കൊച്ചി: ചൊവ്വാഴ്ച പഞ്ചാബ് അമൃത്സറിൽ നടക്കുന്ന നാഷനൽ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിലെ പരാജയത്തിൽ വിഷമിച്ചിരിക്കുമ്പോഴാണ് കേരള ടീമിലെ പ്രതിരോധ താരം പാർത്ഥസാരഥി എസ്. രാജേഷിനെത്തേടി ആ സന്തോഷ വാർത്തയെത്തിയത്. എ.ഐ.എഫ്.എഫുമായി സഹകരിച്ച് ഫിഫ ഒരുക്കുന്ന ഹൈദരാബാദിലെ ടാലൻറ് അക്കാദമിയിലേക്ക് അണ്ടർ-14 വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ കൗമാരതാരം.
ചാമ്പ്യൻഷിപ്പിൽ വിജയപ്രതീക്ഷയോടെ മത്സരിക്കുന്ന കേരള ടീം തിരിച്ചെത്തി വൈകാതെ പാർത്ഥസാരഥിക്ക് ഹൈദരാബാദിലെ ഗച്ചിബോളി സ്റ്റേഡിയം കോംപ്ലക്സിലെ അക്കാദമിയിൽ എത്തണം. ഉള്ളിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഫിഫ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്ന വിവരം കേട്ടപ്പോൾ ഏറെ സന്തോഷമായെന്ന് എറണാകുളം ഏലൂർ സ്വദേശിയായ പാർത്ഥസാരഥി പറയുന്നു. രാജ്യത്തെ ഏറ്റവും മികച്ച 21 താരങ്ങളെയാണ് വിവിധ ട്രയൽസ് ഉൾപ്പെടെ നീണ്ട പ്രക്രിയയിലൂടെ തെരഞ്ഞെടുത്തത്.
നാലുവർഷം മുമ്പാണ് എറണാകുളം മഞ്ഞുമ്മൽ ഗാർഡിയൻ ഏഞ്ചൽസ് സ്കൂളിനോട് ചേർന്നുള്ള ഗാർഡിയൻ ഏഞ്ചൽസ് ഫുട്ബാൾ അക്കാദമിയിൽ പാർത്തു എന്നുവിളിക്കുന്ന പാർത്ഥസാരഥി ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിക്കാൻ എത്തുന്നത്. അവിടത്തെ പരിശീലകനായ സുബോധ് സുകുൽ ഒറ്റനോട്ടത്തിൽതന്നെ പാർത്തുവിന്റെ ഉള്ളിലെ പ്രതിഭ തിരിച്ചറിഞ്ഞു. പാർത്ഥസാരഥിയെക്കൂടാതെ മൂന്ന് മലയാളി താരങ്ങൾകൂടി അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫിഫയുടെ വിദേശ താരങ്ങളാണ് ഇവർക്ക് പരിശീലകരായി എത്തുക. ഫാർമസ്യൂട്ടിക്കൽ കമ്പനി ഉദ്യോഗസ്ഥനായ ഏലൂർ ഡിപ്പോക്ക് സമീപം ‘കുടജാദ്രി’യിൽ കെ.എസ്. രാജേഷിന്റെയും സ്നേഹയുടെയും മകനാണ്. മാതാപിതാക്കളുടെ പൂർണപിന്തുണയും ഏക മകനായ പാർത്തുവിന് കാൽപന്തുകളിയിൽ പ്രചോദനം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.