അർജന്റീന ഫാൻസ് ഖത്തർ നേതൃത്വത്തിൽ നടത്തിയ ആരാധകസംഗമത്തിൽ ‘ഖത്തർ 2022’ എന്ന തീമിൽ അംഗങ്ങൾ അണിനിരന്നപ്പോൾ
ദോഹ: ലയണൽ മെസ്സിയും സംഘവും ദോഹയിൽ പറന്നിറങ്ങും മുമ്പേ ഖത്തറിന്റെ കളിയാവേശത്തിന് മേൽ നീലാകാശം തീർത്ത് ആരാധകസംഗമം. ഖത്തറിലെ അർജന്റീനക്കാരും എംബസി പ്രതിനിധികളും മുതൽ വിവിധ രാജ്യക്കാരായ അർജന്റീന ആരാധകരും പങ്കെടുത്ത ഒത്തുചേരലിനും ആഘോഷത്തിനും അർജന്റീന ഫാൻസ് ഖത്തർ (എ.എഫ്.ക്യൂ) ആണ് നേതൃത്വം നൽകിയത്.
'നോച്ചെ ദ ഹിൻജാസ്' എന്ന പേരിൽ അതിവിപുലമായ പരിപാടികളോടെ ആസ്പയർ ഡോം വേദിയിലായിരുന്നു അർജന്റീന ഫാൻസ് ഖത്തർ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ. 3000ൽ ഏറെ ആരാധകർ സംഗമത്തിൽ ആഘോഷപൂർവം പങ്കെടുത്തു. ലോകകപ്പിന് വേദിയാവുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അംഗങ്ങൾ അണിനിരന്ന് ഇംഗ്ലീഷ് അക്ഷരമാലയിൽ തീർത്ത 'ഖത്തർ 2022' എന്ന തീം വേറിട്ട അനുഭവമായി മാറി.
ഉച്ച ഒരുമണിക്ക് തുടങ്ങിയ മെഗാ ഫാമിലി ഇവന്റിൽ രണ്ട് മണി മുതൽ ഫുട്ബാൾ കാർണിവൽ എന്ന തീമിൽ നിരവധി മത്സര പരിപാടികൾ ഗ്രൗണ്ടിൽ അരങ്ങേറി.ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന മാർച്ച് പാസ്റ്റിൽ അർജന്റീന, ഖത്തർ ഉൾപ്പെടെ വ്യത്യസ്ത രാജ്യങ്ങളിലെ അർജന്റീന ആരാധകരായ എ.എഫ്.ക്യൂ അംഗങ്ങൾ അണിനിരന്നു. ഖത്തറിലെ അര്‍ജന്റീന അംബാസഡര്‍ ഗിയേര്‍മോ നിക്കോളാസ് പരിപാടി ഉദ്ഘാടനം ചെയ്തു.ആരവങ്ങള്‍ക്ക് ചൂടുപിടിപ്പിക്കാന്‍ ബാന്‍ഡ് ടീമിനൊപ്പം ഡി.ജെയും സംഘാടകര്‍ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.