കി (60) എന്നിവരാണ് കാറ്റാലൻ പടക്ക് വേണ്ടി വലകുലുക്കിയത്. 17-ാം മിനിറ്റിൽ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോൻഡോ ചുവപ്പ് കാർഡ് വാങ്ങി മടങ്ങിയത് മത്സരത്തിൽ നിർണായകമായി. ബാഴ്സ താരം ഡാനി ഓൽമോയെ വീഴ്ത്തിയതിനാണ് അദ്ദേഹത്തിന് ചുവപ്പുകാർഡ് ലഭിച്ചത്. ക്ലത്തിൽ ആളെണ്ണത്തിൽ മേൽക്കൈ ലഭിച്ചത്  ബാഴ്സലോണക്ക് കളി എളുപ്പമാക്കി.

25ാം മിനിറ്റിൽ ജെറാർഡ് മാർട്ടിൻ തൻ്റെ കരിയറിലെ ആദ്യ ഗോൾ നേടിയതോടെ ബാഴ്സ ലീഡ് നേടി. പിന്നാലെ കസാഡോയും ടീമിന് വേണ്ടിയുള്ള തൻ്റെ ആദ്യ ഗോൾ നേടിയതോടെ ഇടവേളക്ക് മുമ്പുതന്നെ ബാഴ്സ രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ റൊണാൾഡ് അറോഹോ ലീഡ് ഉയർത്തി. പിന്നീട് ലെവൻഡോസ്കി സമർഥമായ ഫിനിഷിലൂടെ വിജയം ഉറപ്പിച്ചു. ലെവൻഡോസ്കി ഇതോടെ തന്‍റെ സീസണിലെ ഗോളുകളുടെ എണ്ണം 21 ആയി ഉയർത്തി.

26 മത്സരങ്ങളിൽ നിന്നുമാണ് ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് 57 പോയന്റുള്ളത്. രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിന് 56 പോയന്‍റും മൂന്നാമതുള്ള റയൽ മഡ്രിഡിന് 54 പോയന്‍റുമാണ്.

Tags:    
News Summary - barcelona win for four goal against Real Sociedad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.