എൽ ക്ലാസികോയിൽ റയലിന്റെ വലനിറച്ച് ബാഴ്സ; 15ാം സൂപ്പർ കപ്പ് കിരീടം

ജിദ്ദ: എൽ ക്ലാസികോയിൽ റയൽ മാ​ഡ്രിഡിനെതിരെ തകർപ്പൻ ജയവുമായി ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ജയിച്ച് കയറിയാണ് ബാഴ്സ വീണ്ടും സൂപ്പർ കപ്പിൽ മുത്തമിട്ടത്. ഹാൻസി ഫ്ലിക്കിന്റെ കാലഘട്ടത്തിൽ ആദ്യ കിരീടമാണ് ബാഴ്സലോണ നേടുന്നത്.

കളി തുടങ്ങിയയുടൻ റയൽ മാഡ്രിഡാണ് മു​ന്നിലേക്ക് എത്തിയത്. കിലയൻ എംബാപ്പയിലൂടെയായിരുന്നു റയലിന്റെ മുന്നേറ്റം. എന്നാൽ, എംബാപ്പെയുടെ ഗോളിന് അഞ്ച് വെടിയുണ്ടകൾ റയലിന്റെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയാണ് ബാഴ്സലോണ മറുപടി നൽകിയത്. കറ്റാലൻമാരുടെ ആക്രമണത്തിന് റയലിന് പ്രതിരോധമുണ്ടായില്ല.

എംബാപ്പെ ആദ്യ ഗോൾ നേടിയതോടെ സൗദിയുടെ മണ്ണിൽ റയൽ മാഡ്രിഡ് കിരീടം നേടുമെന്ന തോന്നലുയർന്നുവെങ്കിലും അതിന് മിനിറ്റുകളുടെ മാത്രം ആയുസ്സാണ് ഉണ്ടായത്. 22ാം മിനിറ്റിൽ യുവതാരം ലമിൻ യമാലിലൂടെ ബാഴ്സ തിരിച്ചടിച്ചു. 36ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയുടെ പെനാൽറ്റിയിലൂടെ ബാഴ്സലോണ ലീഡെടുക്കുകയും ചെയ്തു.

ബാഴ്സലോണ ലീഡെടുത്തതിന്റെ ഞെട്ടൽ മാറും മുമ്പ് റയലിന് അടുത്ത പ്രഹരം നൽകി ബാഴ്സ മൂന്നാം ഗോളും നേടി. 39ാം മിനിറ്റിൽ റഫീഞ്ഞ്യയിലൂടെയായിരുന്നു ഗോൾ. ആദ്യ പകുതിയുടെ അധിക സമയത്ത് അലയാൻ​ഡ്രോ ബാൽഡേ കൂടി സ്കോർ ചെയ്തതോടെ ബാഴ്സലോണ 4-1ന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ ബാഴ്സക്ക് ചടങ്ങ് തീർക്കലെ ബാക്കിയുണ്ടായിരുന്നുള്ളു. 48ാം മിനിറ്റിൽ റഫീഞ്ഞ്യ രണ്ടാം ഗോളും നേടി ബാഴ്സയുടെ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി. എന്നാൽ, പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56ാം മിനിറ്റിൽ ബാഴ്സ ഗോൾകീപ്പർ വോയ്സെച് ഷെസ്നി ചുവപ്പുകാർഡ് കണ്ട് പുറത്ത് പോയത് ടീമിന് തിരിച്ചടിയായി.

എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് വലയിലാക്കി റയൽ മാഡ്രിഡ് രണ്ടാം ഗോൾ നേടിയെങ്കിലും പിന്നീട് ബാഴ്സയുടെ വലകുലുക്കാൻ മാഡ്രിഡിന് സാധിച്ചില്ല. അതുവരെ ആക്രമിച്ച കളിച്ച ബാഴ്സലോണ പത്ത് പേരായി ചുരുങ്ങിയതോടെ പ്രതിരോധത്തിലായി. എന്നാൽ, ബാഴ്സയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ റയൽ മാഡ്രിഡിന്  കഴിഞ്ഞതുമില്ല. 

Tags:    
News Summary - Barcelona hand Real Madrid latest El Clasico hammering to claim Supercopa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.