എൽക്ലാസിക്കോ സൗഹൃദ പോരിൽ റയൽ തകർന്നു; ബാഴ്സയുടെ ജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്

ടെക്സാസ്: എല്‍ക്ലാസിക്കോ സൗഹൃദ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ തരിപ്പണമാക്കി ബാഴ്‌സലോണ. ടെക്‌സാസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം.

ഔസ്മാനെ ഡെംബലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നിവര്‍ ബാഴ്സക്കായി വലകുലുക്കി. ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗന്‍റെ മിന്നല്‍ സേവുകളും ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായകമായി. റയലിന്‍റെ ഗോളെന്നുറച്ച നാലു ഷോട്ടുകളാണ് സ്‌റ്റേഗന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

പന്തടക്കത്തിലും ഷോട്ടുകളിലും റയൽ ഒരുപിടി മുന്നിൽ നിന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. 29 ഷോട്ടുകളാണ് റയൽ താരങ്ങൾ തൊടുത്തത്. ഇതിൽ അഞ്ചെണ്ണം പോസ്റ്റിനു നേരെയും. ബാഴ്സ ആകെ തൊടുത്തത് 12 ഷോട്ടുകളാണ്. മത്സരത്തിന്‍റെ 15ാം മിനിറ്റില്‍ തന്നെ ഡെംബലെയുടെ ഉജ്ജ്വല ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തി.

പെഡ്രിയാണ് ഗോളിന് വഴിയൊരുക്കിയത്. 20ാം മിനിറ്റിൽ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം റയലിന് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ബോക്സിനുള്ളിൽ ബാഴ്സ താരം റൊണാൾഡ് അരൗജോയുടെ കൈയിൽ പന്ത് തട്ടിയതിന് റഫറി റയലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു.

കിക്കെടുത്ത ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിന് പിഴച്ചു. താരത്തിന്‍റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിച്ചു. 85ാം മിനിറ്റിൽ സെർജി റോബർട്ടോയുടെ അസിസ്റ്റിലൂടെ ഫെര്‍മിന്‍ ലോപ്പസ് ബാഴ്സയുടെ ലീഡ് വർധിപ്പിച്ചു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ബാഴ്സ മൂന്നാമതും റയലിന്‍റെ വല കുലുക്കി. ഫെറാന്‍ ടോറസാണ് ഗോൾ നേടിയത്. ഫെര്‍മിന്‍ ലോപ്പസാണ് ഗോളിന് വഴിയൊരുക്കിയത്. നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് ഇരുവരും ഒരിക്കൽ കൂടി അമേരിക്കയിൽ ഏറ്റുമുട്ടും.

Tags:    
News Summary - Barcelona pull away from Real Madrid in Dallas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.