ദോഹ: കാത്തുകാത്തിരുന്ന് ലോകകപ്പ് അരികിലെത്തി. വർഷങ്ങളും മാസങ്ങളും പിന്നിട്ട കൗണ്ട് ഡൗണിനൊടുവിൽ ഇനി മണിക്കൂറുകളുടെ ദൂരമേയുള്ളൂ. മാച്ച് ടിക്കറ്റെടുത്ത് കളി കാണാൻ സ്റ്റേഡിയത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നവർ തങ്ങളുടെ യാത്ര കൃത്യമായി തന്നെ ആസൂത്രണം ചെയ്യണമെന്ന് സംഘാടക സമിതി നിർദേശിക്കുന്നു. ഉദ്ഘാടന മത്സരം നടക്കുന്ന നവംബർ 20ന് ഖത്തർ-എക്വഡോർ മത്സരം മാത്രമേ ഉണ്ടാകൂ. രാത്രി ഏഴിന് അൽ ബെയ്ത് സ്റ്റേഡിയമാണ് ലോകകപ്പിന്റെ ഉദ്ഘാടന വേദി.
ലോകകപ്പിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകൾക്ക് സമീപം തയാറാക്കിയ 'ക്യൂ' സംവിധാനം
അതേസമയം, നവംബർ 21 മുതൽ ഡിസംബർ രണ്ടു വരെ പ്രതിദിനം നാലു മത്സരങ്ങൾ വരെ നടക്കുമെന്നും ആരാധകർ കൃത്യസമയത്ത് സ്റ്റേഡിയങ്ങളിലെത്തണമെങ്കിൽ ഗതാഗത സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
ഖത്തറിലുള്ളവർ സ്റ്റേഡിയത്തിലേക്ക് സ്വന്തം വാഹനവുമായി എത്തുന്നതാണ് ഉചിതമെന്നും ഖത്തറിന് പുറത്തുനിന്നുള്ളവർ ദോഹ മെട്രോ, ബസ് സർവിസുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കണമെന്നും സംഘാടകർ അറിയിച്ചു. സ്റ്റേഡിയങ്ങളിൽനിന്നും തിരിച്ചുമുള്ള യാത്രക്ക് ഏറ്റവും അനുയോജ്യം സ്റ്റേഡിയം എക്സ്പ്രസ് ബസുകളായിരിക്കും.
അഞ്ചു സ്റ്റേഡിയങ്ങളിലേക്ക് നേരിട്ടും മൂന്നു സ്റ്റേഡിയങ്ങളിലേക്ക് ഷട്ടിൽ ബസ് സർവിസുകളുമായും ദോഹ മെട്രോ സർവിസ് ബന്ധിപ്പിച്ചിരിക്കുന്നു.അഹ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ, ലുസൈൽ, സ്റ്റേഡിയം 974 എന്നീ സ്റ്റേഡിയങ്ങളുമായാണ് ദോഹ മെട്രോ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നത്.
ഈ സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയതിനുശേഷം നടക്കാവുന്ന ദൂരം മാത്രമേയുണ്ടാകൂ.ഉദ്ഘാടന മത്സരമുൾപ്പെടെ നടക്കുന്ന അൽബെയ്ത്, വക്റയിലെ അൽജനൂബ്, അൽ തുമാമ സ്റ്റേഡിയങ്ങളിലേക്ക് സ്റ്റേഡിയവുമായി ഏറ്റവുമടുത്ത മെട്രോ സ്റ്റേഷനുകളിൽനിന്ന് ഷട്ടിൽ ബസ് സർവിസ് ഉണ്ടായിരിക്കും.
ലുസൈൽ സൂപ്പർ കപ്പ് വേളയിൽ സ്റ്റേഡിയത്തിനു പുറത്ത് കലാവിരുന്ന് ആസ്വദിക്കുന്നകാണികൾ
ബർവ മദീനത്ന
സൂഖ് വാഖിഫ് നോർത്ത്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ് ബേ, ബർവ ബറാഹത്, അൽ ജനൂബ് എന്നീ അഞ്ചിടങ്ങളിൽ നിന്നായിരിക്കും സ്റ്റേഡിയം എക്സ്പ്രസ് ബസ് സർവിസ് പ്രവർത്തിക്കുക. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുവരുന്നതിനും ഈ സർവിസ് ഉപയോഗപ്പെടുത്താം.
ഖത്തറിലെ താമസക്കാർ സ്വന്തം വാഹനത്തിലായിരിക്കണം സ്റ്റേഡിയത്തിലേക്ക് എത്തേണ്ടത്. എന്നാൽ, കാറിലെത്തുന്നവർ വാഹനം പാർക്ക് ചെയ്ത് 20 മിനിറ്റ് നടക്കാനുള്ള ദൂരം കണക്കാക്കിവേണം യാത്ര ആസൂത്രണം ചെയ്യാൻ.
എജുക്കേഷൻ സിറ്റി, സ്റ്റേഡിയം 974, ലുസൈൽ എന്നിവിടങ്ങളിലാണ് പാർക്ക് ആൻഡ് റൈഡ് സേവനം ലഭ്യമാകുക. എജുക്കേഷൻ സിറ്റിയിൽ പാർക്ക് ആൻഡ് റൈഡ് ഏരിയകളിൽ ട്രാം ഉപയോഗിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
എട്ടു സ്റ്റേഡിയങ്ങൾക്ക് സമീപത്തും ഡ്രോപ് ഓഫ്, പിക് അപ് സ്പോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ടാക്സി വാഹനങ്ങളിലെത്തുന്നവരും ലക്ഷ്യസ്ഥാനത്തിറങ്ങിയതിനുശേഷം 20 മിനിറ്റ് നടക്കാനുള്ള സമയം കണക്കാക്കി യാത്ര പ്ലാൻ ചെയ്യുന്നതായിരിക്കും ഉത്തമം.
എല്ലാ ഗതാഗത സേവനങ്ങളും മത്സരം തുടങ്ങുന്നതിന് നാലു മണിക്കൂർ മുമ്പ് ആരംഭിക്കുമെന്നും മത്സരം അവസാനിച്ച് 1.5 മണിക്കൂർ വരെ ഈ സേവനങ്ങൾ തുടരുമെന്നും ആരാധകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
കാറിലും മെട്രോയിലും ബസുകളിലുമായി ഏത് മാർഗം ഉപയോഗിച്ച് കളി കാണാനെത്തുന്നവരും 10 -15 മിനിറ്റ് ദൂരമെങ്കിലും നടന്നുവേണം സ്റ്റേഡിയത്തിലെത്താൻ.അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രയിലുടനീളം കുടിവെള്ളം കൈവശം വെക്കണമെന്നും വ്യക്തമാക്കി.
സ്റ്റേഡിയങ്ങൾക്കു പുറത്തെ ക്യൂ മാനേജ്മെൻറ് സംവിധാനം
സ്റ്റേഡിയം - മെട്രോ സ്റ്റേഷൻ-ദൂരം എന്നീ ക്രമത്തിൽ
അഹ്മദ് ബിൻ അലി സ്റ്റേഡിയം - അൽ റിഫ സ്റ്റേഷൻ (ഗ്രീൻ ലൈൻ) - 10+ മിനിറ്റ് നടത്തം
എജുക്കേഷൻ സിറ്റി - എജുക്കേഷൻ സിറ്റി (ഗ്രീൻ ലൈൻ) - 10+ മിനിറ്റ് നടത്തം
ഖലീഫ സ്റ്റേഡിയം - സ്പോർട്സ് സിറ്റി (ഗോൾഡ് ലൈൻ) - 10+ മിനിറ്റ് നടത്തംലുസൈൽ സ്റ്റേഡിയം - ലുസൈൽ ക്യു.എൻ.ബി (റെഡ് ലൈൻ) - 15+ മിനിറ്റ് നടത്തം
സ്റ്റേഡിയം 974 - റാസ് ബു അബൂദ് (ഗോൾഡ് ലൈൻ) - 15+ മിനിറ്റ് നടത്തം
അൽ ബെയ്ത് - ലുസൈൽ ക്യു.എൻ.ബി(റെഡ് ലൈൻ)- 25+ മിനിറ്റ് ഷട്ടിൽ ബസ്, ശേഷം 15 മിനിറ്റ് നടത്തം
അൽ ജനൂബ് - അൽ വക്റ (റെഡ് ലൈൻ) - 25+ മിനിറ്റ് ഷട്ടിൽ ബസ്, ശേഷം 10 മിനിറ്റ് നടത്തം
അൽ തുമാമ - ഫ്രീസോൺ (റെഡ് ലൈൻ) - 20+ മിനിറ്റ് ഷട്ടിൽ ബസ്, ശേഷം 25 മിനിറ്റ് നടത്തം
സ്റ്റേഡിയം എക്സ്പ്രസ് ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.