അരീക്കോട്: കാൽപന്തുകളിക്ക് പേരുകേട്ട അരീക്കോടിന്റെ മണ്ണിൽ ആദ്യമായി ഒരു പ്രഫഷനൽ ഫുട്ബാൾ ക്ലബ്. പരമ്പരാഗത ഫുട്ബാൾ ഗ്രാമമായ അരീക്കോട്ടെ താരങ്ങളുടെയും സംഘാടകരുടെയും നേതൃത്വത്തിലാണ് ഇസ എഫ്.സി അരീക്കോട് എന്ന ക്ലബ് പിറവികൊള്ളുന്നത്. കഴിഞ്ഞ വർഷത്തെ കേരള പ്രീമിയർ ലീഗിലൂടെ ടീമിന്റെ അരങ്ങേറ്റത്തിന് തുടക്കം കുറിച്ചു.
പുതിയ തലമുറക്ക് ഫുട്ബാൾ ലോകത്ത് അവസരങ്ങൾ ഉണ്ടാക്കി നൽകുക ഉൾപ്പെടെയുള്ള ആശയങ്ങളാണ് ക്ലബ് മുന്നോട്ടുവെക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൈനറ്റിക് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാണ് ഇസ എഫ്.സി അരീക്കോടിന്റെ പ്രവർത്തനം. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇത്തവണ ടീം മത്സരങ്ങൾക്ക് ഒരുങ്ങുന്നത്.
ടീമിന്റെ ഒഫിഷ്യൽ ലോഞ്ചിങ് ജൂലൈ 25ന് അരീക്കോട് പംകിൻ ഓഡിറ്റോറിയത്തിൽ നടക്കും. ജഴ്സി പ്രകാശനം, ലോഗോ പ്രകാശനം, ഓഫിസ് ഉദ്ഘാടനം, അനുമോദനം എന്നിവ ഉണ്ടാകും. ഇന്ത്യൻ ഫുട്ബാൾ താരം ആഷിക് കുരുണിയൻ, മശൂർ ശരീഫ്, വി.പി. സുഹൈർ, ആഷിക് ഉസ്മാൻ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും.
കൈനറ്റിക് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ മുഹമ്മദ്കുട്ടി, മാനേജിങ് ഡയറക്ടർ കാഞ്ഞിരാല അബ്ദുൽ കരീം, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.പി.ബി. ഷൗക്കത്ത്, ഡോ. സഫറുല്ല, പി.വി. മുനീർ, സി.ഒ. റാഷീദ് നാലകത്ത്, മുഹമ്മദ് ഫർഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.