ബാഴ്സലോണ: സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഹാട്രിക്ക് ഗോളുകൾക്കും റയൽ മാഡ്രിഡിനെ രക്ഷിക്കാനായില്ല. സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് (4-3) റയലിനെ വീഴ്ത്തി ബാഴ്സലോണ ലാ ലിഗ കിരീടം ഏറെ കുറേ ഉറപ്പിച്ചു.
ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എറിക് ഗാർഷ്യ (19 മി.), ലാമീൻ യമാൽ (32 മി.), റഫീഞ്ഞ (34, 45 മി.) എന്നിവർ ബാഴ്സക്കായി ഗോൾ നേടിയപ്പോൾ റയലിന്റെ മറുപടി മൂന്നും എംബാപ്പെയുടെ വകയായിരുന്നു,.
ബാഴ്സ കളിമുറ്റത്ത് അഞ്ചാം മിനിറ്റിൽ ആദ്യ ഗോളെത്തി. പെനാൽറ്റി വലയിലെത്തിച്ച് ഫ്രഞ്ച് സൂപർ സ്ട്രൈക്കർ എംബാപ്പെയാണ് അക്കൗണ്ട് തുറന്നത്. കളി കനപ്പിക്കാനുള്ള ബാഴ്സ നീക്കങ്ങൾക്കിടെ എംബാപ്പെ ഒരിക്കലൂടെ വല കുലുക്കി. തകർന്നുപോകുന്നതിന് പകരം ഇരട്ടി ഊർജവുമായി മൈതാനം നിറഞ്ഞ ആതിഥേയർ അഞ്ചു മിനിറ്റിനകം ഒരു ഗോൾ മടക്കി. ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ എറിക് ഗാർസിയയാണ് വല കുലുക്കിയത്. പിന്നെയെല്ലാം ബാഴ്സ മയമായിരുന്നു.
32ാം മിനിറ്റിൽ പതിവ് ഹീറോയിസവുമായി പയ്യൻ യമാൽ റയൽ ഗോളി തിബോ കൊർട്ടുവയെ കാഴ്ചക്കാരനാക്കി. ഒപ്പമെത്തിയ കറ്റാലന്മാർ അവിടെയും നിർത്താതെ ആദ്യ പകുതിയിൽ തന്നെ രണ്ടെണ്ണം കൂടി എതിർവലയിൽ അടിച്ചുകയറ്റി. റഫീഞ്ഞയായിരുന്നു ഇരുവട്ടവും സ്കോറർ. ബാഴ്സക്കായി ഫെറാൻ ടോറസ് അസിസ്റ്റിൽ ഹാട്രിക് കുറിച്ചപ്പോൾ പെഡ്രി മൂന്നാം ഗോളിൽ അസിസ്റ്റ് നൽകി.
കളി കൈവിടാതെ രണ്ടാം പകുതിയിൽ ഉശിരോടെ പൊരുതിയ റയൽ മഡ്രിഡിനായി എംബാപ്പെ തന്റെയും ടീമിന്റെയും മൂന്നാം ഗോൾ കുറിച്ചു. ഇത്തവണയും വിനീഷ്യസ് വകയായിരുന്നു അസിസ്റ്റ്. അവസാന ഘട്ടത്തിൽ ഗോളടിക്കുന്നതിലേറെ പ്രതിരോധവും പ്രത്യാക്രമണവുമായിരുന്നു ബാഴ്സ ലൈൻ. മറുവശത്ത്, എല്ലാം മറന്ന് വിജയം പിടിക്കാൻ സന്ദർശകരും ശ്രമം തുടർന്നു. അതിനിടെ, ഫെർമിൻ ലോപസ് ഒരുവട്ടം കൂടി റയൽ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഇഞ്ചുറി സമയത്തും ഗോൾ പിറക്കാതെ പോയതോടെ ബാഴ്സ പട്ടികയിൽ ലീഡ് ഏഴാക്കി നിലനിർത്തി.
ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള വമ്പന്മാരുടെ പോരാട്ടം ജയിച്ച ബാഴ്സ കിരീടത്തിനരികെയെത്തി. കാർലോ ആഞ്ചലോട്ടി പടിയിറങ്ങുന്ന റയലിന് ഇതോടെ വൻനഷ്ടങ്ങളുടെ സീസണാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.