അർജന്‍റീനക്ക് തിരിച്ചടി; മധ്യനിര താരം ജിയോവാനി ലോസെൽസോ ലോകകപ്പിനുണ്ടാകില്ല

ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അർജന്‍റീനക്ക് തിരിച്ചടിയായി മധ്യനിര താരം ജിയോവാനി ലോസെൽസോയുടെ പരിക്ക്. കണങ്കാലിന് പരിക്കേറ്റ താരത്തിന് ഉടൻ ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ ലോകകപ്പിൽ താരം കളിക്കില്ല.

അർജന്‍റൈൻ പരിശീലകൻ ലിയോണൽ സ്‌കലോണിയുടെ ടീമിലെ സ്ഥിരസാന്നിധ്യമാണ് ലോസെൽസോ. 2021ൽ കോപ്പ അമേരിക്ക നേടിയ അർജന്‍റീനൻ ടീമിലെ നിർണായക താരം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവുമധികം അസിസ്റ്റുകൾ നടത്തിയതും ലയണൽ മെസ്സിക്ക് കൂടുതൽ പാസുകൾ നൽകിയതും ലോസെൽസോയാണ്. ഖത്തറിലെ ലോകകപ്പില്‍ ലോസെൽസോ കളിക്കാത്തത് ടീമിന് വലിയ നഷ്ടമാകും.

ലോസെൽസോ പകരം വെക്കാനില്ലാത്ത താരമാണെന്ന് നേരത്തെ സ്‌കലോണി പ്രതികരിച്ചിരുന്നു. വിഷയത്തിൽ അർജന്‍റൈൻ ഫുട്ബാൾ അസോസിയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകകപ്പിനുള്ള സ്‌ക്വാഡിനെ അർജന്‍റീന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 30ന് ലാ ലിഗയിൽ അത്ലറ്റിക്കോ ബിൽബാവോക്കെതിരെ നടന്ന മത്സരത്തിലാണ് വിയ്യാറയൽ താരമായ ലോസെൽസോക്ക് പരിക്കേൽക്കുന്നത്. തുടർന്ന് താരം ഗ്രൗണ്ട് വിട്ടിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മെഡിക്കൽ വിദഗ്ധരുമായി ഖത്തറിൽ കളിക്കാനുള്ള സാധ്യത തേടിയെങ്കിലും എല്ലാ വഴികളും അടഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടോട്ടൻഹാം താരമായ ലോസെൽസോ വായ്പ അടിസ്ഥാനത്തിലാണ് വിയ്യാറയലിൽ കളിക്കുന്നത്. അതേസമയം, സൂപ്പര്‍താരം ഏഞ്ചൽ ഡി മരിയ ഫിറ്റ്നസ് വീണ്ടെടുത്തത് അര്‍ജന്‍റീനയ്ക്ക് ആശ്വാസമാണ്. ഗ്രൂപ് സിയിലുള്ള അർജന്‍റീനക്ക് നവംബർ 22ന് സൗദ്യ അറേബ്യക്കെതിരെയാണ് ആദ്യ മത്സരം. മെക്സികോ, പോളണ്ട് എന്നിവയാണ് ഗ്രൂപിലെ മറ്റു ടീമുകൾ.

Tags:    
News Summary - Argentina's Lo Celso to miss World Cup due to hamstring injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.