കരീം ബെൻസേമക്ക് ബാലൻ ദ്യോർ; മികച്ച വനിത താരമായി അലക്സിയ

2022ലെ ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൻ ദ്യോർ പുരസ്കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമക്ക്. ബയേൺ മ്യൂണിക്കിന്റെ സെനഗൽ താരം സാദിയോ മാനെ രണ്ടാമതും മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡിബ്രൂയിൻ മൂന്നാമതുമായി ഇടം പിടിച്ചു. റയലിനായി 46 മത്സരങ്ങളിൽ 44 ഗോളും 15 അസിസ്റ്റും നേടിയ പ്രകടനമാണ് ബെൻസേമയെ ലോക ഫുട്ബാളർമാരുടെ രാജാവാക്കിയത്. ചാമ്പ്യൻസ് ലീഗും ലാലിഗയും റയൽ സ്വന്തമാക്കിയപ്പോൾ ബെൻസേമയായിരുന്നു പടനയിച്ചത്.

മികച്ച വനിത താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെയാസ് തുടർച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ബെത്ത് മീഡ്, സാം കെർ തുടങ്ങിയവരെ പിന്നിലാക്കിയാണ് തുടർച്ചയായ രണ്ടാം തവണയും മികച്ച വനിത താരമായത്. ചാമ്പ്യൻസ് ലീഗിലെ 10 മത്സരങ്ങളിൽ 11 ഗോളുകളാണ് ബാഴ്സ ക്യാപ്റ്റൻ അടിച്ചു കൂട്ടിയത്.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സെൻട്രൽ മിഡ്ഫീൽഡർ ഗാവി സ്വന്തമാക്കി. റയൽ മാ​ഡ്രിഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വാർഡൊ കമവിംഗ, ബയേൺ മ്യൂണിക്കിന്റെ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ജമാൽ മുസിയാല എന്നിവരെ പിറകിലാക്കിയാണ് സ്‍പെയിനിൽനിന്നുള്ള 18കാരൻ ജേതാവായത്.

മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും റോബർട്ട് ലെവൻഡോസ്കി സ്വന്തമാക്കിയപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരത്തിന് റയൽ മാഡ്രിഡിന്റെ ബെൽജിയൻ ഗോൾകീപ്പർ തിബോ കുർട്ടോ അർഹനായി. ബ്രസീൽ ഗോൾകീപ്പർമാരായ ലിവർപൂളിന്റെ അലിസൺ ബെക്കറിനെയും മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സണെയും പിന്തള്ളിയാണ് കുർട്ടോയുടെ നേട്ടം.  മികച്ച ക്ലബിനുള്ള പുരസ്കാരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ലിവർപൂൾ രണ്ടാമതും റയൽ മാഡ്രിഡ് മൂന്നാമതുമെത്തി.

Tags:    
News Summary - Balan D'Or for Karim Benzema; Alexia as the best female player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.