ജയിച്ചുകയറി അർജന്‍റീനയും സ്പെയിനും ജർമനിയും; ഇംഗ്ലണ്ടിന് സമനില

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ വമ്പന്മാരായ അർജന്‍റീന, സ്പെയിൻ, ജർമനി ടീമുകളെല്ലാം ജയിച്ചുകയറിയപ്പോൾ, ഇംഗ്ലണ്ടിനും മൊറോക്കൊക്കും സമനില കുരുക്ക്.

ലോകകകപ്പ് ചാമ്പ്യന്മാരായ അർജന്‍റീന തങ്ങളേക്കാൾ 113 സ്ഥാനങ്ങൾ പിന്നിലുള്ള ആഫ്രിക്കൻ രാജ്യമായ മൗറിത്താനിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം പിടിച്ചത്. ആദ്യ പകുതിയിൽ എൻസോ ഫെർണാണ്ടസ് (17ാം മിനിറ്റിൽ), നികോ പാസ് (32) എന്നിവരാണ് അർജന്‍റീനക്കായി വല കുലുക്കിയത്. ഇൻജുറി സമയത്തിന്‍റെ അവസാന മിനിറ്റിൽ ജോർഡൻ ലെഫോർട്ട (90+4) മൗറിത്താനിയക്കായി ആശ്വാസ ഗോൾ നേടി. ജൂലിയൻ അൽവാരസ്, അലെക്സിസ് മക് അലിസ്റ്റർ, എൻസോ എന്നിവരെല്ലാം പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ, സൂപ്പർ താരം ലയണൽ മെസ്സിക്ക് ബെഞ്ചിലായിരുന്നു സ്ഥാനം. 46ാം മിനിറ്റിലാണ് മെസ്സി കളത്തിലിറങ്ങിയത്.

അർജന്‍റീനക്കായി നികോ പാസിന്‍റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് മത്സരത്തിൽ നേടിയത്. ബോക്സിനു മുന്നിൽനിന്നുള്ള ഫ്രീകിക്ക് പ്രതിരോധ മതിലിനെയും ഗോളിയെയും മറികടന്ന് താരം ലക്ഷ്യത്തിലെത്തിച്ചു. ജർമനി മൂന്നിനെതിരെ നാലുഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തോൽപിച്ചു. ഫ്ലോറിയാൻ വിർട്സ് ഇരട്ട ഗോളുകളുമായി തിളങ്ങി. 61, 85 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ജൊനാഥൻ താ (26), സെർജ് നാബ്രി (45+2) എന്നിവരും ലക്ഷ്യംകണ്ടു. എൻഡോയെ (17), എംബോളോ (41), മോന്‍റീറോ (79) എന്നിവരാണ് സ്വിസ് ടീമിനായി വലകുലുക്കിയത്.

സ്പെയിൻ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സെർബിയയെ തരിപ്പണമാക്കി. മൈക്കൽ ഒയർസബാൽ രണ്ടു തവണ വലകുലുക്കി. 14, 44 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ലമീൻ യമാൽ, ലോപസ്, റോഡ്രി, പെഡ്രി തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. 72ാം മിനിറ്റിൽ വിക്ടർ മുനോസും ലക്ഷ്യംകണ്ടു. നെതർലൻഡ്സ് 2-1ന് നോർവയെ പരാജയപ്പെടുത്തി. വെർജിൽ വാൻ ഡെയ്ക് (35), റെയ്ൻഡേഴ്സ് (51) എന്നിവരാണ് നെതർലൻഡിനായി ഗോൾ നേടിയത്. പരാഗ്വെ 1-0ത്തിന് ഗ്രീസിനെ തോൽപിച്ചു. ഇംഗ്ലണ്ടും യുറുഗ്വായിയും 1-1 സ്കോറിൽ സമനിലയിൽ പിരിയുകയായിരുന്നു. ബെഞ്ചമിൻ വൈറ്റിലൂടെ ഇംഗ്ലീഷുകാരാണ് ആദ്യം ലീഡെടുത്തത്. ഇൻജുറി സമയത്തിന്‍റെ അവസാന മിനിറ്റിൽ (90+4) ലഭിച്ച പെനാൽറ്റി ഫെഡറികോ വാൽവർദെ വലയിലാക്കി സമനില പിടിച്ചു.

Tags:    
News Summary - Argentina dispatch spirited Mauritania in friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.