മയ്യോർക്കയെ മലർത്തിയടിച്ച് ബാഴ്സലോണ രണ്ടാമത്

സ്പാനിഷ് ലാ ലിഗയിൽ ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറി ബാഴ്സലോണ. പതിനാറുകാരൻ ലാമിൻ യമാൽ നേടിയ ഏക ഗോളിന് റയൽ മയ്യോർക്കയെ വീഴ്ത്തിയാണ് ജിറോണയെ പിന്തള്ളി ഒരു സ്ഥാനം മുന്നോട്ടുകയറിയത്.

തുടക്കം മുതൽ ബാഴ്സയുടെ ആക്രമണം കണ്ട മത്സരത്തിൽ 20ാം മിനിറ്റിൽ റഫീഞ്ഞയെ ബോക്സിൽ മയ്യോർക്ക താരം തള്ളിവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഇൽകായ് ഗുണ്ടോഗൻ പാഴാക്കിയതോടെ കറ്റാലൻമാർ സമ്മർദത്തിലായിരുന്നു. വാർ പരിശോധനക്കൊടുവിലായിരുന്നു പെനാൽറ്റി അനുവദിച്ചത്. എന്നാൽ, ഗുണ്ടോഗന്റെ കിക്ക് ഗോൾകീപ്പർ പ്രെഡ്രാഗ് രാജ്കോവിച് ഇടത്തോട്ട് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. റീബൗണ്ടിൽ ലാമിൻ യമാൽ ഓടിയെത്തിയെങ്കിലും കൃത്യമായി കണക്ട് ചെയ്യാനായില്ല.

തുടർന്ന് ജാവോ ഫെലിക്സിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയതും ഗുണ്ടോഗന്റെ ഷോട്ടും കാൻസലോയുടെ തകർപ്പൻ ഹെഡറുമെല്ലാം ഗോൾകീപ്പർ നിർവീര്യമാക്കിയതും ബാഴ്സക്ക് നിരാശ സമ്മാനിച്ചു. ഇതിനിടെ,  മയ്യോർക്കയും പ്രത്യാക്രമണങ്ങളിലൂടെ അവസരങ്ങളൊരുക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാമിൻ യമാലിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാഗുയർന്നിരുന്നു. എന്നാൽ, 73ാം മിനിറ്റിൽ മത്സരത്തിലെ ഏക ഗോൾ പിറന്നു. റോബർട്ട് ലെവൻഡോവ്സ്കി നൽകിയ പന്ത് സ്വീകരിച്ച യമാൽ പ്രതിരോധ താരത്തെ സമർഥമായി വെട്ടിയൊഴിഞ്ഞ ശേഷം ശക്തമായ ഇടങ്കാലൻ ഷോട്ടിലൂടെ പോസ്റ്റിനുള്ളിലാക്കുകയായിരുന്നു.

28 മത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സക്ക് 61 പോയന്റുള്ളപ്പോൾ ഒരു മത്സരം കുറച്ചു കളിച്ച റയൽ മഡ്രിഡ് 66 പോയന്റുമായി ഒന്നാമതും 59 പോയന്റുമായി ജിറോണ തൊട്ടുപിന്നിലുമുണ്ട്. 55 പോയന്റുമായി അത്‍ലറ്റികോ മഡ്രിഡാണ് നാലാം സ്ഥാനത്ത്.

Tags:    
News Summary - Barcelona is second after beating Mallorca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.