കുതിപ്പ് തുടർന്ന് ആഴ്സണൽ; ക്രിസ്റ്റൽ പാലസിനെതിരെ വമ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്കുള്ള കുതിപ്പ് തുടർന്ന് ആഴ്സണൽ. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ഗണ്ണേഴ്സ് കീഴടക്കിയത്. ലീഗിൽ ടീമിന്റെ തുടർച്ചയായ ആറാം ജയമാണിത്.

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 28ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനല്ലിയുടെ ഗോളോടെയാണ് ആഴ്സണൽ ഗോൾവേട്ട ആരംഭിച്ചത്. താരത്തിന്റെ ശക്തമായ ഇടങ്കാലൻ ഷോട്ട് ക്രിസ്റ്റൽ പാലസിന്റെ വലയിൽ കയറുകയായിരുന്നു. ആറ് ലീഗ് മാച്ചിൽ താരത്തി​ന്റെ ആറാം ഗോളാണിത്. 43ാം മിനിറ്റിൽ ബെൻ വൈറ്റിന്റെ പാസിൽ ബുകായോ സാക ലീഡ് ഇരട്ടിയാക്കി. ഓഫ്സൈഡ് സംശയിച്ച ഗോൾ വിഡിയോ പരിശോധനക്ക് ​ശേഷമാണ് അനുവദിച്ചത്.

55ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാഡിന്റെ അസിസ്റ്റിൽ ഗ്രാനിറ്റ് സാകയും ലക്ഷ്യം കണ്ടതോടെ സ്കോർ 3-0 ആയി. എന്നാൽ, 63ാം മിനിറ്റിൽ ജെഫ്രി ഷ്ലൂപ്പി​ലൂടെ ക്രിസ്റ്റൽ പാലസ് ഒരു ഗോൾ തിരിച്ചടിച്ചു. കോർണറിനെ തുടർന്നുള്ള ക്ലോസ് റേഞ്ച് ഷോട്ട് വലയിലെത്തുകയായിരുന്നു. എന്നാൽ, 74ാം മിനിറ്റിൽ ബുകായോ സാക ഒരിക്കൽ കൂടി ഗോളടിച്ച് ഗണ്ണേഴ്സിന് മൂന്ന് ഗോളിന്റെ മുൻതൂക്കം പുനഃസ്ഥാപിച്ചു. ലീഗിൽ താരത്തിന്റെ പതിമൂന്നാം ഗോളായിരുന്നു ഇത്.

2003-04 സീസണിന് ശേഷം കിരീടം ലക്ഷ്യമിടുന്ന ആഴ്സണലിന് ഇപ്പോൾ 69 പോയന്റാണുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റി 61 പോയന്റുമായി രണ്ടാമതുണ്ട്. ലീഗിൽ ആഴ്സണലിന് 10 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ന്യൂ കാസിൽ യുനൈറ്റഡ് തുടങ്ങിയ വമ്പന്മാരുമായി മത്സരം അവശേഷിക്കുന്നതിനാൽ കിരീടത്തിലേക്കുള്ള വഴികൾ അത്ര എളുപ്പമല്ല. ഏപ്രിൽ ഒന്നിന് ലീഡ്സ് യുനൈറ്റഡുമായാണ് അടുത്ത മത്സരം.

Tags:    
News Summary - Arsenal continues victory; Big win against Crystal Palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.