ഒന്നാംപകുതിയിൽ ഒരു​ഗോൾ മാത്രം; അർജന്റീനയെ വീ​റോടെ ചെറുത്ത് ഇന്തോനേഷ്യ

ജക്കാർത്ത: ലയണൽ മെസ്സിയും ഏയ്ഞ്ചൽ ഡി മരിയയും നിക്കോളാസ് ഒടാമെൻഡിയുമില്ലാതെ കളത്തിലിറങ്ങിയ ലോക ചാമ്പ്യന്മാരെ വീറോടെ നേരിട്ട് ദുർബലരായ ഇന്തോനേഷ്യ. ലോകകപ്പിൽ മിന്നിത്തിളങ്ങിയ യുവതാരങ്ങളടങ്ങിയ അർജന്റീനയുമായുള്ള സൗഹൃദ മത്സരം ആദ്യപകുതി പിന്നിടു​മ്പോൾ ഇന്തോനേഷ്യ വഴങ്ങിയത് ഒരു ഗോൾ മാത്രം. ​

ഗോളിയുടെ മികവിനൊപ്പം മുഴുവൻ താരങ്ങളും പ്രതിരോധത്തിൽ പടുകോട്ടകെട്ടാനിറങ്ങിയപ്പോൾ ജൂലിയൻ ആൽവാരെസ് നയിച്ച അർജന്റീന ആക്രമണം ലക്ഷ്യം കാണാതുഴറി. ഒടുവിൽ ഇന്തോനേഷ്യൻ പ്രതിരോധത്തിന്റെ സമസ്ത കണക്കുകൂട്ടലും തെറ്റിച്ചൊരു തകർപ്പൻ ലോങ് റേഞ്ചറിൽ ലിയാൻഡ്രോ പരേഡസ് 38-ാം മിനിറ്റിൽ ആതിഥേയ വലയിലേക്ക് ചാട്ടുളിയെയ്യുകയായിരുന്നു.

സെൻട്രൽ ജക്കാർത്തയിലെ ജെലോറ ബുങ് കർണോ മെയിൻ സ്റ്റേഡിയത്തിൽ മധ്യനിരയെ നയിക്കാൻ റോഡ്രിഗോ ഡി പോളും ആദ്യപകുതിയിൽ കളത്തിലിറങ്ങിയില്ല. ആദ്യ മുക്കാൽ മണിക്കൂറിൽ 79 ശതമാനവും സമയവും പന്ത് ലോക ജേതാക്കളുടെ കാലിലായിരുന്നെങ്കിലും ബോക്സിലേക്ക് കയറിയെത്തുമ്പോൾ ഇന്തോ​നേഷ്യ ഒന്നടങ്കം പ്രതിരോധിക്കാനിറങ്ങു​ന്നതായിരുന്നു കാഴ്ച. കൈമെയ് മറന്ന് ആതിഥേയർ കാവലൊരുക്കിയപ്പോൾ അർജന്റീനക്ക് ആദ്യപകുതിയിൽ എട്ടു കോർണർകിക്കുകളാണ് ലഭിച്ചത്. 15 ഷോട്ടുകളുതിർത്തതിൽ വലയുടെ നേരെയെത്തിയത് നാലെണ്ണം മാത്രം. ഗോളി സുതര്യാദി ഗോ​ളെന്നുറച്ച പല നീക്കങ്ങൾക്കും മുനയൊടിച്ചു. ജിയോവാനി ലോ ചെൽസോയുടെയും ആൽവാരസിന്റെയും പല നീക്കങ്ങളും നിർഭാഗ്യം കൊണ്ട് വലക്കുള്ളിലെത്താതെപോയി. ഇടക്ക് ചില പ്രത്യാക്രമണങ്ങൾ നടത്തി നിറഗാലറിയെ ത്രസിപ്പിക്കാനും ഇന്തോനേഷ്യക്കാർക്ക് കഴിഞ്ഞു.

സീനിയർ തലത്തിൽ ചരിത്രത്തിലാദ്യമായാണ് ഇന്തോനേഷ്യക്കെതിരെ അർജന്റീന കളിക്കാനിറങ്ങിയത്. 1979ൽ അണ്ടർ 19 ലോകകപ്പിൽ ഇതിനുമുമ്പ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ 5-0ത്തിനായിരുന്നു അർജന്റീനയുടെ ജയം. ഇതിഹാസതാരം ഡീഗോ മറഡോണ രണ്ടു ഗോൾ നേടിയ കളിയിൽ റോമൻ ഡയസ് ഹാട്രിക് കുറിച്ചിരുന്നു.

Tags:    
News Summary - Argentina lead through a Paredes long-ranger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.