മെസ്സി ടാറ്റൂ വയലിൽ കൃഷി ചെയ്ത് കർഷകൻ; ആവേശക്കാഴ്ചയിൽ അർജന്റീന

നീണ്ട മൂന്നര പതിറ്റാണ്ടായി രാജ്യം കാത്തിരിക്കുന്ന കാൽപന്തുകിരീടം സമാനതകളില്ലാത്ത വിജയവുമായി ലാറ്റിൻ അമേരിക്കൻ മണ്ണിലെത്തിച്ച വിശ്വനായകന്റെ ആവേശം ഇനിയും അടങ്ങിയിട്ടില്ല, അർജന്റീനയിൽ. കഴിഞ്ഞ ഡിസംബർ 18ന് ലുസൈൽ മൈതാനത്ത് ടീം കിരീടം മാറോടുചേർത്ത ശേഷം തങ്ങളുടെ നായകൻ മെസ്സിയോട് ഇഷ്ടം മൂത്ത് കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ടാറ്റൂ കുത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, ഇത് ശരീരത്തിൽ മാത്രമല്ല, സ്വന്തം കൃഷിപ്പാടത്തുമാകാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കർഷകൻ. അത്യാധുനിക സാ​ങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് തന്റെ വിശാലമായ പാടത്ത് മെസ്സിയുടെ ടാറ്റു ‘വിതച്ചത്’. നാലു ഫുട്ബാൾ മൈതാനത്തിന്റെ വലിപ്പമുള്ള വയലിലെ മെസ്സിയുടെ മുഖം തിരിച്ചറിയാൻ മുകളിൽനിന്ന് നോക്കണം. കൃഷി കൂടുതൽ വളർച്ചയെത്തുന്നതോടെ കൂടുതൽ തെളിമയോടെ പ്രകടമാകും.

അർജന്റീന തലസ്ഥാനമായ ബ്വേനസ് ഐറിസിൽനിന്ന് 500 കിലോമീറ്റർ മാറി ഗ്രാമീണ മേഖലയായ ബാലെസ്​റ്ററോസിലാണ് ചാർലി ഫാരിസെല്ലി എന്ന കർഷകന്റെ പരീക്ഷണം. ഖത്തർ ലോകകപ്പിൽ രാജ്യം എവിടെ വരെയെത്തിയാലും ഇത് ചെയ്യാനായിരുന്നു തീരുമാനമെന്ന് ഫാരിസെല്ലി പറയുന്നു. മെസ്സിക്ക് കാർഷിക ലോകത്തിന്റെ നന്ദി പ്രകടനമാണിതെന്നും ലോകകപ്പ് നേടിയിരുന്നില്ലെങ്കിലും ഇത് നടത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ ഇടത്തും പ്രത്യേകമായി വളരേണ്ട വിത്ത് കണക്കാക്കിയാണ് ടാറ്റു കൃഷി ചെയ്തിരിക്കുന്നത്. ശരീര ഭാഗങ്ങൾ കണക്കാക്കി ഇടതൂർന്നും ചിലയിടത്ത് കുറഞ്ഞും ആയിരിക്കും വിത്തിറക്കുക. വളർച്ചയെത്തുംതോറും ചിത്രത്തിന് കൂടുതൽ തെളിമ ലഭിക്കും. വിത്ത് വിതക്കുന്ന ട്രാക്ടറിന് ഇതേ കുറിച്ച ധാരണ പകർന്നാണ് കൃഷിയെന്ന് കർഷകൻ പറഞ്ഞു. കൂടുതൽ പേർ ഇതേ ടാറ്റു കൃഷി നടത്തണമെന്ന ആഗ്രഹവും കർഷകൻ പങ്കുവെക്കുന്നുണ്ട്. ഇതിനായി മെസ്സി ടാറ്റു കൃഷി നടത്താനുള്ള സോഫ്റ്റ്​വെയറും സമൂഹമാധ്യമത്തിൽ നൽകിയിട്ടുണ്ട്.

അഞ്ചു പ്രവിശ്യകളിലായി നിലവിൽ 25 ഇടത്ത് വയലുകളിൽ മെസ്സി ടാറ്റു വളരുന്നതായും ഫാരിസെല്ലി പറയുന്നു. 

Tags:    
News Summary - Argentina Farmer Plants Lionel Messi "Tattoo" On Corn Field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.